ഏഷ്യൻ പോരിന് ഇന്ത്യ: ഇന്ന് രാത്രി യുഎഇയോട്

ദുബായ്
: ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഇന്ന് കളത്തിൽ. ആതിഥേയരായ യുഎഇയാണ് എതിരാളി. ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി.
ട്വന്റി20യിൽ വലിയൊരു ഇടവേളയ്‌ക്കുശേഷമാണ് ഇന്ത്യ കളത്തിലെത്തുന്നത്. അടുത്ത വർഷത്തെ ലോകകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ഇൗ ലോകകപ്പ്. അതേസമയം മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ ഇന്ന് കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.
ട്വന്റി20യിൽ പുതിയൊരു തുടക്കത്തിനാണ് ഇന്ത്യ -ഒരുങ്ങുന്നത്. ടെസ്‌റ്റ് ടീം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ തിരിച്ചെത്തിയതാണ് ശ്രദ്ധേയ കാര്യം. വൈസ് ക്യാപ്‌റ്റനായി എത്തുന്ന ഗിൽ, അഭിഷേക് ശർമയ്‌ക്കാെപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്‌തേക്കും.
അങ്ങനെ സംഭവിച്ചാൽ സഞ്‌ജുവിന്റെ സ്ഥാനം തെറിക്കാനാണ് സാധ്യത. മധ്യനിരയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. തിലക് വർമ, ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്, വിക്കറ്റ് കീപ്പർ ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെയായിരിക്കും ബാറ്റിങ് നിര.
കഴിഞ്ഞ വർഷം മൂന്ന് സെഞ്ചുറികളുമായാണ് സഞ്‌ജു കളം നിറഞ്ഞത്. എന്നാൽ അവസാനം നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ തീർത്തും മങ്ങി. അവസാന കളിയിൽ പരിക്കേറ്റ മുപ്പതുകാരന് രാജസ്ഥാൻ റോയൽസിനൊപ്പമുള്ള ആദ്യ മത്സരങ്ങൾ നഷ്ടമാകുകയും ചെയ്‌തു. എങ്കിലും ഭേദപ്പെട്ട പ്രകടനമായിരുന്നു ശേഷിക്കുന്ന മത്സരങ്ങളിൽ പുറത്തെടുത്തത്. കേരള ക്രിക്കറ്റ് ലീഗിൽ ഓപ്പണറായി ഇറങ്ങി ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും കുറിച്ചു. നിലവിലെ സാഹചര്യത്തിൽ സഞ്‌ജുവിന് ആദ്യ പതിനൊന്നിൽ ഇടംകിട്ടാൻ സാധ്യത കുറവാണ്.
മുഖ്യ സെലക്ടർ അജിത് അഗാർക്കർ സഞ്‌ജു കളിച്ചേക്കില്ലെന്ന സൂചന നൽകുകയും ചെയ്‌തു. അതേസമയം, പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണ മലയാളി താരത്തിന് അനുകൂലമാകുമോ എന്ന് കണ്ടറിയണം.
മൂന്ന് സ്‌പിന്നർമാരുമായാണ് ഇന്ത്യ കളിക്കുക. അക്‌സർ പട്ടേലിനൊപ്പം കുൽദീപ് യാദവും വരുൺ ചക്രവർത്തിയും കളിച്ചേക്കും. പേസ് നിരയിൽ ജസ്‌പ്രീത് ബുമ്രയ്‌ക്കൊപ്പം ഹർഷിത് റാണ ഇടംപിടിച്ചേക്കും. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയായിരിക്കും മൂന്നാം പേസർ.
മറുവശത്ത്, ബംഗ്ലാദേശിനെതിരെ ചരിത്രജയം സ്വന്തമാക്കിയാണ് യുഎഇ എത്തുന്നത്. ചരിത്രത്തിലാദ്യമായി അവർ ബംഗ്ലാദേശിനെതിരെ ട്വന്റി പരമ്പര സ്വന്തമാക്കി.
സാധ്യതാ ടീം
ഇന്ത്യ: അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
യുഎഇ: മുഹമ്മദ് വസീം (ക്യാപ്‌റ്റൻ), അലിഷാൻ ഷറഫു, രാഹുൽ ചോപ്ര, ആസിഫ് ഖാൻ, മുഹമ്മദ് ഫാറൂഖ്, ഹർഷിത് കൗശിക്, മുഹമ്മദ് സൊഹൈബ്, മുഹമ്മദ് ജവാദുള്ള, ഹയ്‌ദെർ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് റോഹിദ്.









0 comments