സ്‌പിൻ വാഴും ദുബായ് കളം ; ചാമ്പ്യൻസ് ട്രോഫി ഫെെനൽ നാളെ

ദുബായ് : ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജേതാക്കളെ നിർണയിക്കുന്നത് സ്‌പിൻ ബൗളർമാരായിരിക്കും. നാളെ ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ പകൽ 2.30ന് ഇന്ത്യയും ന്യൂസിലൻഡും മുഖാമുഖം വരുമ്പോൾ പിച്ച് സ്‌പിന്നർമാരെ തുണയ്‌ക്കുമെന്നാണ് കരുതുന്നത്. ഇന്ത്യ നാല് സ്‌പിന്നർമാരെ അണിനിരത്തും.
നാലു കളിയിലും സ്‌പിൻ ബൗളർമാരുടെ പ്രകടനം മികച്ചതായിരുന്നു. 21 വിക്കറ്റുകളാണ് സ്‌പിന്നർമാർ നേടിയത്. വരുൺ ചക്രവർത്തിയാണ് അതിൽ പ്രധാനി. മൂന്ന് ഏകദിനംമാത്രം കളിച്ചിട്ടുള്ള വലംകൈയൻ ബൗളറുടെ വൈവിധ്യമുള്ള പന്തുകളാണ് എതിരാളിയുടെ ഉറക്കംകെടുത്തുന്നത്. ഈ ടൂർണമെന്റിൽ രണ്ടു കളിയിലാണ് ആകെ ഇറങ്ങിയത്. ഏഴ് വിക്കറ്റ് സ്വന്തമാക്കി. അതിൽ ന്യൂസിലൻഡിനെതിരെ ഗ്രൂപ്പ് മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനമുണ്ട്. ആ കളിയിൽ മാൻ ഓഫ് ദ മാച്ചുമായി. 33 വയസ്സുള്ള സ്‌പിന്നറുടെ തിരിയുന്ന പന്തുകൾ നിർണായകമാകും.
അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റ് സ്‌പിന്നർമാർ. അക്‌സറിനും കുൽദീപിനും അഞ്ച് വിക്കറ്റ് വീതമുണ്ട്. ജഡേജ നാല് വിക്കറ്റ് നേടി. മധ്യഓവറുകളിൽ ഇവരുടെ മിടുക്കിലാണ് ഇന്ത്യ കളി പിടിക്കുന്നത്. എതിരാളിയുടെ റണ്ണൊഴുക്ക് തടയാനും സ്--പിന്നർമാർ സഹായിക്കുന്നുണ്ട്. ഫെെനലിലും ഇത് ആവർത്തിക്കാമെന്നാണ് പ്രതീക്ഷ.
കിവീസ് നിരയിൽ പന്ത് തിരിക്കാൻ മുന്നിലുള്ളത് ക്യാപ്‌റ്റൻ മിച്ചൽ സാന്റ്‌നെറാണ്. നാലു കളിയിൽ ഏഴ് വിക്കറ്റുണ്ട്. ഈ ഇടംകൈയൻ സ്‌പിന്നർക്ക് ഇന്ത്യക്കെതിരെ 23 കളിയിലെ പരിചയമുണ്ട്. മിച്ചൽ ബ്രേസ്‌വെലാണ് സഹായി. ബ്രേസ്‌വെൽ ആറ് വിക്കറ്റ് നേടി.
മാറ്റ് ഹെൻറി സംശയത്തിൽ
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് ഇറങ്ങുംമുമ്പ് ന്യൂസിലൻഡിന് ആശങ്ക. പ്രധാന പേസർ മാറ്റ് ഹെൻറി കളിക്കുന്ന കാര്യം സംശയത്തിലായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിയിൽ ഫീൽഡിങ്ങിനിടെ വലതുതോളിന് പരിക്കേറ്റിരുന്നു. ഇത് മാറിയില്ലെന്നാണ് സൂചന. സ്‌കാനിങ് റിപ്പോർട്ട് പരിശോധിച്ചാകും ഫൈനൽ കളിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് ന്യൂസിലൻഡ് കോച്ച് ഗാരി സ്റ്റഡ് പറഞ്ഞു. ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണ് വലംകൈയൻ പേസറായ ഹെൻറിക്ക്. 11 ഇന്നിങ്‌സിൽ 21 വിക്കറ്റുണ്ട്.









0 comments