ഇന്ത്യ ബംഗ്ലാദേശിനെതിരെ

ദുബായ്
പാകിസ്ഥാനെതിരായ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് കളിയും ജയിച്ചാണ് ഇന്ത്യ സൂപ്പർഫോറിലെ ആദ്യമത്സരത്തിനിറങ്ങുന്നത്. സൂപ്പർഫോറിലെ മറ്റൊരു മത്സരത്തിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും.
പാകിസ്ഥാനെതിരെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 164 റണ്ണിന് പാകിസ്ഥാനെ പുറത്താക്കിയ ഇന്ത്യ 29 ഓവറിൽ വിജയംകണ്ടു. രോഹിത് ശർമയുടെയും (39 പന്തിൽ 52) ശിഖർ ധവാന്റെയും (54 പന്തിൽ 46) ബാറ്റിങ് മികവ് ഇന്ത്യയുടെ ജയം എളുപ്പത്തിലാക്കി.
സൂപ്പർ ഫോറിൽ പാകിസ്ഥാനുമായി വീണ്ടും കളിയുണ്ട് ഇന്ത്യക്ക്. ഞായറാഴ്ചയാണ് ഈ മത്സരം. 25ന് അവസാന മത്സരത്തിൽ അഫ്ഗാനെയും നേരിടും. 28നാണ് െെഫനൽ.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്. ടീമിൽ മാറ്റങ്ങളുണ്ടായേക്കും. ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ഭുവനേശ്വറായിരുന്നു പാകിസ്ഥാനെതിരെ കളിയിലെ കേമനായത്. മൂന്ന് വിക്കറ്റാണ് ഭുവനേശ്വർ നേടിയത്. ഭുവനേശ്വർ ഇറങ്ങിയില്ലെങ്കിൽ ഖലീൽ അഹമ്മദ് കളിക്കാനെത്തും. രവീന്ദ്ര ജഡേജയും കളിക്കുമെന്നാണ് സൂചന.









0 comments