ബംഗ്ലാ ജയം ; ഹോങ്കോങ്ങിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു


Sports Desk
Published on Sep 12, 2025, 01:36 AM | 1 min read
അബുദാബി
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ബംഗ്ലാദേശ് ജയത്തോടെ അരങ്ങേറി. ഹോങ്കോങ്ങിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. കളിയിലെ താരമായ ക്യാപ്‌റ്റൻ ലിറ്റൺ ദാസ് 39 പന്തിൽ 59 റണ്ണടിച്ച് വിജയമൊരുക്കി. തൗഹീദ് ഹ്രിദോയ് 35 റണ്ണുമായി പുറത്താകാതെനിന്നു. തുടർച്ചയായ രണ്ട് തോൽവിയോടെ ഹോങ്കോങ്ങ് പുറത്തേക്കുള്ള വഴിയിലായി. സ്
കോർ: ഹോങ്കോങ് 143/7, ബംഗ്ലാദേശ് 144/3(17.4)
ചെറിയ ലക്ഷ്യത്തിലേക്ക് ബംഗ്ലാദേശ് അനായാസം മുന്നേറി. ഓപ്പണർമാരായ പർവേസ് ഹുസൈനെയും(19) തൻസീദ് ഹസനെയും(14) നഷ്‌ടമായശേഷമാണ് ലിറ്റൺ ദാസും തൗഹീദും ഒരുമിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 95 റണ്ണടിച്ചു. ജയിക്കാൻ രണ്ട് റൺ അകലെയാണ് ക്യാപ്‌റ്റൻ മടങ്ങിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഹോങ്കോങിന് ഏഴ് റണ്ണെടുത്ത ഓപ്പണർ അൻഷുമാൻ റാത്തിനെ രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും വിക്കറ്റ് കീപ്പർ സീഷൻ അലിയും (34 പന്തിൽ 30), നിസാഖത് ഖാനും (40 പന്തിൽ 42) പൊരുതിനിന്നു. ഒരു സിക്‌സറും മൂന്ന് ഫോറുമായിരുന്നു സീഷന്റെ ഇന്നിങ്‌സിൽ. നിസാഖത് ഒരു സിക്‌സറും രണ്ട് ഫോറും നേടി. ഇൗ സഖ്യം 41 റണ്ണാണ് നേടിയത്.
ക്യാപ്‌റ്റൻ യസീം മുർതാസയാണ് അവസാന ഓവറുകളിൽ തകർത്തടിച്ചത്. 19 പന്തിൽ 28 റണ്ണടിച്ച മുർതാസ രണ്ട് വീതം സിക്‌സറും ഫോറും പറത്തി. മുർതാസ–നിസാഖത് സഖ്യം 46 റൺ നേടി. ക്യാപ്‌റ്റൻ റണ്ണൗട്ടായത് ഹോങ്കോങ്ങിനെ ബാധിച്ചു. തുടർന്നെത്തിയവർക്ക് മികച്ച സ്‌കോർ നേടാനായില്ല.
ടസ്‌കിൻ അഹമ്മദ്, തൻസിം ഹസൻ സാക്കിബ്, റിഷാദ് ഹുസൈൻ എന്നിവർ ബംഗ്ലാനിരയിൽ രണ്ട് വീതം വിക്കറ്റ് നേടി. നാലോവറിൽ ഒരു മെയ്‌ഡൻ ഉൾപ്പെടെ 21 റൺ വഴങ്ങിയാണ് സാക്കിബ് രണ്ട് വിക്കറ്റ് നേടിയത്. ഗ്രൂപ്പ് ബിയിലെ ആദ്യ കളിയിൽ ഹോങ്കോങ് അഫ്‌ഗാനിസ്ഥാനോട് തോറ്റിരുന്നു. 94 റണ്ണിനായിരുന്നു തോൽവി.









0 comments