തളിരിട്ടു വീണ്ടും തളരാത്ത മെസി

വെംബ്ലി
വീണ്ടും മെസിയുടെ വിസ‌്മയം. ഇത്തവണ 82137 സാക്ഷികൾ. വെംബ്ലിയിൽ ബാഴ‌്സലോണയുടെ നായകന്റെ മാന്ത്രികനീക്കങ്ങൾ. അതിൽ രണ്ട‌് ഗോളുകൾ പിറന്നു. ചാമ്പ്യൻസ‌് ലീഗിൽ ടോട്ടനം ഹോട്‌സ്‌പർ തോറ്റു.
കളിയിൽ കൈയടക്കമുള്ള ശിൽപ്പിയായി മെസി. കൂട്ടുകാർക്ക‌് അവസരമൊരുക്കി. രണ്ടുതവണ ക്രോസ‌് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. ഏണസ‌്റ്റോ വാൽവർദെയൊരുക്കിയ ആക്രമണ വ്യൂഹത്തിന്റെ അമരക്കാരനായി മെസി. കളി ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം എഴുതിച്ചേർത്താണ‌് ഈ മുപ്പത്തൊന്നുകാരൻ കളംവിട്ടത‌്. ഇല്ല, ലയണൽ മെസി ക്ഷീണിച്ചിട്ടില്ല.
വെംബ്ലിയിൽ 90 മിനിറ്റ‌് അവസാനിച്ചപ്പോൾ 4–2ന‌് ജയം ബാഴ‌്സയ്ക്കൊപ്പംനിന്നു. ചാമ്പ്യൻസ‌് ലീഗ‌് ഈ സീസണിലെ തുടർച്ചയായ രണ്ടാംജയം.
കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ തോൽവിയറിഞ്ഞു. ഒരു ഗോളിന‌് ഇറ്റാലിയൻ ക്ലബ‌് നാപോളിയോടാണ‌് ലിവർപൂൾ തോറ്റത‌്. മറ്റ‌് മത്സരങ്ങളിൽ ഇന്റർ മിലാൻ പിഎസ‌്‌വി ഐന്തോവനെയും (2–1) അത‌്‌ലറ്റികോ മാഡ്രിഡ‌് ക്ലബ‌് ബ്രുഗെയെയും (3–1) തോൽപ്പിച്ചു. മൊണാകോയെ ബൊറൂസിയ ഡോർട്ട‌്മുണ്ട‌് മൂന്ന‌് ഗോളിന‌് തകർത്തു. ഗലറ്റസറിയെ ഒരു ഗോളിന‌് തകർത്ത‌് പോർടോയും മിന്നി.
സ‌്പാനിഷ‌് ലീഗിൽ തുടർച്ചയായ മൂന്ന‌് കളികളിൽ ജയമില്ലാതിരുന്ന ബാഴ‌്സ ടോട്ടനത്തിനെതിരെ രണ്ടും കൽപ്പിച്ചിറങ്ങി. പരീക്ഷണകാലഘട്ടത്തിൽ മെസി കറ്റാലൻമാരുടെ വീരനായകനായി. വെംബ്ലിയിൽ ബാഴ‌്സയുടെ ചോരയ‌്ക്കായി ആർപ്പുവിളിച്ചവരെ മനോഹരമായ കളികൊണ്ട‌് മെസി നിശബ‌്ദരാക്കി. മെസിയുടെ കളിയഴകിൽ വെംബ്ലി മതിമറന്നു. രണ്ടാം ജയത്തോടെ ഗ്രൂപ്പ‌് ബിയിൽ ബാഴ‌്സ ഒന്നാമത‌് തന്നെ. ടോട്ടനം രണ്ട‌് കളിയും തോറ്റു.
ഏണസ‌്റ്റോ വാൽവർദെ ആക്രമണകളിക്കാണ‌് ബാഴ‌്സയെ ഒരുക്കിയത‌്. മുൻനിരയിൽ ലൂയിസ‌് സുവാരസും ഫിലിപെ കുടീന്യോയും മെസിക്കൊപ്പം അണിനിരന്നപ്പോൾ ടോട്ടനം പ്രതിരോധം ചിതറി. ടോട്ടനത്തിന്റെയും ആക്രമണം മികച്ചതായിരുന്നു. ഹാരി കെയ‌്നിന്റെയും എറിക‌് ലമേലയുടെയും ഗോളുകളിൽ അവർ തിരിച്ചുവരവിനൊരുങ്ങി. പക്ഷേ, മെസിയായിരുന്നു വ്യത്യാസം. ആദ്യ രണ്ട‌് ഗോളിന‌് വഴിയൊരുക്കി. പിന്നാലെ രണ്ടുതവണ ലക്ഷ്യം കണ്ടു.
