'വിജയഹീലി'; ഓസീസിന് തകർപ്പൻ ജയം

വിശാഖപട്ടണം : ക്യാപ്‌റ്റനും ഓപ്പണറുമായ അലിസാ ഹീലിയുടെ തകർപ്പൻ സെഞ്ചുറി ഇന്ത്യയുടെ കഥ കഴിച്ചു. 661 റൺ പിറന്ന മത്സരം ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് ജയിച്ചു. ഏകദിനത്തിൽ പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണ്. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ തോൽവി അറിയാതെ ഓസീസ് ഒന്നാമതായി കുതിച്ചു. 107 പന്തിൽ 142 റണ്ണുമായി ഇന്ത്യൻ ബൗളർമാരെ തച്ചുടച്ച ഹീലി 21 ഫോറും മൂന്ന് സിക്‌സറും കണ്ടെത്തി. നാല് കളിയിൽ ഇന്ത്യയുടെ രണ്ടാം തോൽവിയാണ്.
സ്‌കോർ: ഇന്ത്യ 330(48.5), ഓസീസ് 331/7(49).
പരിക്കിനെ തുടർന്ന് കളംവിട്ട എല്ലിസെ പെറി(47) തിരിച്ചെത്തി സിക്‌സറടിച്ചാണ് വിജയമുറപ്പിച്ചത്. ഒരോവർ ശേഷിക്കെ ഓസീസ് ലക്ഷ്യംകണ്ടതിനുപിന്നാലെ സ്‌റ്റേഡിയത്തിൽ മഴപെയ്‌തു. ഫീബി ലിച്ച്‌ഫീൽഡ്(40), ആഷ്‌ലി ഗാർഡ്‌നർ(45) എന്നിവർ കൂറ്റൻ സ്‌കോറിലേക്കുള്ള യാത്രയിൽ കാര്യമായ സംഭാവന നൽകി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റെടുത്ത ഇന്ത്യക്കായി ഓപ്പണർമാർ തകർപ്പൻ തുടക്കമാണ് നൽകിയത്. സ്‌മൃതി മന്ദാനയും പ്രതിക റാവലും ചേർന്ന് 155 റണ്ണടിച്ചുകൂട്ടി. ഇരുപത്തഞ്ചാം ഓവറിലാണ് ഇൗ കൂട്ടുകെട്ട് പിരിയുന്നത്.
സ്‌മൃതി 88 പന്തിൽ 80 റണ്ണെടുത്തു. ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടിച്ചാണ് മടക്കം. പ്രതിക 96 പന്തിൽ 75 റൺ നേടി. അതിൽ 10 ഫോറും ഒരു സിക്‌സറുമുണ്ട്. ഹർലിൻ ഡിയോൾ(38), ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ(22), ജെമീമ റോഡ്രിഗസ്(33) റിച്ചാഘോഷ്(32) എന്നിവർ സ്‌കോർ ഉയർത്തി.
എന്നാൽ, തുടക്കത്തിലെ റണ്ണൊഴുക്ക് തുടരാൻ ബാറ്റർമാർക്കായില്ല. ആറ് ഓവറിൽ 36 റണ്ണെടുക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകൾ നിലംപൊത്തി. അഞ്ച് വിക്കറ്റുമായി അന്നബെൽ സതർലാൻഡ് തിളങ്ങി. സോഫി മോളിന്യൂക്‌സിന് മൂന്ന് വിക്കറ്റുണ്ട്.
വേഗത്തിൽ 5000; മന്ദാനയ്‌ക്ക് റെക്കോഡ്
വിശാഖപട്ടണം
ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീം വൈസ് ക്യാപ്‌റ്റൻ സ്‌മൃതി മന്ദാന റണ്ണടി തുടരുന്നു. ഏകദിനത്തിൽ ഒരു കലണ്ടർ വർഷം ആയിരം റൺ തികയ്‌ക്കുന്ന ആദ്യ കളിക്കാരിയായി. ആകെ 5000 റണ്ണും തികച്ചു. ഇൗ നേട്ടം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം. 112 ഇന്നിങ്‌സിലാണ് നേട്ടം. ഇതും റെക്കോഡാണ്. പ്രായം കുറഞ്ഞ താരവുംകൂടിയാണ്.









0 comments