തുടരാൻ ഇന്ത്യ ; ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്ഥാനോട്

ഇന്ത്യൻ പേസർ ജസ്--പ്രീത് ബുമ്ര പരിശീലനത്തിൽ

Sports Desk
Published on Sep 21, 2025, 03:34 AM | 1 min read
ദുബായ്
ഹസ്‌തദാന വിവാദങ്ങൾക്കിടെ ഏഷ്യാ കപ്പിൽ ഇന്ന് വീണ്ടും ഇന്ത്യ –പാകിസ്ഥാൻ മത്സരം. സൂപ്പർ ഫോറിൽ ഇരു ടീമുകൾക്കും ആദ്യ കളിയാണ്. ജയിക്കുന്ന ടീമിന് ഫൈനലിലേക്ക് ഒരു ചുവടുകൂടി അടുക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെ ഏഴ് വിക്കറ്റിനാണ് സൂര്യകുമാർ യാദവും സംഘവും തോൽപ്പിച്ചത്.
ആദ്യ കളിയിലെ വിവാദങ്ങളുടെ തുടർച്ചയായി പാകിസ്ഥാൻ മത്സരത്തലേന്നുള്ള വാർത്താസമ്മേളനം റദ്ദാക്കിയിരുന്നു. മാച്ച് റഫറിയായി ആൻഡി പൈക്രോ-ഫ്‌റ്റിനെ തന്നെ നിയമിച്ചതോടെ ഇന്ന് പാകിസ്ഥാന്റെ സമീപനം എന്താകുമെന്ന് വ്യക്തമല്ല. അതേസമയം, കളിയിൽ മാത്രമാണ് ശ്രദ്ധയെന്നായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാറിന്റെ പ്രതികരണം.
ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പ്രകടനം മങ്ങിയെങ്കിലും ഇന്ത്യൻ ടീം ആത്മവിശ്വാസത്തിലാണ്. വിശ്രമത്തിലായിരുന്ന പേസർ ജസ്‌പ്രീത് ബുമ്രയും സ്‌പിന്നർ വരുൺ ചക്രവർത്തിയും തിരിച്ചെത്തും. ഹർഷിത് റാണയും അർഷ്‌ദീപ് സിങ്ങും ഉണ്ടാകില്ല. ഒമാനെതിരെ പരിക്കേറ്റ അക്‌സർ പട്ടേലിന്റെ കാര്യത്തിൽ ഉറപ്പില്ല. മൂന്ന് കളിയിൽ എട്ട് വിക്കറ്റെടുത്ത സ്‌പിന്നർ കുൽദീപ് യാദവാണ് ഇന്ത്യൻ ബൗളിങ് നിരയിലെ പ്രധാനി.
ബാറ്റിങ് നിരയിൽ ഓപ്പണർ അഭിഷേക് ശർമ നൽകുന്ന തുടക്കം നിർണായകമാകും. ഒമാനെതിരായ കളിയിൽ നടത്തിയ ബാറ്റിങ് പരീക്ഷണം ഇന്നുണ്ടാകില്ല. മറുവശത്ത്, തുടർച്ചയായ മൂന്ന് കളിയിൽ റണ്ണെടുക്കാതെ പുറത്തായ ഓപ്പണർ സയിം അയൂബിനെ പാകിസ്ഥാൻ നിലനിർത്തുമോയെന്ന് കണ്ടറിയണം. ആറ് വിക്കറ്റ് നേടാൻ അയൂബിന് കഴിഞ്ഞിട്ടുണ്ട്. ബാറ്റിങ് നിരയിൽ ക്യാപ്‌റ്റൻ സൽമാൻ ആഗ ഉൾപ്പെടെയുള്ളവർ തിളങ്ങാത്തതും ആശങ്കയാണ്.









0 comments