കുടീന്യോയുടെ ഗോളിലാണ‌് ബാഴ‌്സ തുടങ്ങിയത‌്. പരിക്കിന്റെ ഇടവേളയ‌്ക്കുശേഷം ടോട്ടനം ഗോൾവലയ‌്ക്ക‌് മുന്നിലെത്തിയ ഹ്യൂഗോ ലോറിസിനെ കളി തുടങ്ങി 92 സെക്കൻഡിനുള്ളിൽ കുടീന്യോ കീഴടക്കി. മെസിയായിരുന്നു ആസൂത്രകൻ. മധ്യവരയ‌്ക്ക‌് തൊട്ടുമുന്നിൽവച്ച‌് ബോക‌്സിന്റെ ഇടതുഭാഗത്തേക്ക‌് മെസി അടിപായിച്ചു. ആൽബ പിടിച്ചെടുത്തു. വലയ‌്ക്ക‌് മുന്നിലുള്ള കുടീന്യോയ‌്ക്ക‌്. ലോറിസിന‌് പിഴച്ചു.
ആദ്യപകുതിക്ക‌് മുമ്പ‌് ഇവാൻ റാകിടിച്ചിന്റെ മനോഹരമായ വോളിയിൽ ബാഴ‌്സ നേട്ടം രണ്ടാക്കി. 20വാര അകലെനിന്നായിരുന്നു റാകിടിച്ചിന്റെ അടി.
മെസി എല്ലാ നീക്കങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചു. ഇതിനിടെ തൊടുത്ത രണ്ട‌് തകർപ്പൻ ഷോട്ടുകൾ ക്രോസ‌് ബാറിൽ തട്ടിത്തെറിച്ചു. പിന്നാലെ കെയ‌്നിന്റെ ഗോളിൽ ടോട്ടനം തിരിച്ചുവരവ‌് പ്രതീക്ഷിച്ചു. ടോട്ടനത്തിന്റെ ഗോളിനുള്ള ശ്രമത്തിനിടയിൽ മെസി വീണ്ടും അവരുടെ വല തകർത്തു. ലമേല ടോട്ടനത്തിനായി ഒരെണ്ണം തിരിച്ചടിച്ചു. പക്ഷേ, അവസാനചിരി മെസിയുടേതായിരുന്നു. കളി തീരാൻ നിമിഷങ്ങൾ ശേഷിക്കെ മെസി ബാഴ‌്സയുടെ ജയം പൂർത്തിയാക്കി.
ടോട്ടനത്തിനോടെന്നപോലെ അവസാന നിമിഷം തിരിച്ചടിച്ചാണ‌് ഇന്റർ ഐന്തോവനെയും കീഴടക്കിയത‌്. പാബ്ലോ റൊസാരിയോയുടെ ഗോളിൽ പിന്നിലായ ഇന്റർ റയ‌്ദ നയ‌്ൻഗൊളാൻ, മൗറോ ഇകാർഡി എന്നിവരുടെ ഗോളിൽ തിരിച്ചുവന്നു. ഗ്രൂപ്പ‌് ബിയിൽ ബാഴ‌്സയ‌്ക്ക‌് പിന്നിൽ രണ്ടാമതാണ‌് ഇന്റർ.
ഗ്രൂപ്പ‌് സിയിൽ ലൊറെൻസോ ഇൻസിന്യെ 90–ാം മിനിറ്റിൽ നേടിയ ഗോളിലാണ‌് നാപോളി ലിവർപൂളിന്റെ കഥകഴിച്ചത‌്. നാല‌് പോയിന്റുമായി നാപോളി ഗ്രൂപ്പിൽ ഒന്നാമതെത്തി. ലിവർപൂളാണ‌് രണ്ടാമത‌്. സെർബിയൻ ക്ലബ‌് ക്രെവേന സ്വെസ‌്ദെയെ 6–1ന‌് തകർത്ത പിഎസ‌്ജി മൂന്നാമതുണ്ട‌്. നെയ‌്മറുടെ ഹാട്രിക‌് മികവിലാണ‌് പിഎസ‌്ജിയുടെ തകർപ്പൻ ജയം. ഏഞ്ചൽ ഡി മരിയ, കിലിയൻ എംബാപ്പെ, എഡിൻസൺ കവാനി എന്നിവരും പിഎസ‌്ജിക്കായി ഗോൾ നേടി.
ഗ്രൂപ്പ‌് എയിൽ ബ്രുഗെയ‌്ക്കെതിരെ ഒൺട്വാൻ ഗ്രീസ‌്മാന്റെ ഇരട്ടഗോളിലായിരുന്നു അത‌്‌ലറ്റികോയുടെ ജയം. മൂന്നാം ഗോൾ കോകെ നേടി.









0 comments