വീണ്ടും സഞ്ജു ഷോ; കൊച്ചി ബ്ലൂ ടൈഗേഴ്സ് 3 വിക്കറ്റ് ജയം

SANJU
വെബ് ഡെസ്ക്

Published on Aug 31, 2025, 10:52 PM | 2 min read

തിരുവനന്തപുരം: കെസിഎല്ലിൽ വീണ്ടും സഞ്ജു ഷോ. സഞ്ജു സാംസൻ (83) നേടിയ അർധ സെഞ്ചുറിയുടെ മികവിൽ ആലപ്പി റിപ്പിൾസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി പത്ത് പന്ത് ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. സഞ്ജുവാണ് പ്ലെയർ ഓഫ് ദി മാച്ച്. എട്ട് മത്സരത്തിൽ നിന്ന് 12 പോയന്റുമായി കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് പോയന്റ് പട്ടികയിൽ ഒന്നാമത് തുടരുകയാണ്.


ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസാണെടുത്തത്. 71 റൺസെടുത്ത ജലജ് സക്സേനയാണ് ആലപ്പി റിപ്പിൾസിൻ്റെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിൾസിന് മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യ ഓവറുകളിൽ ആഞ്ഞടിച്ചത് ജലജ് സക്സേനയാണ്. ശ്രീഹരി എസ് നായർ എറിഞ്ഞ രണ്ടാം ഓവറിൽ തുടരെ രണ്ട് ഫോറും രണ്ട് സിക്സും അടക്കം 20 റൺസാണ് ജലജ് സക്സേന നേടിയത്. ജോബിൻ ജോബി എറിഞ്ഞ നാലാം ഓവറിലും ആറാം ഓവറിലും മൂന്ന് ഫോറുകൾ വീതം നേടിയ ജലജ് അതിവേഗം സ്കോറുയർത്തി. നാലാം ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ അൻപതിലെത്തി. 25 പന്തുകളിൽ ജലജ് അർദ്ധ സെഞ്ച്വറി തികച്ചു. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 94 റൺസാണ് പിറന്നത്. 71 റൺസെടുത്ത ജലജ് സക്സേനയെ പി എസ് ജെറിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.42 പന്തുകളിൽ 11 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ജലജിൻ്റെ ഇന്നിങ്സ്.


ജലജ് മടങ്ങിയതോടെ അസറുദ്ദീൻ സ്കോറിങ് വേഗത്തിലാക്കി. അഭിഷേക് പി നായർ മികച്ച പിന്തുണ നല്കി. 24 റൺസെടുത്ത അഭിഷേക് പി നായരെയും പി എസ് ജെറിനാണ് പുറത്താക്കിയത്. കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ആലപ്പിയുടെ ഇന്നിങ്സിന് തടയിട്ടത് 18ആം ഓവറിൽ കെ എം ആസിഫാണ്. തുടരെയുള്ള പന്തുകളിൽ മുഹമ്മദ് അസറുദ്ദീനെയും മുഹമ്മദ് ഇനാനെയും പുറത്താക്കിയ ആസിഫ് ആ ഓവറിൽ ഏഴ് റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. 43 പന്തുകളിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 64 റൺസാണ് അസറുദ്ദീൻ നേടിയത്. തുടർന്നെത്തിയ മുഹമ്മദ് കൈഫും ഒരു റണ്ണുമായി മടങ്ങി. കൊച്ചിയുടെ ബൌളർമാർ കണിശതയോടെ പന്തെറിഞ്ഞത് ആലപ്പിയുടെ സ്കോറിങ് ദുഷ്കരമാക്കി. ജോബിൻ ജോബി എറിഞ്ഞ 19ആം ഓവർ മെയ്ഡനായി. ആ ഓവറിൽ ജോബിൻ ഒരു വിക്കറ്റും വീഴ്ത്തി. ആലപ്പിയുടെ ഇന്നിങ്സ് 176ൽ അവസാനിച്ചു. കൊച്ചിയ്ക്ക് വേണ്ടി കെ എം ആസിഫ് മൂന്നും പി എസ് ജെറിൻ രണ്ട് വിക്കറ്റും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് സഞ്ജു സാംസനും വിനൂപ് മനോഹരനും ചേർന്ന് അതിവേഗ തുടക്കം നൽകി. എന്നാൽ അഞ്ചാം ഓവറിൽ വിനൂപ് മനോഹരനെയും മൊഹമ്മദ് ഷാനുവിനെയും രാഹുൽ ചന്ദ്രൻ പുറത്താക്കി. വിനൂപ് 11 പന്തിൽ 23 റൺസെടുത്തപ്പോൾ ഷാനുവിന് അക്കൌണ്ട് തുറക്കാനായില്ല. മറുവശത്ത് കരുതലോടെ ബാറ്റ് വീശിയ സഞ്ജു, നിഖിൽ തോട്ടത്തിലിനും അജീഷിനുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ കണ്ടെത്തി. എന്നാൽ സ്കോർ 135ൽ നിൽക്കെ സഞ്ജു മടങ്ങി. 41 പന്തുകളിൽ രണ്ട് ഫോറും ഒൻപത് സിക്സുമടക്കം 83 റൺസാണ് സഞ്ജു നേടിയത്.


തൊട്ടടുത്ത ഓവറിൽ സാലി സാംസനെയും ജോബിൻ ജോബിയെയും ജലജ് സക്സേന പുറത്താക്കിയതോടെ കളി ആവേശ നിമിഷങ്ങളിലേക്ക്. എന്നാൽ സമ്മർദ്ദ നിമിഷങ്ങളിൽ അജീഷിൻ്റെയും ജെറിൻ്റെയും നിർണ്ണായക ഇന്നിങ്സുകൾ കൊച്ചിയ്ക്ക് തുണയായി. അജീഷ് 13 പന്തുകളിൽ നിന്ന് 18 റൺസെടുത്തപ്പോൾ ജെറിൻ 13 പന്തുകളിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്നു. 18.2 ഓവറിൽ കൊച്ചി ലക്ഷ്യത്തിലെത്തി. ആലപ്പിയ്ക്ക് വേണ്ടി രാഹുൽ ചന്ദ്രനും ശ്രീരൂപും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Home