‘പറക്കും ഫിലിപ്‌സ്‌’; പറന്ന് ക്യാച്ചെടുത്ത് ന്യൂസിലൻഡ്‌ താരം ഗ്ലെൻ ഫിലിപ്‌സ്‌- വീഡിയോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:34 PM | 0 min read

ക്രൈസ്റ്റ്‌ചർച്ച്‌ > ന്യൂസിലൻഡ്‌ ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്‌സ്‌ വീണ്ടും ‘പറന്നു’. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരത്തിലാണ്‌ ഗ്ലെൻ ഫിലിപ്‌സ്‌ തന്റെ ഫീൽഡിങ്‌ മികവ്‌ ഒരിക്കൽ കൂടി പുറത്തെടുത്തത്‌. ന്യൂസിലൻഡിലെ ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട്‌ ബാറ്റർ ഒലി പോപ്പിനെ (77) മനോഹരമായ ക്യാച്ചിലൂടെ ഫിലിപ്‌സ്‌ പുറത്താക്കുകയായിരുന്നു. പേസർ ടിം സൗത്തിക്കാണ്‌ വിക്കറ്റ്‌.

150 റൺസ്‌ പാർട്‌ണഷിപ്പും കടന്ന്‌ ഒലി പോപ്പ്‌–-ഹാരി ബ്രൂക്ക്‌ സഖ്യം മുന്നേറുന്നതിനിടെയാണ്‌ ഗ്ലെൻ ഫിലിപ്‌സിന്റെ ക്യാച്ച്‌. ടിം സൗത്തിയുടെ മണിക്കൂറിൽ 125.9 കിലോമീറ്റർ വേഗതിയിൽ വന്ന പന്തിൽ ബാറ്റ്‌ വച്ചപ്പോഴാണ്‌ പോപ്പിന്‌ വിക്കറ്റ്‌ നഷ്‌ടമായത്‌. ഓഫ്‌ സ്റ്റമ്പിന്‌ പുറത്തേക്ക്‌ വന്ന പന്ത്‌ പോപ്പ്‌ കട്ട്‌ ചെയ്യുകയായിരുന്നു. മികച്ച രീതിയിൽ ഷോട്ടുതിർത്ത ഒലി പോപ്പ്‌ തന്റെ വിക്കറ്റിനെ കുറിച്ച്‌ ചിന്തിക്കുക പോലും ചെയ്യാത്തിടത്തു നിന്നാണ്‌ ഗ്ലെൻ ഫിലിപ്‌സ്‌ ക്യാച്ചെടുത്തത്‌. ഗള്ളിയിലുണ്ടായിരുന്ന ന്യൂസിലൻഡ്‌ താരം വലതു വശത്തേക്ക്‌ പറന്ന്‌, പന്തിനെയും വിക്കറ്റിനെയും കയ്യിൽ സുരക്ഷിതമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ഗ്രൗണ്ടിൽ ഓസീസിനെതിരായ മത്സരത്തിൽ ഫിലിപ്‌സ്‌ സമനാമായ പ്രകടനം പുറത്തെടുത്തിരുന്നു. ടിം സൗത്തിക്ക്‌ തന്നെയായിരുന്നു അന്നും വിക്കറ്റ്‌. ഗള്ളിയിൽ തന്നെയായിരുന്നു അന്നും ഫിലിപ്‌സിന്റെ സ്ഥാനം.

ഇന്ത്യക്കെതിരായ കഴിഞ്ഞ ടെസ്റ്റ്‌ പരമ്പരയിലുൾപ്പെടെ മികച്ച ഓൾറൗണ്ടർ പ്രകടനം കാഴ്‌ചവച്ച താരമാണ്‌ ഗ്ലെൻ ഫിലിപ്‌സ്‌. ബാറ്റ്‌ ചെയ്യാനും ബോൾ ചെയ്യാനും അറിയാവുന്ന താരം മികച്ച ഫീൽഡറും കൂടിയാണ്‌. ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുന്ന നിരവധി മികച്ച ഫീൽഡിങ്‌ പ്രകടനങ്ങൾ താരത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുണ്ട്‌. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും മാത്രമല്ല വിക്കറ്റ്‌ കീപ്പർ റോളിലും താരം തിളങ്ങിയിട്ടുണ്ട്‌.

ഒലി പോപ്പിന്റെ വിക്കറ്റ്‌ വീണതോടെ അഞ്ചിന്‌ 319 എന്ന നിലയിൽ ന്യൂസിലൻഡിനോട്‌ 29 റൺസിന്റെ ലീഡ്‌ വഴങ്ങി നിൽക്കുകയാണ്‌ ഇംഗ്ലണ്ട്‌ ഇപ്പോൾ. ഇംഗ്ലണ്ട്‌ നിരയിൽ സെഞ്ച്വറി തികച്ച ഹാരി ബ്രൂക്ക്‌ (132*), ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ്‌ (37*) എന്നിവരാണ്‌ ക്രീസിലുള്ളത്‌. ആദ്യ ഇന്നിങ്‌സിൽ 348 റൺസായിരുന്നു ന്യൂസിലൻഡിന്റെ സമ്പാദ്യം. ന്യുസിലൻഡിന്റെ മുഴുവൻ വിക്കറ്റുകളും കൂടാരം കയറിയപ്പോൾ ഗ്ലെൻ ഫിലിപ്‌സാണ്‌ (58) അർധസെഞ്ച്വറിയോടെ പുറത്താകാതെ നിന്നത്‌.

Watch Video:-



deshabhimani section

Related News

View More
0 comments
Sort by

Home