രഞ്ജി ട്രോഫി; കലാശപ്പോരിൽ കണ്ണുംനട്ട് തലശേരി

സൽമാൻ നിസാർ
തലശേരി: രഞ്ജിട്രോഫി ഫൈനലിൽ കേരള-വിദർഭ പോരാട്ടത്തിന് നാഗ്‌പൂരിൽ ബുധനാഴ്‌ച പിച്ചൊരുങ്ങുമ്പോൾ തികഞ്ഞ പ്രതീക്ഷയിലാണ് കേരളം. കലാശക്കളിയിൽ തലശേരി സ്വദേശികളായ മൂന്നുപേരിറങ്ങുന്നതോടെ ക്രിക്കറ്റിന്റെ ഈറ്റില്ലമായ നഗരത്തിന്റെ കണ്ണും കാതും വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിലേക്കാണ്.
സെമിയിൽ കേരളത്തിന്റെ തലവരമാറ്റിയെഴുതിയ സൽമാൻ നിസാറും കോടിയേരി പാറാൽ സ്വദേശി അക്ഷയ് ചന്ദ്രനും വരുൺ നായനാരും ഉൾപ്പെട്ടതാണ് കേരള സ്‌ക്വാഡ്. സൽമാൻ നിസാർ മികച്ച ഫോമിലാണെങ്കിൽ ബാറ്റിലും ബൗളിങ്ങിലും ഒരുപോലെ കഴിവ് തെളിയിച്ച അക്ഷയ്‌ചന്ദ്രനിലും ടീമിന് പ്രതീക്ഷയുണ്ട്. മികച്ച ബാറ്ററാണ് വരുൺ നായനാർ. ഓപ്പണറായ അക്ഷയ് ഓരോ മാച്ചിലും ടീമിന് മികച്ച അടിത്തറയാണ് ഒരുക്കുന്നത്. ഹരിയാനക്കെതിരെ 59 റൺസ് എഴുതിച്ചേർത്തതാണ് ഈ സീസണിലെ മികച്ച പ്രകടനം.
കാസർകോട് സ്വദേശി മുഹമ്മദ് അസ്‌ഹറുദ്ദീനെകൂടി ചേർത്താൽ വടക്കൻ കേരളത്തിന് ഈ രഞ്ജി ട്രോഫിയിൽ അഭിമാനിക്കാൻ ഏറെയാണ്. കേരളത്തിന് വിജയ പ്രതീക്ഷയുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പറഞ്ഞു. വിദർഭയും മികച്ച ടീമാണ്. സെമിയിലെ മിന്നുന്ന ജയം കേരള ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നാഗ്‌പുർ സ്‌റ്റേഡിയത്തിൽനിന്ന് നല്ല വാർത്തക്കായി നമുക്ക് കാത്തിരിക്കാം–ബിനീഷ് പറഞ്ഞു. തോൽവിയറിയാതെ ഫൈനലിലെത്തിയ കേരള സ്‌ക്വാഡിൽ പ്രതീക്ഷയുണ്ടെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഫിജാസ് അഹമ്മദ് പറഞ്ഞു. ക്വാർട്ടറിലും സെമിയിലുമെല്ലാം കേരളത്തിന്റെ പ്രകടനം നാം കണ്ടതാണ്. മികച്ച ഫോമിലാണിപ്പോൾ ടീമെന്നും ഫിജാസ് പറഞ്ഞു.









0 comments