യൂത്ത‌് ഒളിമ്പിക‌്സ‌് : ഹോക്കിയിൽ ഇരട്ടവെള്ളി

ബ്യൂനസ‌് ഐറിസ‌്
യൂത്ത‌് ഒളിമ്പിക‌്സിൽ മിന്നുന്ന പ്രകടനത്തിലൂടെ മുന്നേറിയ ഇന്ത്യൻ ഹോക്കി ടീമുകൾക്ക‌് ഫൈനലിൽ കാലിടറി. എങ്കിലും യൂത്ത‌് ഒളിമ്പിക‌്സിലെ ആദ്യ അവസരം വെള്ളി നേട്ടമാക്കി പുരുഷ–വനിതാ ടീമുകൾ ചരിത്രം കുറിച്ചു. ഇതോടെ ഇന്ത്യക്ക‌് മേളയിൽ ആകെ 10 മെഡലുകളായി. മൂന്ന‌് സ്വർണവും ഏഴ‌് വെള്ളിയും. പത്താം സ്ഥാനത്താണ‌് ഇന്ത്യ. 24 സ്വർണമുൾപ്പെടെ 43 മെഡലുകളുമായി റഷ്യയാണ‌് ഒന്നാമത‌്.
ഹോക്കിയിൽ പുരുഷ ടീം ഫൈനലിൽ മലേഷ്യയോട‌് 2–4ന‌് തോറ്റു. വനിതകൾ ആതിഥേയരായ അർജന്റീനയ‌്ക്ക‌് മുന്നിൽ കീഴടങ്ങി (1–3). മലേഷ്യയുടെയും അർജന്റീനയുടെയും യൂത്ത‌് ഒളിമ്പിക‌്സിലെ ആദ്യ ഹോക്കി സ്വർണമാണിത‌്. പുരുഷ വിഭാഗത്തിൽ അർജന്റീനയ‌്ക്കാണ‌് മൂന്നാംസ്ഥാനം. വനിതകളിൽ ചൈന മൂന്നാം സ്ഥാനംനേടി. അർജന്റീന സാമ്പിയയെ 4–0നും ചൈന ദക്ഷിണാഫ്രിക്കയെ 6–0നും തോൽപ്പിച്ചു.
പുരുഷ ഫൈനലിൽ തകർപ്പൻ തുടക്കമാണ‌് ഇന്ത്യക്ക‌് കിട്ടയത‌്. രണ്ട‌് മിനിറ്റ‌് തികയുംമുമ്പ‌് വിവേക‌് സാഗർ പ്രസാദിലൂടെ ഇന്ത്യ മുന്നിലെത്തി. പക്ഷേ, അടുത്ത രണ്ട‌് മിനിറ്റിനുള്ളിൽ മലേഷ്യ തിരിച്ചടിച്ചു. ഫിർദൗദ‌് റോസ‌്ദിയാണ‌് ഗോളടിച്ചത‌്. വീണ്ടും ഇന്ത്യ മുന്നിലെത്തി. പ്രസാദിന്റെ രണ്ടാംഗോളിലൂടെ 2–1ന‌് മുന്നിൽ. ആദ്യപകുതിയിൽ ഈ സ‌്കോറുമായി ഇന്ത്യ അവസാനിപ്പിച്ചു. പക്ഷേ, ഇടവേളയ‌്ക്കുശേഷം മലേഷ്യ ശക്തമായി തിരിച്ചടിച്ചു. അഖിമുല്ല അനുർ സമനില ഗോൾ നേടി. അമിറുൾ അസ‌്ഹർ ലീഡും കുറിച്ചു. അവസാന നിമിഷം രണ്ടാംഗോളിലൂടെ അനുർ മലേഷ്യയുടെ സ്വർണം ഉറപ്പാക്കി.
വനിതകളിലും ലീഡ‌് നേടിയശേഷമായിരുന്ന ഇന്ത്യയുടെ തോൽവി. കളി തുടങ്ങി 49 സെക്കൻഡിനുള്ളിൽ മുംതാസ‌് ഖാൻ ഇന്ത്യയെ മുന്നിലെത്തിച്ചു. പക്ഷേ, അർജന്റീനയുടെ തിരിച്ചടി പെട്ടെന്നായിരുന്നു. ഗിയാനെല്ല പാലെറ്റ‌്, സോഫിയ റാമല്ലോ, ബ്രിസ ബ്രഗസെർ എന്നിവരിലൂടെ അർജന്റീന ജയമുറപ്പാക്കി. ഇന്ത്യ ആദ്യമായാണ‌് യൂത്ത‌് ഒളിമ്പിക‌്സിൽ ഹോക്കി കളിക്കുന്നത‌്.









0 comments