‘ഷൂട്ടൗട്ട് ഞങ്ങൾക്ക് പേടിയില്ല’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2018, 06:15 PM | 0 min read


സ്പാർട്ടക്
ആ മത്സരത്തിന് മൂന്നു ഘട്ടങ്ങളായിരുന്നു. ഘട്ടം 1: രണ്ടാം പകുതിയുടെ തുടക്കം പെനൽറ്റിയിലൂടെ ഒരു ഗോൾ നേടിയ ഇംഗ്ലണ്ട് നിശ്ചിത സമയത്ത് ജയം ഉറപ്പിച്ചു. വിജയാഹ്ലാദം തുടങ്ങിയ ആരാധകരെ ഞെട്ടിച്ച് പരിക്കുസമയത്ത് യെറി മിനയുടെ തകർപ്പൻ ഹെഡ്ഡർ. കൊളംബിയ സമനില പിടിച്ചു. എല്ലാം തകിടംമറിഞ്ഞു.

ഘട്ടം 2: അധികസമയത്ത് സമനില പൂട്ട് തുറന്നില്ല. മത്സരം ഷുട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിൽ പതറുന്ന സ്വന്തം ടീമിൽ പ്രതീക്ഷയില്ലാതെ ഇംഗ്ലീഷ് കാണികൾ ഗ്യാലറിയിൽനിന്നു മടങ്ങിത്തുടങ്ങി. ഷൂട്ടൗട്ടിൽ കൊളംബിയയുടെ ആദ്യ മൂന്നു കിക്കും വലയിൽ. ഇംഗ്ലണ്ടിന്റെ മൂന്നാം കിക്ക് ഹെൻഡേഴ്സൻ പാഴാക്കി. ദുരന്തത്തുടർച്ച കാണാനാകില്ലെന്ന മട്ടിൽ അവശേഷിച്ച ഇംഗ്ലീഷ് കാണികളും കസേര വിട്ടെഴുന്നേറ്റു.

ഘട്ടം 3:  മതിയാസ് ഉറിബേയുടെ കിക്ക് ബാറിൽ തട്ടിത്തെറിച്ചു. ഇംഗ്ലണ്ട് ഒപ്പമെത്തി. കാർലോസ് ബക്കയുടെ ഷോട്ട് ജോർദാൻ പിക്ക്ഫോർഡ് അതിഗംഭീരമായി തട്ടിയകറ്റി. ഇംഗ്ലണ്ട് ക്വാർട്ടറിൽ. ഇംഗ്ലീഷ് താരങ്ങൾ കെട്ടിപ്പുണർന്നു. ഒന്നു തരിച്ചുപോയി ആരാധകർ. പിന്നെ ആഹ്ലാദം അണപൊട്ടി.
ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് വിജയം, ലോകകപ്പിൽ 12 വർഷത്തിനുശേഷമുള്ള നോക്കൗട്ട് വിജയം, ഷൂട്ടൗട്ടിൽ ഇംഗ്ലീഷ് ഗോളി പെനൽറ്റി തടുക്കുന്നത് 20 വർഷത്തിനുശേഷം ആദ്യം... പ്രീക്വാർട്ടറിൽ ഇംഗ്ലീഷുകാർ ഷൂട്ടൗട്ട് ഭീതിയുടെ നീരാളിക്കൈകൾ ഓരോന്നായി തട്ടിയെറിഞ്ഞു. പ്രധാന ടൂർണമെന്റുകളിൽ എട്ടുതവണ ഷൂട്ടൗട്ട് നേരിട്ടപ്പോൾ മുമ്പ് ഒരിക്കൽ മാത്രമാണ് ഇംഗ്ലീഷുകാർ അതിജീവിച്ചത്. 1996ലെ യൂറോകപ്പിൽ സ്പെയ്നെതിരെ മാത്രം. മനക്കരുത്തില്ലാത്തവർ, വിജയദാഹമില്ലാത്തവർ, വലിയ വേദികളിൽ പതറുന്നവർ, വീറോടെ പന്തുതട്ടാൻ ധൈര്യമില്ലാത്തവർ... ഫുട്ബോളിൽ ഏറ്റവും കൂടുതൽ പാരമ്പര്യം അവകാശപ്പെടുന്നവർ പതിവായി കേൾക്കുന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല. അതിനെല്ലാമുള്ള ചെറിയ മറുപടിയായി ചൊവ്വാഴ്ച സ്പാർട്ടക് അരീനയിലെ വിജയം.

തനതുകളി പുറത്തെടുക്കാൻ മറന്ന ടീമുകൾ മർമ്മമറിഞ്ഞുള്ള തന്ത്രങ്ങൾക്കും മടിച്ചപ്പോൾ അവസാന പ്രീക്വാർട്ടർ നിലവാരത്തിലേക്ക് ഉയർന്നില്ല. നോക്കൗട്ട് ഭീതിയിൽനിന്ന് ഇംഗ്ലീഷുകാർ മോചിതരാകാത്തതുപോലെ തോന്നി തുടക്കത്തിൽ. കഴിഞ്ഞ മത്സരങ്ങളിൽ പ്രകടിപ്പിച്ച ആത്മവിശ്വാസം അവരെ വിട്ടകന്നപോലെ. അയൽക്കാരായ ബ്രസീലിൽനിന്ന് ആവേശം ഉൾക്കൊള്ളാനാകാതെ കൊളംബിയയും മാളത്തിലൊളിച്ചു. ഓർമിക്കാനൊന്നുമില്ലാതെ ആദ്യപകുതി തീർന്നു.

