ബിജു നാരായണൻ 
രണ്ട്‌ സിക്‌സറടിച്ച്‌ 
വിജയമൊരുക്കി , നാല്‌ വിക്കറ്റെടുത്ത 
ഷറഫുദീൻ 
കളിയിലെ താരം

പതിനൊന്നാമന്റെ സിക്‌സർ ; കൊല്ലം സെയ്ലേഴ്സിന് ത്രസിപ്പിക്കുന്ന ജയം

Aries Kollam Sailors

ഏരീസ് കൊല്ലം സെയ്ലേഴ്സിന് സിക്സറടിച്ച് ജയമൊരുക്കിയ ബിജു നാരായണനെ (മുമ്പിൽ) സഹ കളിക്കാർ പവിലിയനിലേക്ക് ആനയിക്കുന്നു / ഫോട്ടോ എ ആർ അരുൺരാജ്

avatar
വെെഷ്ണവ് ബാബു

Published on Aug 22, 2025, 12:30 AM | 1 min read


തിരുവനന്തപുരം

അവസാന ബാറ്ററായി ക്രീസിലെത്തി രണ്ട്‌ സിക്‌സർ പറത്തിയ ബിജു നാരായണൻ, ചാമ്പ്യൻമാരായ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സിന്‌ ത്രസിപ്പിക്കുന്ന വിജയമൊരുക്കി. കേരള ക്രിക്കറ്റ്‌ ലീഗ്‌(കെസിഎൽ) രണ്ടാം സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ കലിക്കറ്റ്‌ ഗ്ലോബ്‌സ്‌റ്റാഴ്‌സിനെ ഒരു വിക്കറ്റിന്‌ തോൽപ്പിച്ചു. സ്‌കോർ: കലിക്കറ്റ്‌ 138(18), കൊല്ലം 139/9(19.5). കഴിഞ്ഞ സീസൺ ഫൈനലിൽ കലിക്കറ്റിനെ കീഴടക്കിയാണ്‌ കൊല്ലം ജേതാക്കളായത്‌.


അഖിൽദേവ്‌ എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ്‌ ശേഷിക്കെ കൊല്ലത്തിന്‌ ജയിക്കാൻ 14 റൺ വേണ്ടിയിരുന്നു. ബ‍ൗളർമാരായ ഏദൻ ആപ്പിൾ ടോമും ബിജു നാരായണുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ ബിജു ഒരു റണ്ണെടുത്തു. രണ്ടാം പന്തിൽ ഏദന്‌ റണ്ണെടുക്കാനായില്ല. മൂന്നാം പന്തിൽ സിംഗിൾ. നാലും അഞ്ചും പന്തുകൾ സിക്‌സറടിച്ച്‌ ബിജു അമ്പരപ്പിച്ചു. ഏഴ്‌ പന്തിൽ 15 റണ്ണുമായി ബിജുവും ആറ്‌ പന്തിൽ 10 റണ്ണോടെ ഏദനും പുറത്തായില്ല.


mohanlal
ഉദ്ഘാടന ചടങ്ങിനിടെ ക്യാപ്റ്റൻമാരെ പരിചയപ്പെടുന്ന മോഹൻലാൽ


വത്സൽ ഗോവിന്ദ്‌(41), ക്യാപ്‌റ്റൻ സച്ചിൻ ബേബി(24), അഭിഷേക്‌ നായർ(21) എന്നിവർ കഴിഞ്ഞാൽ പിന്നീട്‌ രണ്ടക്കം കടന്നത്‌ എ ജി അമൽ(14) മാത്രം. ആദ്യ പന്തിൽ റണ്ണെടുക്കുംമുമ്പ്‌ ഓപ്പണർ വിഷ്‌ണുവിനോദിനെ നഷ്‌ടമായ കൊല്ലം, പത്താം ഓവറിൽ 55/5 എന്ന സ്‌കോറിലേക്ക്‌ മൂക്കുകുത്തിയിരുന്നു. അവിടെനിന്നാണ്‌ വിജയത്തിലേക്ക്‌ അവിശ്വസനീയമായി ബാറ്റ്‌ വീശിയത്‌. കലിക്കറ്റിനായി അഖിൽ സ്‌കറിയ നാലും എസ്‌ മിഥുൻ മുന്നും വിക്കറ്റെടുത്തു.


ടോസ് നഷ്ടപ്പെട്ട് ബാറ്റെടുത്ത കലിക്കറ്റ്‌ ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ തകർപ്പൻ തുടക്കമാണ് നൽകിയത്. 22 പന്തിൽ 54 റണ്ണെടുത്തു. ആറ്‌ സിക്‌സറും മൂന്ന്‌ ഫോറും നിറഞ്ഞ ഇന്നിങ്സ്‌. മനു കൃഷ്‌ണനും (25) സൽമാൻ നിസാറും(21) സ്‌കോർ 100 കടത്തി. മൂന്ന്‌ ഓവറിൽ 16 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്ത്‌ കലിക്കറ്റിനെ ഒതുക്കിയ എന്‍ എം ഷറഫുദീൻ കളിയിലെ താരമായി. അമലിന്‌ മൂന്ന്‌ വിക്കറ്റുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home