യുഎഇ 57 (13.1) ഇന്ത്യ 60/1 (4.3)
ഒറ്റ മിന്നൽ ; ഇന്ത്യൻ ജയം 27 പന്തിൽ

ദുബായ്
മിന്നൽവേഗത്തിൽ ജയംകുറിച്ച് ചാമ്പ്യൻമാർ തുടങ്ങി. ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ കളിയിൽ യുഎഇയെ ഒമ്പത് വിക്കറ്റിന് തീർത്താണ് ഇന്ത്യയുടെ തുടക്കം. 13.1 ഓവറിൽ യുഎഇയെ 57 റണ്ണിന് എറിഞ്ഞൊതുക്കിയ സൂര്യകുമാർ യാദവിന്റെ സംഘം കേവലം 27 പന്തിൽ ജയം അടിച്ചെടുത്തു.
നാല് വിക്കറ്റുമായി കളിയിലെ താരമായ സ്‌പിന്നർ കുൽദീപ് യാദവും മൂന്ന് വിക്കറ്റോടെ മീഡിയം പേസർ ശിവം ദുബെയും കളംനിറഞ്ഞപ്പോൾ യുഎഇ ബാറ്റിങ് നിര തകർന്നു. പത്ത് റണ്ണിനാണ് അവസാന എട്ട് വിക്കറ്റ് നിലംപതിച്ചത്.
മറുപടിക്കെത്തിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റണ്ണടിച്ചാണ് ആധികാരിക ജയം സ്വന്തമാക്കിയത്. ഓപ്പണർമാരായ അഭിഷേക് ശർമയും (16 പന്തിൽ 30), ശുഭ്‌മാൻ ഗില്ലും (6 പന്തിൽ 20*) കാര്യങ്ങൾ എളുപ്പമാക്കി. മത്സരം 17.4 ഓവറിൽ അവസാനിച്ചു.
ഏഷ്യാ കപ്പിലെ ഏറ്റവും മോശം സ്‌കോറിനാണ് യുഎഇ പുറത്തായത്. ട്വന്റി 20യിൽ ഇന്ത്യക്കെതിരെയുള്ള ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറുമാണിത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ പത്ത് റണ്ണടിച്ചായിരുന്നു യുഎഇയുടെ തുടക്കം. ആദ്യ വിക്കറ്റിൽ 26 റണ്ണെടുത്തു. നാലാം ഓവറിൽ അലിഷാൻ ഷറ-ഫുവിനെ (17 പന്തിൽ 22) ജസ്‌പ്രീത് ബുമ്ര ബൗൾഡാക്കി. അടുത്ത ഓവറിൽ മുഹമ്മദ് സൊഹൈബിനെ (2) വരുൺ ചക്രവർത്തിയും പുറത്താക്കി. പവർപ്ലേ പൂർത്തിയാകുമ്പോൾ രണ്ടിന് 41 റണ്ണെന്ന നിലയിലായിരുന്നു. എട്ടോവറിൽ 47/2. ശേഷമായിരുന്നു കൂട്ടത്തകർച്ച.
ഒമ്പതാം ഓവർ എറിയാനെത്തിയ കുൽദീപ് യുഎഇ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. 22 പന്തിൽ 19 റണ്ണെടുത്ത ക്യാപ്‌റ്റൻ മുഹമ്മദ് വസീമിന്റേത് ഉൾപ്പെടെ മൂന്ന് വിക്കറ്റുകളാണ് ആ ഓവറിൽ കുൽദീപ് വീഴ്‌ത്തിയത്. കുൽദീപ്–അക്‌സർ പട്ടേൽ–വരുൺ ചക്രവർത്തി സ്‌പിൻത്രയം യുഎഇ ബാറ്റർമാരെ വരിഞ്ഞുമുറുക്കി.
തുടർന്ന് പന്തെറിഞ്ഞ ദുബെ കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കി. പത്ത് പന്തിനിടെ മൂന്ന് വിക്കറ്റുകളാണ് ഓൾ റൗണ്ടർ നേടിയത്. ഇതിൽ ആസിഫ് ഖാനെ (2) മിന്നുന്ന ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ പുറത്താക്കുകയായിരുന്നു.
2.1 ഓവറിൽ ഏഴ് റൺമാത്രം വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റെടുത്തത്. ദുബെ രണ്ടോവറിൽ നാല് റണ്ണിന് മൂന്നെണ്ണം നേടി. വരുൺ, അക്‌സർ, ബുമ്ര എന്നിവർ ഓരോ വിക്കറ്റ് പങ്കിട്ടു.
മറുപടിയിൽ നേരിട്ട ആദ്യ പന്ത് സിക്‌സർ പറത്തിയാണ് അഭിഷേക് ശർമ ആരംഭിച്ചത്. മൂന്ന് സിക്‌സറും രണ്ട് ഫോറും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ജയത്തിന് പത്ത് റണ്ണകലെവച്ച് അഭിഷേക് പുറത്തായെങ്കിലും നേരിട്ട ആദ്യ പന്ത് സിക്‌സർ പറത്തി സൂര്യകുമാർ (2 പന്തിൽ 7) അതിവേഗം കളി തീർത്തു.
എ ഗ്രൂപ്പിലെ അടുത്ത കളിയിൽ 14ന് ഇന്ത്യ പാകിസ്ഥാനെ നേരിടും.
ബി ഗ്രൂപ്പിലെ ആദ്യ കളിയിൽ അഫ്‌ഗാനിസ്ഥാൻ ഹോങ്കോങ്ങിനെ 94 റണ്ണിന് തോൽപ്പിച്ചിരുന്നു.
അപ്പീൽ പിൻവലിച്ച് ഇന്ത്യ
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ യുഎഇ താരം ജുനൈദ് സിദ്ധിഖ് പുറത്തായതിനുപിന്നാലെ അപ്പീൽ പിൻവലിച്ച് ഇന്ത്യൻ ടീം. കളിയുടെ പതിമൂന്നാം ഓവറിലായിരുന്നു സംഭവം. ശിവം ദുബെ എറിഞ്ഞ മൂന്നാം പന്തിൽ ബാറ്റ് വീശിയെങ്കിലും ജുനൈദിന് തൊടാനായില്ല. വിക്കറ്റ് കീപ്പർ സഞ്‌ജു സാംസന്റെ കൈയിൽ പന്തെത്തി. ഇൗ ഘട്ടത്തിൽ ദുബെ പന്തെറിയാൻ ഓടുന്നതിനിടെ ടവൽ താഴെ വീണത് അമ്പയറുടെ ശ്രദ്ധയിൽപ്പെടുത്താൻ ജുനൈദ് ക്രീസ് വിട്ടിറങ്ങുകയും ചെയ്‌തു. കിട്ടിയ തക്കംനോക്കി സഞ്‌ജു പന്ത് സ്‌റ്റന്പിലെറിഞ്ഞു. വിക്കറ്റ് തെറിക്കുകയും ചെയ്‌തു. ടിവി അമ്പയർ പിന്നാലെ ഒൗട്ടും വിളിച്ചു. തുടർന്ന് ജുനൈദ് കളംവിടാൻ ഒരുങ്ങുന്നതിനിടെ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് അപ്പീൽ പിൻവലിക്കുകയാണെന്ന് അമ്പയറെ അറിയിച്ചു. കളത്തിൽ തിരിച്ചെത്തിയ ജുനൈദ് അടുത്ത പന്തിൽ പുറത്താകുകയും ചെയ്‌തു.









0 comments