ഗോൾ നിറയട്ടെ ; സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന്‌ ലക്ഷദ്വീപിനോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 10:08 PM | 0 min read


കോഴിക്കോട്‌
‘റെയിൽവേ പരീക്ഷ’ പാസായ ആത്മവിശ്വാസത്തിൽ ലക്ഷദ്വീപ്‌ വലയിൽ ഗോൾ നിറയ്‌ക്കാൻ കേരളം. സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാംമത്സരത്തിൽ ഇന്ന്‌, കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ലക്ഷദ്വീപിനെ നേരിടും. പകൽ 3.30നാണ്‌ പോരാട്ടം. ഗ്രൂപ്പ്‌ എച്ചിൽ മൂന്ന്‌ പോയിന്റുള്ള കേരളം രണ്ടാംസ്ഥാനത്താണ്‌. ഇതേ പോയിന്റുള്ള പുതുച്ചേരി ഗോൾവ്യത്യാസത്തിൽ ഒന്നാമത്‌ നിൽക്കുന്നു.  റെയിൽവേസിനും ലക്ഷദ്വീപിനും അക്കൗണ്ട്‌ തുറക്കാനായിട്ടില്ല. ഇന്ന്‌ ആദ്യമത്സരത്തിൽ രാവിലെ 7.30ന്‌ റെയിൽവേസും പുതുച്ചേരിയും ഏറ്റുമുട്ടും.

ഗ്രൂപ്പിൽ വെല്ലുവിളിയാകുമെന്ന്‌ കരുതിയ റെയിൽവേസിനെ ഒറ്റ ഗോളിന്‌ തോൽപ്പിച്ചതിന്റെ ആശ്വാസമുണ്ടെങ്കിലും കളിയിൽ തൃപ്‌തി പോരാ കേരളത്തിന്‌. കാര്യങ്ങൾ വിചാരിച്ച രീതിയിൽ വന്നില്ലെന്ന്‌ പരിശീലകൻ ബിബി തോമസ്‌ പറയുകയും ചെയ്‌തു. മികച്ച നിരയുണ്ടായിട്ടും അവസരങ്ങൾ വിനിയോഗിക്കാനായില്ല.  ലക്ഷദ്വീപിനെയും പുതുച്ചേരിയെയും വീഴ്‌ത്തി ഫൈനൽ റൗണ്ടിൽ എത്തിയാൽ ഈ കളി മതിയാകില്ല. ഡിസംബർ അഞ്ചിന്‌ ഹൈദരാബാദിലാണ്‌ ഫൈനൽ റൗണ്ട്‌. ഒരുങ്ങാൻ സമയമില്ല. അതിനാൽ പ്രധാന റൗണ്ടുകൂടി മനസ്സിൽ കണ്ടാണ്‌ കേരളത്തിന്റെ പുറപ്പാട്‌. ഒത്തിണക്കത്തോടെ കളിക്കാനും കരുത്തുറ്റ ആദ്യ പതിനൊന്നിനെ കണ്ടെത്താനുമാണ്‌ ശ്രമം.

റെയിൽവേസിനെതിരായ ടീമിൽനിന്ന്‌ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്‌. ആദിൽ അമൽ, കെ സൽമാൻ, ടി ഷിജിൻ എന്നിവർ ബെഞ്ചിലിരുന്നേക്കും. വിങ്ങുകളിൽ വേഗമുള്ള താരങ്ങളെ വിന്യസിക്കാനാണ്‌ നീക്കം. മധ്യനിരയിൽ കളി മെനഞ്ഞ ഗനി അഹമ്മദ്‌ നിഗം ഒറ്റയാനായി. വേണ്ടസഹായം കൂട്ടുകാരിൽനിന്ന്‌ ലഭിച്ചില്ല. രണ്ടാംപകുതിയിൽ പകരക്കാർ എത്തിയതോടെയാണ്‌ ആക്രമണങ്ങൾക്ക്‌ ജീവൻ വച്ചത്‌. പുതുച്ചേരിക്കെതിരെ രണ്ട്‌ ഗോളിന്‌ മുന്നിട്ടുനിന്നശേഷമാണ്‌ ലക്ഷദ്വീപ്‌ തോറ്റത്‌. ഗോൾകീപ്പറുടെ പിഴവ്‌ തിരിച്ചടിച്ചു. മലയാളിയായ ഫിറോസ്‌ ഷെരീഫാണ്‌ മുഖ്യ പരിശീലകൻ.

തമിഴ്‌നാട്‌, ബംഗാൾ ഫൈനൽ റൗണ്ടിൽ
എട്ടുവർഷത്തിനുശേഷം തമിഴ്‌നാട്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിൽ. ഗ്രൂപ്പ്‌ ജിയിൽ മുൻ ചാമ്പ്യൻമാരായ കർണാടകത്തെ മറികടന്നാണ്‌ തമിഴ്‌പടയുടെ മുന്നേറ്റം. മൂന്നു കളിയും ജയിച്ചു. 32 തവണ ജേതാക്കളായ ബംഗാളും ഫൈനൽ റൗണ്ട്‌ ഉറപ്പിച്ചു. കഴിഞ്ഞ സീസണിൽ യോഗ്യത നേടാനായിരുന്നില്ല. മണിപ്പുർ, രാജസ്ഥാൻ ടീമുകളും അവസാന റൗണ്ടിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home