ഏഷ്യാ കപ്പിന് ‘ടെസ്റ്റ് സ്ക്വാഡ്’ ; ട്വന്റി20 ടൂർണമെന്റിൽ ടെസ്റ്റ് ടീമിലെ പ്രമുഖർ കളിക്കും

ശുഭ്മാൻ ഗിൽ / യശസ്വി ജയ്സ്വാൾ / സായ് സുദർശൻ

Sports Desk
Published on Aug 07, 2025, 01:00 AM | 2 min read
മുംബൈ
ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിന് ഇന്ത്യ അയക്കുക ‘ടെസ്റ്റ് സ്ക്വാഡിനെ’. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ എന്നിവരെല്ലാം ഒരിടവേളയ്ക്കുശേഷം ട്വന്റി 20 ടീമിൽ തിരിച്ചെത്തും. സെപ്തംബർ ഒമ്പതുമുതൽ 28വരെ യുഎഇയിലാണ് ഏഷ്യാ കപ്പ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കഴിഞ്ഞാണ് ഗില്ലും ജയ്സ്വാളും സുദർശനും എത്തുന്നത്. ഒരുമാസം വിശ്രമിക്കാനുള്ള അവസരമുണ്ട്. അടുത്ത ആഴ്ച ബിസിസിഐ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. സൂര്യകുമാർ യാദവാണ് നിലവിൽ ടീം ക്യാപ്റ്റൻ. ഏകദിന പതിപ്പായിരുന്നു കഴിഞ്ഞ തവണ. ഇന്ത്യയായിരുന്നു ജേതാക്കൾ.
ഏഷ്യാ കപ്പ് ടീമിൽ വലിയ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചനകൾ. നിലവിലെ ട്വന്റി 20 ടീമിലെ ഭൂരിഭാഗം പേരും കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി കളിച്ചത്. ബാറ്റിങ് നിരയിൽ ആദ്യ നാല് സ്ഥാനത്തിറങ്ങുന്ന മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ എന്നിവർ ട്വന്റി 20 കളിച്ചിട്ട് ആറ് മാസമായി. ഇൗ പ്രധാന സ്ഥാനങ്ങളിൽ മത്സരപരിചയമുള്ള ഗിൽ, ജയ്സ്വാൾ, സുദർശൻ എന്നിവരെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. മൂവരും പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച റെക്കോഡുള്ള ബാറ്റർമാരാണ്. ഐപിഎല്ലിലും തിളങ്ങി. ഗിൽ–സുദർശൻ ഓപ്പണിങ് സഖ്യം ഗുജറാത്ത് ടൈറ്റൻസിനായി തകർപ്പൻ പ്രകടനമായിരുന്നു. ജയ്സ്വാൾ ഐപിഎല്ലിൽ 559 റണ്ണാണ് നേടിയത്. ഗിൽ 650. മികച്ച റൺവേട്ടക്കാരനായ സുദർശൻ 759. മൂവരെയും ഒരുതരത്തിലും ഒഴിവാക്കാനാകില്ല. എന്നാൽ സഞ്ജുവും അഭിഷേകും ഉൾപ്പെടെ ദേശീയ കുപ്പായത്തിൽ കുറച്ചുനാളായി സ്ഥിരതയോടെ ബാറ്റേന്തുന്ന പ്രമുഖരെ മാറ്റിനിർത്താനും കഴിയാത്ത സാഹചര്യമാണ്. സെപ്തംബർ 28നാണ് ടൂർണമെന്റ് കഴിയുന്നത്. ഒക്ടോബർ രണ്ടിന് ഇന്ത്യക്ക് വെസ്റ്റിൻഡീസുമായുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയുണ്ട്.
ആറ് മാസം കഴിഞ്ഞാൽ ട്വന്റി 20 ലോകകപ്പാണ്. ഇതിനുള്ള മികച്ച സംഘത്തെ ഒരുക്കാനുള്ള നീക്കവും സെലക്ടർമാർക്കുണ്ട്. അതിനാൽ ഏവർക്കും അവസരം നൽകുമെന്നുറപ്പ്. ബൗളർമാരിൽ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് സിറാജിനും വിശ്രമം നൽകുമെന്നാണ് സൂചന.
ഏഷ്യാകപ്പിൽ എട്ട് ടീമുകൾ
ഏഷാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ എട്ട് ടീമുകളാണ്. സെപ്തംബർ എട്ടുമുതൽ 28വരെ ദുബായിലും അബുദാബിയിലുമാണ് മത്സരങ്ങൾ. ഫൈനൽ അടക്കം 19 കളിയുണ്ടാകും. ഇന്ത്യ ഉൾപ്പെട്ട എ ഗ്രൂപ്പിൽ പാകിസ്ഥാൻ, ഒമാൻ, യുഎഇ ടീമുകളാണ്. ബി ഗ്രൂപ്പിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഹോങ്കോങ്, ശ്രീലങ്ക എന്നിവയാണുള്ളത്. രണ്ട് ഗ്രൂപ്പിൽനിന്നും മികച്ച രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് മുന്നേറും. അതിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനൽ കളിക്കും. ഇന്ത്യയുടെ ആദ്യകളി 10ന് ആതിഥേയരായ യുഎഇയുമായാണ്. 14ന് പാകിസ്ഥാനെ നേരിടും. 19ന് ഒമാനുമായാണ് പോരാട്ടം.
ടെസ്റ്റ് ബാറ്റിങ് റാങ്കിങ്: ജയ്സ്വാൾ അഞ്ചാംസ്ഥാനത്ത്
ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങിൽ അഞ്ചാംസ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനമാണ് ഇരുപത്തിമൂന്നുകാരന് കളിജീവിതത്തിലെ മികച്ച റാങ്കിൽ എത്താൻ സഹായിച്ചത്. രണ്ട് സെഞ്ചുറി ഉൾപ്പെടെ 411 റൺ നേടിയിരുന്നു.
ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമത്. സഹതാരം ഹാരി ബ്രൂക്ക് രണ്ടും. കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്) മൂന്നാമതും സ്റ്റീവൻ സ്മിത്ത് (ഓസ്ട്രേലിയ) നാലാമതുമുണ്ട്.
ബൗളർമാരിൽ പേസർമാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നേട്ടമുണ്ടാക്കി.
സിറാജ് 12 സ്ഥാനങ്ങൾ കയറി 15–ാംസ്ഥാനത്തെത്തി. പ്രസിദ്ധാകട്ടെ 25 പടികയറി 59–ാമതായി. ഇംഗ്ലണ്ടിനെതിരെ രണ്ട് കളിയിൽ പുറത്തിരുന്നെങ്കിലും ജസ്പ്രീത് ബുമ്ര ഒന്നാമത് തുടർന്നു. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് ഒന്നാമത്.









0 comments