റോയലായി ട്രിവാൻഡ്രം മടങ്ങി; ആലപ്പി റിപ്പിൾസിനെതിരെ 110 റൺസിന്റെ ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ ട്രിവാൻഡ്രം റോയൽസിന് ഉജ്വല വിജയം. 110 റൺസിനാണ് ട്രിവാൻഡ്രം ആലപ്പിയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി 17 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തോൽവിയോടെ ആലപ്പി റിപ്പിൾസിൻ്റെ സെമി സാധ്യതയും മങ്ങി. ട്രിവാൻഡ്രം റോയൽസിൻ്റെ സെമി സാധ്യതകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. റോയൽസിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീൺ ആണ് പ്ലെയർ ഓഫ് ദി മാച്ച്.
അവസാന മത്സരത്തിൽ ഓപ്പണർമാർ മികച്ച തുടക്കമാണ് റോയൽസിന് നല്കിയത്. കൃഷ്ണപ്രസാദും വിഷ്ണുരാജും ചേർന്ന് 154 റൺസാണ് ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇരുവരും ചേർന്ന് ആഞ്ഞടിക്കുകയായിരുന്നു. 36 പന്തുകളിൽ നിന്നായിരുന്നു കൃഷ്ണപ്രസാദ് അർദ്ധസെഞ്ച്വറി തികച്ചത്. എന്നാൽ അൻപതിൽ നിന്ന് തൊണ്ണൂറിലേക്കെത്താൻ വേണ്ടി വന്നത് 16 പന്തുകളും. തുടരെ രണ്ടാം സെഞ്ചുറിയിലേക്കെന്ന് തോന്നിച്ച കൃഷ്ണപ്രസാദ് 52 പന്തിൽ 90 റൺസെടുത്താണ് പുറത്തായത്. തൊട്ടടുത്ത ഓവറിൽ 60 റൺസെടുത്ത വിഷ്ണുരാജും മടങ്ങി. അവസാന ഓവറിൽ ആഞ്ഞടിച്ച എം നിഖിലും സഞ്ജീവ് സതീശനുമാണ് റോയൽസിൻ്റെ സ്കോർ 200 കടത്തിയത്. സഞ്ജീവ് സതീശൻ 12 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 31 റൺസാണ് നേടിയത്. നിഖിൽ ഏഴ് പന്തുകളിൽ നിന്ന് 18 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മുഹമ്മദ് അസറുദ്ദീൻ്റെ അഭാവത്തിൽ എ കെ ആകർഷായിരുന്നു ജലജ് സക്സേനയ്ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്സ് തുറന്നത്. എന്നാൽ തുടക്കത്തിൽ തന്നെ ജലജ് സക്സേന റണ്ണൗട്ടായത് ടീമിന് തിരിച്ചടിയായി. ആകർഷും കെ എ അരുണും ചേർന്നുള്ള കൂട്ടുകെട്ട് ആലപ്പിയ്ക്ക് പ്രതീക്ഷ നല്കിയെങ്കിലും അത് ഏറെ നീണ്ടില്ല. ഒൻപതാം ഓവറിൽ അരുണിനെയും അഭിഷേക് പി നായരെയും മടക്കി അഭിജിത് പ്രവീൺ ആലപ്പിയുടെ മുന്നേറ്റത്തിന് തടയിട്ടു. ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അക്ഷയ് ടി കെ റണ്ണൌട്ടായി. ഒരു റണ്ണെടുത്ത മുഹമ്മദ് കൈഫിനെയും അഭിജിത് പ്രവീൺ പുറത്താക്കിയതോടെ ആലപ്പിയുടെ തകർച്ച പൂർണ്ണമായി. 43 പന്തുകളിൽ നിന്ന് 55 റൺസെടുത്ത എ കെ ആകർഷാണ് ആലപ്പിയുടെ ടോപ് സ്കോറർ. നാലോവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അഭിജിത് പ്രവീണാണ് റോയൽസിൻ്റെ ബൌളിങ് നിരയിൽ തിളങ്ങിയത്.









0 comments