രണ്ടാം പകുതിയുടെ തുടക്കം ഹാരി കെയ്നിന്റെ പെനൽറ്റിഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തി. കെയ്നിനെ കാർലോസ് സാഞ്ചസ് വലിച്ചുനിലത്തിട്ടതിനായിരുന്നു പിഴ. എന്നിട്ടും കളി ചൂടുപിടിച്ചില്ല. ലീഡ് വഴങ്ങിയതോടെ പ്രകോപിതരായ കൊളംബിയ പരുക്കൻ കളി പുറത്തെടുത്തു. ആറ് മഞ്ഞക്കാർഡാണ് അവർ ചോദിച്ചുവാങ്ങിയത്. മത്സരം നിയന്ത്രിക്കുന്നതിൽ അമേരിക്കക്കാരനായ റഫറി മാർക്ക് ഗീഗർ പരാജയപ്പെട്ടു. കളിയുടെ ആവേശം കെട്ടു. ഇംഗ്ലണ്ട് അനായാസം ജയിക്കുമെന്ന നിലയായി.

പരിക്കുസമയത്ത് കൊളംബിയ ഒന്നാളിക്കത്തി. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് യെറി മിനയുടെ തകർപ്പൻ ഹെഡ്ഡറിൽ സമനില. അധികസമയത്തേക്ക് നീണ്ടെങ്കിലും ഗോൾനിലയിൽ മാറ്റമുണ്ടായില്ല.

ടൈബ്രേക്കിൽ രണ്ടുതവണ പിഴച്ച കൊളംബിയ തോൽവി വഴങ്ങി. ഷൂട്ടൗട്ടിൽ കൊളംബിയയുടെ ഫാൽക്കാവോ, കൊദ്രാദോ, ലൂയിസ് മുറിയൽ എന്നിവരുടെ ഷോട്ടുകൾ വലയിൽ. മതിയസ് ഉറിബെയുടെ ഷോട്ട് ബാറിൽ തട്ടിത്തെറിച്ചു. കാർലോസ് ബക്കയെ പിക്ക്ഫോർഡ് തടുത്തു. ഇംഗ്ലണ്ടിനായി ആദ്യ രണ്ടു കിക്കുകളെടുത്ത നായകൻ ഹാരി കെയ്നും റാഷ്ഫഡും ഗോൾ  നേടി. ഹെൻഡേഴ്സന്റെ ഷോട്ട് എതിർഗോളി ഓസ്പിന തടുത്തു. നാലും അഞ്ചും ഷോട്ടുകൾ കീറൺ ട്രിപ്പിയറും എറിക് ഡയറും വലയിലാക്കി.

സൗത്ത്ഗേറ്റ് 3‐5‐2 ശൈലി തന്നെയാണ് കൊളംബിയക്കെതിരെയും സ്വീകരിച്ചത്. ഊർജ്ജ്വസ്വലരായ യുവതാരങ്ങളെ വിശ്വസിച്ച് ആക്രമണത്തിന് പ്രാധാന്യം നൽകുന്ന തന്ത്രം മുറുകെപ്പിടിച്ചു. ഇംഗ്ലീഷ് മധ്യനിരയിൽ കളിമെനയാൻ മിടുക്കുള്ള താരമില്ലാത്തത് കുറവായി. ഡെലെ അല്ലിയും ജെസി ലിങ്ഗാർഡും തീർത്തും മങ്ങി. ഹെൻഡേഴ്സൻ ഭേദമായിരുന്നു. പന്തു കിട്ടാതാതായതോടെ ഹാരി കെയ്ൻ പലപ്പോഴും സ്വന്തം പകുതിയിലേക്ക് ഇറങ്ങി. റഹീം സ്റ്റെർലിങ്ങിന്റെ ഡ്രിബ്ലിങ് മികവിന് ഗോൾ കൊണ്ടുവരാനായില്ല. ട്രിപ്പിയർ വിങ്ങുകളിലൂടെ കത്തിക്കയറിയെങ്കിലും ആരും പിന്തുണച്ചില്ല.
കൊളംബിയ ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് കടന്നത് അപൂർവമായിരുന്നു. ഇംഗ്ലണ്ടിന്റെ ആലസ്യം മുതലെടുക്കാൻ അവരിൽനിന്ന് ഒരു ശ്രമവും ഉണ്ടായില്ല. കളിയാസൂത്രണത്തിന് അവർക്ക് ആളുണ്ടായില്ല. ജോൺ സ്റ്റോൺസും ഗാരി മഗ്വേറും കൈൽ വാക്കറും കാത്ത ഇംഗ്ലീഷ് പ്രതിരോധം ഭേദിക്കുക എളുപ്പമായിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home