നിസങ്കയ്ക്ക് സെഞ്ചുറി; തിരിച്ചടിച്ച് ശ്രീലങ്ക, ശക്തമായ നിലയിൽ

ഗാലെ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ തിരിച്ചടിച്ച് ശ്രീലങ്ക. ഓപ്പണർ പതും നിസങ്കയുടെ (256 പന്തിൽ 187) തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ മൂന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 368 എന്ന നിലയിലാണ് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 495ന് പുറത്തായി. ബംഗ്ലാദേശിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ശ്രീലങ്കക്ക് 127 റൺസ് കൂടി മതി.
മൂന്നാം ദിവസം 484/9 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച് ബംഗ്ലാദേശിന് 11 റൺസ് കൂടിയെ കൂട്ടിചേർക്കാനായിള്ളൂ. വമ്പൻ സ്കോർ ലക്ഷ്യമാക്കി കളത്തിലിറങ്ങിയ ലങ്കയ്ക്കായി നിസങ്കയ്ക്ക് മികച്ച ബാറ്റിങ് പുറത്തെടുത്തു. 23 ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 187 റൺസ് നേടി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ദിനേശ് ചണ്ഡിമൽ 54 റൺസെടുത്തു. വിടവാങ്ങൾ ടെസ്റ്റ് കളിക്കുന്ന ഏയ്ഞ്ചലോ മാത്യൂസ് 39 റൺസെടുത്ത് പുറത്തായി. 37 റൺസുമായി കമിന്ദു മെൻഡിസും 17 റൺസോടെ ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവയുമാണ് ക്രീസിൽ. ബംഗ്ലാദേശിനായി നയീം ഹസൻ, തൈജുൽ ഇസ്ലാം, മോമിനുൾ ഹഖ്, ഹസൻ മഹ്മൂദ് എന്നിവരാണ് വിക്കറ്റ് നേടിയത്.
ഒന്നാം ഇന്നിങ്സിൽ സെഞ്ചുറികളുമായി തിളങ്ങിയ ക്യാപ്‌റ്റൻ നജ്‌മുൾ ഹൊസൈൻ ഷാന്റോയും (148) മുഷ്‌ഫിക്കർ റഹീമുമാണ് (163) ബംഗ്ലാദേശ് സ്കോർ ഉയർത്തിയത്. 45 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായശേഷമാണ് ഇവർ ഒത്തുചേർന്നത്. നാലാം വിക്കറ്റിൽ 264 റണ്ണടിച്ചു. ലിറ്റൺ ദാസ് 90 റണ്ണെടുത്തു. ലങ്കൻ നിരയിൽ അസിത ഫെർണാണ്ടൊ, മിലൻ പ്രിയാനാഥ്, തരീന്ദു രത്നായകെ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.









0 comments