ബംഗ്ലാ ശൗര്യം ; നാല് വിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു


Sports Desk
Published on Sep 21, 2025, 03:25 AM | 1 min read
ദുബായ്
ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശ് നാല് വിക്കറ്റിന് ശ്രീലങ്കയെ കീഴടക്കി. സെയ്‌ഫ് ഹസന്റെയും(61) തൗഹീദ് ഹൃദോയിയുടെയും(58) ഇന്നിങ്സുകൾ വിജയത്തിൽ നിർണായകമായി.
സ്‌കോർ: ശ്രീലങ്ക 168/7, ബംഗ്ലാദേശ് 169/6(19.5)
ദാസുൻ ഷനകയെറിഞ്ഞ അവസാന ഓവറിൽ ബംഗ്ലാദേശിന് ജയിക്കാൻ അഞ്ച് റൺ മതിയായിരുന്നു. എന്നാൽ രണ്ട് വിക്കറ്റെടുത്ത് ദാസുൻ ഷനക സമ്മർദത്തിലാക്കി. ഒരു പന്ത് ശേഷിക്കെ ഷമീം ഹുസൈനും(14) നസും അഹമ്മദും(1) പുറത്താകാതെ വിജയമൊരുക്കി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ദ്വീപുകാർക്കായി 37 പന്തിൽ 64 റണ്ണുമായി പുറത്താകാതെ തകർത്തടിച്ച ഷനകയാണ് സ്‌കോർ ഉയർത്തിയത്. ആറ് സിക്‌സറും മൂന്ന് ഫോറും ഉൾപ്പെട്ടതായിരുന്നു ഇന്നിങ്സ്. ഓപ്പണർമാരായ കുശാൽ മെൻഡിസും(34) പതും നിസങ്കയും(22) നല്ല തുടക്കമാണ് നൽകിയത്. ബംഗ്ലാദേശിനുവേണ്ടി മുസ്‌തഫിസുർ റഹ്‌മാൻ മൂന്ന് വിക്കറ്റ് നേടി. മഹെദി ഹസൻ രണ്ട് വിക്കറ്റെടുത്തു. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ശ്രീലങ്ക ആറ് വിക്കറ്റിന് ജയിച്ചിരുന്നു.









0 comments