പാകിസ്ഥാന് ജയം ; ഒമാനെ 93 റണ്ണിന് തോൽപ്പിച്ചു

ദുബായ്
ഏഷ്യാ കപ്പ് ട്വന്റി ക്രിക്കറ്റിൽ ഒമാനെതിരെ വമ്പൻ ജയവുമായി പാകിസ്ഥാൻ. 93 റണ്ണിനാണ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ ഒമാൻ 16.4 ഓവറിൽ 67 റണ്ണിന് പുറത്തായി.
43 പന്തിൽ 66 റണ്ണെടുത്ത വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്റെ വിജയശിൽപ്പി.
പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല പാകിസ്ഥാന്. ഇന്നിങ്‌സിലെ രണ്ടാംപന്തിൽ ഓപ്പണർ സയിം അയൂബിനെ (0) അവർക്ക് നഷ്ടമായി. ഷാ ഫൈസൽ പാക് താരത്തെ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ സാഹിബ്‌സാദ ഫർഹാനും (29 പന്തിൽ 29) ഹാരിസും ചേർന്ന് പാകിസ്ഥാന് ഉൗർജം നൽകി. പക്ഷേ, റണ്ണൊഴുക്കിന് വേഗമുണ്ടായില്ല. ഫർഹാനും ഹാരിസും മടങ്ങിയതോടെ വീണ്ടും പ്രതിസന്ധിയായി. ഹാരിസിന്റെ ഇന്നിങ്‌സിൽ മൂന്ന് സിക്‌സറും ഏഴ് ഫോറും ഉൾപ്പെട്ടു.
ക്യാപ്‌റ്റൻ സൽമാൻ ആഗ (0) നേരിട്ട ആദ്യ പന്തിൽതന്നെ മടങ്ങി. ഫഖർ സമാൻ 16 പന്തിൽ 23 റണ്ണുമായി പുറത്താകാതെനിന്നു. മുഹമ്മദ് നവാസ് 10 പന്തിൽ 19 റണ്ണെടുത്തു. മറുപടിക്കെത്തിയ ഒമാന് പാക് ബൗളിങ് നിരയ്‌ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. രണ്ട് വീതം വിക്കറ്റുമായി സയിം അയൂബും സുഫിയാ മുഖീമും ഫഹീം അഷ്‌റഫും ഒമാൻ ബാറ്റിങ് നിരയെ തകർത്തുകളഞ്ഞു. ഗ്രൂപ്പ് എയിൽ യുഎഇയെ തോൽപ്പിച്ച ഇന്ത്യയാണ് ഒന്നാമത്. നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടും.
ഇന്ന് ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടും. ലങ്കയുടെ ആദ്യ കളിയാണ്. ബംഗ്ലാദേശ് ആദ്യ കളിയിൽ ഹോങ്കോങ്ങിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.









0 comments