തുടരുന്നു റോണോ ജാലം ; കളിജീവിതത്തിൽ 910 ഗോളായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 11:33 PM | 0 min read


പോർട്ടോ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടി അവസാനിപ്പിക്കുന്നില്ല. മുപ്പത്തൊമ്പതാം വയസ്സിലും ആ ബൂട്ടുകളിൽനിന്ന്‌ അനായാസം ഗോൾ പിറക്കുകയാണ്‌.
നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ പോളണ്ടിനെതിരെ പോർച്ചുഗൽ ക്യാപ്‌റ്റൻ ഇരട്ടഗോൾ നേടി. മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌തു. 5–-1ന്‌ കളി ജയിച്ച്‌ പറങ്കിപ്പട ക്വാർട്ടറിലേക്ക്‌ കുതിക്കുകയും ചെയ്‌തു. പഴയകാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു റൊണാൾഡോയുടെ രണ്ടാംഗോൾ. ബൈസിക്കിൾ കിക്കിലൂടെ പോളണ്ട്‌ വല തകർത്തു. ലീഗിൽ അഞ്ച്‌ കളിയിൽ അഞ്ച്‌ ഗോളായി മുന്നേറ്റക്കാരന്‌. സീസണിലാകെ 15. കളിജീവിതത്തിൽ 910. ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ റെക്കോഡുകൾ കടപുഴയ്‌ക്കുകയാണ്‌. 90 എണ്ണംകൂടി നേടിയാൽ ആയിരത്തിലെത്തും.

രാജ്യത്തിനായുള്ള 217–-ാമത്തെ മത്സരമായിരുന്നു റൊണാൾഡോയ്‌ക്ക്‌ ഇത്‌. 132 ജയമായി. ഇത്‌ പുതിയ റെക്കോഡാണ്‌. ദേശീയ കുപ്പായത്തിൽ ഏറ്റവും കൂടുതൽ ജയമുള്ള സ്‌പെയ്‌നിന്റെ സെർജിയോ റാമോസിനെ (131) മറികടന്നു. പോർച്ചുഗലിനായി 135 ഗോളുമായി. രണ്ടാമതുള്ള അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിക്ക്‌ 112. പോളണ്ടിനെതിരെ രണ്ടാംപകുതിയിലായിരുന്നു പോർച്ചുഗലിന്റെ എല്ലാ ഗോളും. പെനൽറ്റിയിലൂടെയാണ്‌ റോണോ ആദ്യം ലക്ഷ്യം കണ്ടത്‌. പിന്നാലെ ബോക്‌സിൽ വിറ്റീന നൽകിയ പന്ത്‌ ഉയർന്നുപൊങ്ങി വായുവിലൂടെ വലയിലേക്ക്‌ തൊടുത്തു. റാഫേൽ ലിയാവോയും ബ്രൂണോ ഫെർണാണ്ടസും പെഡ്രോ നെറ്റോയുമാണ്‌ പോർച്ചുഗലിനായി ലക്ഷ്യം നേടിയത്‌. ഡൊമിനിക്‌ മാർകുസ്‌ പോളണ്ടിന്റെ ആശ്വാസം കണ്ടെത്തി. മറ്റു മത്സരങ്ങളിൽ സ്‌പെയ്‌ൻ 2–-1ന്‌ ഡെൻമാർക്കിനെ വീഴ്‌ത്തി. മൈക്കേൽ ഒയർസബാലും അയോസെ പെരസും ഗോളടിച്ചു. ഡാനിഷുകാർക്കായി ഗുസ്‌താവ്‌ ഇസ്‌കസെൻ ഒന്നുമടക്കി. ക്രൊയേഷ്യയെ സ്‌കോട്‌ലൻഡ്‌ ജോൺ മക്‌ഗിന്നിന്റെ ഏകഗോളിൽ തോൽപ്പിച്ചു (1–-0). സ്വിറ്റ്‌സർലൻഡും സെർബിയയും 1–-1ന്‌ പിരിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home