കാഞ്ഞിരമറ്റത്തെ സൂപ്പർ സ്‌റ്റാർ

അജിൻ ജി രാജ്
Published on Sep 09, 2025, 01:25 AM | 1 min read
കോഴിക്കോട് : ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കൊപ്പം ഒരുരസത്തിന് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസിന് പോയതാണ് അഖിൽ സ്‌കറിയ. അതുവരെ വീടിനടുത്തുള്ള പറമ്പുകളിൽ കളിച്ചുള്ള പരിചയംമാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, 2013ലെ ആ ഒരൊറ്റ സെലക്ഷൻ ട്രയൽസ് ഇടുക്കി തൊടുപുഴ ജിഎച്ച്‌എസ് കാഞ്ഞിരമറ്റം സ്‌കൂളിലെ പതിനാലുകാരന്റെ ജീവിതം മാറ്റിമറിച്ചു.
12 വർഷങ്ങൾക്കിപ്പുറം കേരള ക്രിക്കറ്റിലെ ഒന്നാം നമ്പർ ഓൾ റൗണ്ടറാണ്. കേരള ക്രിക്കറ്റ് ലീഗ് ട്വന്റി20 രണ്ടാംപതിപ്പിലെ മികച്ച കളിക്കാരനും. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനായി 11 കളിയിൽ 25 വിക്കറ്റും 314 റണ്ണുമടിച്ചു. വിക്കറ്റ് വേട്ടക്കാരിൽ തുടർച്ചയായ രണ്ടാംതവണയും ഒന്നാമൻ. കഴിഞ്ഞ പതിപ്പിലും 25 വിക്കറ്റാണ്. ആകെ 50 വിക്കറ്റായി. ഇൗ നാഴികക്കല്ല് പിന്നിടുന്ന ആദ്യ താരവുമാണ്.
യാദൃച്ഛികമായി ജില്ലാ ടീമിലെത്തിയ അഖിൽ പിന്നീട് കളി കാര്യമാക്കി. മീഡിയം പേസറായാണ് തുടങ്ങിയത്. ഒമ്പതാം ക്ലാസുമുതൽ രണ്ടുവർഷം തൊടുപുഴയിലെ ജില്ലാ അക്കാദമിയിൽ. പ്ലസ് വൺമുതൽ ഡിഗ്രിവരെ കെസിഎയുടെ എറണാകുളത്തെ സംസ്ഥാന അക്കാദമിയിലും. ഇതിനിടെ, കേരളത്തിനായി വിവിധ പ്രായവിഭാഗങ്ങളിൽ കളിച്ചു. പേസറായി തുടങ്ങിയ വലംകൈയനെ പരിശീലകർ ബാറ്റിങ്ങിലും മിനുക്കിയെടുത്തു. ഇതോടെ ഒന്നാന്തരം ഓൾറൗണ്ടറായി. 2022ൽ കേരള സീനിയർ ടീമിനായി അരങ്ങേറി. ഒരു രഞ്ജി ട്രോഫി ഉൾപ്പെടെ ആകെ 21 മത്സരങ്ങളിലിറങ്ങി.
കെസിഎല്ലിൽ കാലിക്കറ്റിനൊപ്പം കിരീടം ഉയർത്താനായില്ലെങ്കിലും തുടർച്ചയായ രണ്ടാം സീസണിലും അഖിൽ കരുത്തുകാട്ടി. കഴിഞ്ഞതവണ 12 കളിയിൽ 25 വിക്കറ്റും 187 റണ്ണുമായിരുന്നു. ഇത്തവണ റൺവേട്ടക്കാരിൽ ഏഴാമനായി. തന്ത്രപരമായി എല്ലാ സാങ്കേതികത്തികവോടെയും പന്തെറിഞ്ഞാണ് മീഡിയം പേസർ വിക്കറ്റുകൾ കൊയ്‌തത്. ഓരോ ബാറ്റർമാർക്കെതിരെയും സാഹചര്യത്തിന് അനുസരിച്ച് വ്യത്യസ്ത പന്തുകൾ തൊടുക്കാനുള്ള മികവ് കരുത്തായി. കേരളത്തിനായി മൂന്ന് വിഭാഗങ്ങളിലും സ്ഥിരമായി കളിക്കാനും ഐപിഎല്ലിന്റെ ഭാഗമാകാനുമാണ് ഇപ്പോഴത്തെ സ്വപ്നം. ജയ്‌പുരിൽ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനാണ്. അച്ഛൻ: സ്‌കറിയ തോമസ്, അമ്മ: ശ്രീലത.









0 comments