സഞ്ജു 45 പന്തിൽ 56 (മൂന്ന് വീതം സിക-്സറും ഫോറും)
സഞ്ജു കാത്തു ; ഒമാനെതിരെ ഇന്ത്യക്ക് 21 റൺ ജയം

അബുദാബി
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ചശേഷം ഒമാൻ കീഴടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ 21 റണ്ണിനാണ് ഇന്ത്യയുടെ ജയം. 189 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഒമാൻ നാലിന് 167ൽ അവസാനിപ്പിക്കുകയായിരുന്നു. മലയാളി താരം സഞ്‌ജു സാംസന്റെ അർധസെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്ണെടുത്തത്. സഞ്‌ജു 45 പന്തിൽ 56 റണ്ണുമായി ഇന്ത്യൻ ഇന്നിങ്‌സിലെ ടോപ് സ്‌കോററായി. മാൻ ഓഫ് ദി മാച്ചും മലയാളി വിക്കറ്റ് കീപ്പറാണ്.
വലിയ ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ഒമാൻ ബാറ്റ് വീശിയത്. ആമീർ കലീമും (46 പന്തിൽ 64) ഹമ്മദ് മിർസയുമാണ് (33 പന്തിൽ 51) തകർത്തുകളിച്ചത്. നാൽപ്പത്തിമൂന്നുകാരനായ കലീമിന്റെ ഇന്നിങ്‌സിൽ രണ്ട് സിക്‌സറും ഏഴ് ഫോറും ഉൾപ്പെട്ടു. അവസാന ഓവറുകളിൽ വിക്കറ്റുകൾ വീഴ്‌ത്തിയാണ് ഇന്ത്യ ജയംപിടിച്ചത്. കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്‌ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവർ വിക്കറ്റുകൾ പങ്കിട്ടു. ട്വന്റി20യിൽ 100 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി അർഷ്‌ദീപ്.
ജസ്‌പ്രീത് ബുമ്രയും വരുൺ ചക്രവർത്തിക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടിയ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു. സഞ്‌ജു മൂന്നാം നമ്പറിലെത്തി. സൂര്യകുമാർ ബാറ്റിങ്ങിന് ഇറങ്ങിയതേയില്ല.
ആദ്യ ഓവറിൽതന്നെ ശുഭ്‌മാൻ ഗില്ലിനെ (8 പന്തിൽ 5) നഷ്ടപ്പെട്ടായിരുന്നു ഇന്ത്യയുടെ തുടക്കം. പിച്ചിൽ ബാറ്റർമാർക്ക് എളുപ്പമായിരുന്നില്ല. ഒമാൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിയുകയും ചെയ്‌തതോടെ റണ്ണടി ദുഷ്‌കരമായി. കടുത്ത ചൂടും തിരിച്ചടി നൽകി. ഓപ്പണർ അഭിഷേക് ശർമ (15 പന്തിൽ 38) ഒഴുക്കോടെ കളിച്ചപ്പോൾ സഞ്‌ജുവിന് താളംകിട്ടിയില്ല. രണ്ട് സിക്‌സറും അഞ്ച് ഫോറും പറത്തി അഭിഷേക് മടങ്ങിയതോടെ സഞ്‌ജു ഇന്ത്യൻ ഇന്നിങ്‌സിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ ഹാർദിക് പാണ്ഡ്യ (1) ദൗർഭാഗ്യകരമായി റണ്ണൗട്ടായി. അക്‌സർ പട്ടേൽ ഇന്നിങ്‌സിന് വേഗം നൽകാൻ ശ്രമിച്ചെങ്കിലും 13 പന്തിൽ 26 റണ്ണുമായി മടങ്ങി. കൂറ്റനടിക്കാരൻ ശിവം ദുബെ അഞ്ച് റണ്ണിന് പുറത്തായി. ഏഴാം നന്പറിൽ ഇറങ്ങിയ തിലക് വർമയാണ് (18 പന്തിൽ 29) സഞ്‌ജുവിനൊപ്പം ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ട്വന്റി 20യിലെ തന്റെ വേഗം കുറഞ്ഞ അർധസെഞ്ചുറി പൂർത്തിയാക്കിയ സഞ്‌ജുവിന്റെ ഇന്നിങ്‌സിൽ മൂന്ന് വീതം സിക്‌സറും ഫോറും ഉൾപ്പെട്ടു. 45–ാം മത്സരം കളിച്ച മലയാളി താരത്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ മൂന്നാം അർധസെഞ്ചുറിയാണിത്.
നാലോവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 23 റൺമാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഷാ ഫൈസൽ ഒമാൻ ബൗളർമാരിൽ തിളങ്ങി.









0 comments