ഇന്ത്യ–പാകിസ്ഥാൻ 
ഫെെനൽ നാളെ

സൂപ്പർ ഇന്ത്യ ; സൂപ്പർ ഓവറിൽ ലങ്കയെ തോൽപ്പിച്ചു

asia cup t 20 india srilanka

സൂപ്പർ ഓവറിൽ ശ്രീലങ്കയുടെ കുശാൽ പെരേരയുടെ ക്യാച്ചെടുത്ത റിങ്കു സിങ്ങിനെ (വലത്ത്) കുൽദീപ് യാദവ് പുണരുന്നു

avatar
Sports Desk

Published on Sep 27, 2025, 04:38 AM | 2 min read

ദുബായ്‌

ഫൈനലിന്‌ മുമ്പുള്ള ത്രില്ലറിൽ ഇന്ത്യക്ക്‌ ജയം. സൂപ്പർ ഓവറിൽ ശ്രീലങ്കയെ കീഴടക്കി. ഏഷ്യാകപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ സൂപ്പർ ഫോറിലെ അവസാന മത്സരമാണ്‌ ആവേശക്കൊടുമുടി കയറിയത്‌. ഒറ്റക്കളിയും തോൽക്കാതെയാണ്‌ ഇന്ത്യ നാളെ കിരീടപ്പോരിൽ പാകിസ്ഥാനെ നേരിടുക.


സൂപ്പർ ഓവറിൽ ആദ്യം ബാറ്റെടുത്ത ലങ്കയ്‌ക്ക്‌ രണ്ട്‌ റൺ നേടാനേ സാധിച്ചുള്ളു. അതിനിടെ രണ്ട്‌ വിക്കറ്റും നഷ്‌ടമായി. ഇന്ത്യ ആദ്യ പന്തിൽ ലക്ഷ്യംകണ്ടു. നിശ്‌ചിത 20 ഓവറിൽ ഇരുടീമുകളും അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 202 റണ്ണെടുത്തു. ഓപ്പണർ പതും നിസങ്കയുടെ തകർപ്പൻ സെഞ്ചുറിയാണ്‌(58 പന്തിൽ 107 റൺ) ദ്വീപുകാരെ വിജയത്തിന്‌ അടുത്തെത്തിച്ചത്‌.


ഹർഷിത്‌ റാണ എറിഞ്ഞ അവസാന ഓവറിൽ ലങ്കയ്‌ക്ക്‌ ജയിക്കാൻ ആറ്‌ വിക്കറ്റ്‌ ശേഷിക്കെ 12 റൺ മതിയായിരുന്നു. ആദ്യ പന്തിൽ പതുംനിസങ്ക പുറത്തായതോടെ ലങ്ക സമർദ്ദത്തിലായി. ദാസുൻ ഷനകയ്‌ക്ക്‌ കൂട്ടെത്തിയ ജനിത്‌ ലിയാനഗെ രണ്ട്‌ റണ്ണെടുത്തു. അടുത്ത പന്തിൽ ഒരു റൺ. നാലാമത്തേതിൽ രണ്ട്‌. അഞ്ചാം പന്ത്‌ ഫോറടിച്ച്‌ ഷനക അടുത്തെത്തി. അവസാന പന്തിൽ ജയിക്കാൻ മൂന്ന്‌ റൺ വേണ്ടിയിരുന്നു. ഇന്ത്യൻ ഫീൽഡർമാരുടെ പിഴവിൽ ലങ്ക രണ്ട്‌ റണ്ണെടുത്തതോടെ സ്‌കോർ ഒപ്പമായി. 22 റണ്ണുമായി ഷനകയും രണ്ട്‌ റണ്ണുമായി ലിയാനഗെയും പുറത്താകാതെനിന്നു.

തുടർന്നായിരുന്നു സൂപ്പർ ഓവർ.


സ്‌കോർ: ഇന്ത്യ 202/5, ശ്രീലങ്ക 202/5


ഇരുടീമുകളും ചേർന്ന്‌ 404 റണ്ണടിച്ചെങ്കിലും ഫലം നിശ്‌ചയിക്കാനായില്ല. കന്നി സെഞ്ചുറി നേടിയ നിസങ്ക ആറ്‌ സിക്‌സറും ഏഴ്‌ ഫോറമടിച്ചു. നിസങ്കയും കുശാൽ പെരേരയും (58) ചേർന്നാണ്‌ ഇന്ത്യൻ സ്‌കോറിന്‌ അടുത്തെത്തിച്ചത്‌. രണ്ടാം വിക്കറ്റിൽ ഇ‍ൗ കൂട്ടുകെട്ട്‌ 127 റൺ നേടി.


ഇന്ത്യൻ നിരയിൽ ഓപ്പണർ അഭിഷേക്‌ ശർമ ഒരിക്കൽകൂടി തിളങ്ങിയപ്പോൾ (31 പന്തിൽ 61) അഞ്ചാമനായി ഇറങ്ങി സഞ്ജു സാംസൺ താളം വീണ്ടെടുത്തു (23 പന്തിൽ 39). തിലക്‌ വർമയും (34 പന്തിൽ 49) അക്‌സർ പട്ടേലും(15 പന്തിൽ 21) പുറത്താകാതെ നിന്നു. ഓപ്പണർ ശുഭ്‌മാൻ ഗിൽ(4), ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്‌(12), ഹാർദിക്‌ പാണ്ഡ്യ(2) എന്നിവർ തിളങ്ങിയില്ല.


അഭിഷേക്‌ 22 പന്തിൽ 50 റൺ പൂർത്തിയാക്കി. തുടർച്ചയായ മൂന്നാം അർധസെഞ്ചുറി തികച്ചു. 31 പന്തിൽ എട്ട്‌ ഫോറും രണ്ട്‌ സിക്‌സറും പറത്തിയാണ്‌ ഇരുപത്തഞ്ചുകാരന്റെ കുതിപ്പ്‌. സഞ്ജു സാംസൺ മൂന്ന്‌ സിക്‌സറും ഒരു ഫോറും നേടിയാണ്‌ മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home