ഒറ്റയടി, ജയം ; കേരളത്തിന് രണ്ടാംജയം , മേഘാലയയെ ഒരു ഗോളിന് തോൽപ്പിച്ചു

ഹൈദരാബാദ്
മേഘാലയൻ കടമ്പയും കടന്ന് സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ കുതിപ്പ്. കുറിയ പാസുകളിലൂടെ കളംപിടിക്കാൻ ശ്രമിച്ച വടക്കുകിഴക്കൻ കരുത്തരെ ആദ്യപകുതിയിൽ മുഹമ്മദ് അജ്‌സൽ നേടിയ മനോഹര ഗോളിലാണ് മറികടന്നത്. രണ്ട് കളിയിൽ ആറ് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാമതാണ് കേരളം. ഗോൾ വ്യത്യാസത്തിൽ ഡൽഹി ഒന്നാമത്.
ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ 37–-ാംമിനിറ്റിൽ കേരളം മുന്നിലെത്തി. മൈതാനമധ്യത്തുനിന്ന് മേഘാലയൻ പ്രതിരോധതാരം നോങ്‌സേജിൽനിന്ന് റാഞ്ചിയ പന്ത് മുഹമ്മദ് അർഷഫ് മുന്നേറ്റതാരം മുഹമ്മദ് അജ്‌സലിന് മറിച്ചുകൊടുത്തു. ബോക്‌സിലേക്ക് കുതിച്ച അജ്‌സൽ രണ്ട് പ്രതിരോധ താരങ്ങൾക്കിടയിലൂടെ തൊടുത്ത ഷോട്ട് പോസ്‌റ്റിന്റെ ഇടതുമൂലയിൽ വിശ്രമിച്ചു. ഗോവയ്‌ക്കെതിരെയും അജ്‌സൽ ലക്ഷ്യം കണ്ടിരുന്നു.
ആദ്യമത്സരത്തിൽനിന്ന് ഒരുമാറ്റവുമായാണ് കേരളം ഇറങ്ങിയത്. മധ്യനിര താരം നസീബ് റഹ്മാന് പകരം ഗനി അഹമ്മദ് നിഗം ആദ്യ പതിനൊന്നിലെത്തി. അജ്‌സലിനൊപ്പം ഗനിയെയും ഇറക്കി ആക്രമണം കടുപ്പിക്കാനുള്ള നീക്കം പക്ഷേ, പ്രതീക്ഷിച്ച ഫലം ചെയ്‌തില്ല. ഗനിയെ മേഘാലയൻ പ്രതിരോധതാരം ലിങ്‌ഖോയ് കൃത്യമായി പൂട്ടിയതോടെ മുന്നേറ്റത്തിന് മൂർച്ച കുറഞ്ഞു.
മൂന്നാംമിനിറ്റിൽ കേരളം ആദ്യ ഗോളിനടുത്തെത്തി. ഇടതുവിങ്ങിൽനിന്ന് ജോസഫ് ജസ്റ്റിൻ തൊടുത്ത മനോഹര ക്രോസ് കണക്ട് ചെയ്യാൻ ക്രിസ്റ്റി ഡേവിസിന് കഴിഞ്ഞില്ല. ഇടയ്‌ക്ക് ചില മിന്നൽനീക്കങ്ങൾ കണ്ടെങ്കിലും മൈതാനമധ്യത്ത് പന്ത് കെട്ടിക്കിടന്നു. അതിനിടെ അജ്‌സലിന്റെ കനത്ത ഷോട്ട് മേഘാലയൻ ഗോളി കുത്തിയകറ്റി.
രണ്ടാംപകുതിയിൽ നാല് മാറ്റങ്ങളുമായി ആക്രമണം കടുപ്പിച്ച മേഘാലയ കേരള പ്രതിരോധനിരയ്‌ക്ക് കനത്ത വെല്ലുവിളിയുയർത്തി. 66–-ാംമിനിറ്റിൽ കേരളം വിറച്ചു. ധമാൻബലാങ് ചിനേയെടുത്ത കോർണറിൽ ലിങ്‌ഖോയ് കൃത്യമായി തലവച്ചു. ഗോളി ഹജ്‌മലിനെ മറികടന്നെങ്കിലും ഗോൾ പോസ്റ്റിൽ തട്ടി തെറിച്ചതോടെ കേരളം ആശ്വസിച്ചു. ക്യാപ്‌റ്റൻ സഞ്ജുവും മനോജും പ്രതിരോധനിരയിൽ തിളങ്ങി. കേരളം ഗനിക്ക് പകരം സജീഷിനെയും അജ്‌സലിന് പകരം വി അർജുനെയും കളിയവസാനം കളത്തിലിറക്കി. അജ്‌സലാണ് കളിയിലെ താരം. നാളെ രാവിലെ ഒമ്പതിന് ഒഡിഷയുമായാണ് അടുത്ത മത്സരം.
ഗോവയ്‌ക്ക്
കാലിടറുന്നു
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ നിലവിലെ റണ്ണറപ്പായ ഗോവയ്‌ക്ക് വീണ്ടും തോൽവി. പുത്തൻ ശക്‌തികളായ ഒഡിഷയോട് രണ്ട് ഗോളിന് കീഴടങ്ങി. ഇതോടെ മുൻ ചാമ്പ്യൻമാരുടെ ക്വാർട്ടർ പ്രതീക്ഷ ആശങ്കയിലായി. ആദ്യകളിയിൽ കേരളത്തോടും തോറ്റിരുന്നു. ഒഡിഷയ്‌ക്കായി രാഹുൽ മുഖിയും കാർത്തിക് ഹന്ദലും ഗോളടിച്ചു. ഗ്രൂപ്പ് ബിയിൽ പോയിന്റില്ലാതെ അവസാനസ്ഥാനത്താണ് ഗോവ. മറ്റൊരു മത്സരത്തിൽ തമിഴ്‌നാടിനെ 2–-0ന് മറികടന്ന് ഡൽഹി തുടർച്ചയായ രണ്ടാംജയം കുറിച്ചു.
ഇന്നത്തെ മത്സരം
മണിപ്പുർ x ജമ്മു കശ്‌മീർ (രാവിലെ 9)
ബംഗാൾ x രാജസ്ഥാൻ (ഉച്ചയ്‌ക്ക് 2.30)
സർവീസസ് x തെലങ്കാന (രാത്രി 7.30)
എസ്‌എസ്‌ഇഎൻ (SSEN) ആപ്പിൽ തത്സമയം









0 comments