മുന്നേറാൻ ഇന്ത്യ ; ഏഷ്യാ കപ്പിൽ ഇന്ന് പാകിസ്ഥാനോട്

പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (ഇടത്ത്) പരിശീലകൻ ഗൗതം ഗംഭീറും
ദുബായ്
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് പാകിസ്ഥാനോട്. ആദ്യ കളിയിൽ യുഎഇക്കെതിരെ റെക്കോഡ് ജയംകുറിച്ചാണ് ഇന്ത്യയെത്തുന്നത്. പാകിസ്ഥാൻ ആദ്യ കളിയിൽ ഒമാനെ കീഴടക്കി. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പർ ഫോർ ഉറപ്പാക്കാം. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല. മലയാളി വിക്കറ്റ് കീപ്പർ സഞ്‌ജു സാംസൺ തുടർന്നേക്കും.
നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സമീപകാല പ്രകടനങ്ങളിൽ പാകിസ്ഥാനേക്കാൾ ഏറെ മുന്നിലാണ്. പാകിസ്ഥാന്റേത് പുതിയ നിരയാണ്. ആഗ സൽമാൻ നയിക്കുന്ന ടീമിന് പരിചയസമ്പത്തില്ല.
യുഎഇക്കെതിരെ വെറും 27 പന്തിലായിരുന്നു ഇന്ത്യയുടെ ജയം. സ്‌പിന്നർമാരായ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും അക്‌സർ പട്ടേലുമാണ് മികച്ച പ്രകടനം നടത്തിയത്. പേസർ ജസ്‌പ്രീത് ബുമ്രയാണ് മറ്റൊരു ഘടകം. മൂന്നാം പേസറായി കളിച്ച ഓൾ റൗണ്ടർ ശിവം ദുബെയും ആദ്യ കളിയിൽ മിന്നി.
ബാറ്റിങ് നിരയിൽ അഭിഷേക് ശർമ നൽകുന്ന തുടക്കം നിർണായകമാകും. വൈസ് ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ, തിലക് വർമ, ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്, സഞ്‌ജു, ഹാർദിക് പാണ്ഡ്യ, ദുബെ എന്നിങ്ങനെ നീളുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് നിര.
മറുവശത്ത്, പാകിസ്ഥാന് മികച്ച സ്‌പിന്നർമാരുണ്ട്. ഇടംകൈയൻ സ്‌പിന്നർ സുഫിയാൻ മുഖീമാണ് ഇതിൽ പ്രധാനി. അബ്രാർ അഹമ്മദാണ് മറ്റൊരു സ്‌പിന്നർ. ഇന്ത്യക്കെതിരെ മികച്ച റെക്കോഡുള്ള പേസർ ഷഹീൻ അഫ്രീദിയും പാകിസ്ഥാന് പ്രതീക്ഷ നൽകുന്നു.
ബാറ്റിങ് നിരയ്‌ക്ക് പക്ഷേ, ആഴമില്ല. ആദ്യ കളിയിൽ മുഹമ്മദ് ഹാരിസ് മാത്രമാണ് തിളങ്ങിയത്. ഫഖർ സമാനാണ് ബാറ്റിങ് നിരയിലെ പരിചയസമ്പന്നൻ. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും വഷളായിരുന്നു. ഇൗയിടെ നടന്ന ലെജൻഡ്‌സ് ക്രിക്കറ്റിൽ പാകിസ്ഥാനുമായുള്ള മത്സരത്തിൽനിന്ന് ഇന്ത്യൻ ടീം പിന്മാറിയിരുന്നു.
ലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്‌ക്ക് ആറ് വിക്കറ്റ് ജയം. 140 റൺ ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 14.4 ഓവറിൽ ജയം നേടി. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 139 റണ്ണെടുത്തത്.
പതും നിസങ്കയും (34 പന്തിൽ 50) കമിൽ മിശാറയും (32 പന്തിൽ 46) ചേർന്നാണ് മുൻ ചാമ്പ്യൻമാർക്ക് അനായാസ ജയമൊരുക്കിയത്. ഒരു സിക്‌സറും ആറ് ഫോറുമായിരുന്നു നിസങ്കയുടെ ഇന്നിങ്‌സിൽ. പുറത്താകാതെനിന്ന മിശാറ രണ്ട് സിക്‌സറും നാല് ഫോറും പറത്തി.
53 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ ജാക്കർ അലിയും (34 പന്തിൽ 41) ഷമീം ഹുസൈനും (34 പന്തിൽ 42) ചേർന്നാണ് കരകയറ്റിയത്. പുറത്താകാതെനിന്ന ഇരുവരും ആറാം വിക്കറ്റിൽ 61 പന്തിൽ 86 റണ്ണടിച്ചു. ബംഗ്ലാദേശ് ഹോങ്കോങ്ങിനെ തോൽപ്പിച്ചിരുന്നു.









0 comments