വിജയതിലകം: രണ്ടാം ട്വന്റി20യിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചു

ചെന്നൈ: തിലക് വർമയുടെ ഒറ്റയാൾപോരാട്ടത്തിൽ ഇന്ത്യ ജയം കൊയ്‌തു. കൂട്ടുകാരെല്ലാം ബാറ്റ് താഴ്‌ത്തിയപ്പോൾ പതറാതെ ക്രീസിലുറച്ച ഇടംകൈയന്റെ കരുത്തിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യ രണ്ട് വിക്കറ്റിന് ജയിച്ചു. അഞ്ച് മത്സര പരമ്പരയിൽ 2–0ന് മുന്നിലെത്തുകയും ചെയ്‌തു. 166 റൺ വിജയലക്ഷ്യം നാലു പന്ത് ബാക്കിനിൽക്കെയാണ് മറികടന്നത്. തിലക് 55 പന്തിൽ 72 റണ്ണുമായി പുറത്തായില്ല. അവസാന ഓവറിൽ ആറു റൺ വേണമായിരുന്നു ജയിക്കാൻ. രണ്ടു പന്തുകൊണ്ട് ലക്ഷ്യം നേടി.
സ്‌കോർ: ഇംഗ്ലണ്ട് 165/9, ഇന്ത്യ 166/8 (19.2). ടോസ് നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്‌റ്റൻ ജോസ് ബട്‌ലറും (30 പന്തിൽ 45) ബ്രൈഡൻ കാർസുമാണ് (17 പന്തിൽ 31) ഭേദപ്പെട്ട സ്‌കോർ ഒരുക്കിയത്. മറുപടിയിൽ ഇന്ത്യക്കായി സഞ്‌ജു സാംസൺ (7 പന്തിൽ 5) നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 78 റണ്ണെന്ന നിലയിൽ പതറിയ ടീമിനെ വാഷിങ്‌ടൺ സുന്ദറിനൊപ്പം (19 പന്തിൽ 26) ചേർന്ന് തിലക് കരകയറ്റി. അഞ്ച് സിക്‌സറും നാല് ഫോറും ഉൾപ്പെടുന്നതാണ് തിലകിന്റെ ഇന്നിങ്‌സ്. 28ന് രാജ്‌കോട്ടിലാണ് മൂന്നാം ട്വന്റി20.









0 comments