സിംബാബ്‌വെയ്‌ക്ക്‌ ലോക റെക്കോഡ്‌ 344/4

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 10:53 PM | 0 min read


നയ്‌റോബി
ട്വന്റി20 ക്രിക്കറ്റിൽ സിംബാബ്‌വെയ്‌ക്ക്‌ ലോക റെക്കോഡ്‌. ഗാംബിയക്കെതിരെ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 344 റൺ അടിച്ചുകൂട്ടി. ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരെ നേപ്പാൾ നേടിയ 314/3 ആയിരുന്നു ഉയർന്ന സ്‌കോർ. ഇത്‌ രണ്ടാംതവണമാത്രമാണ്‌ ട്വന്റി 20യിൽ 300ന്‌ മുകളിൽ റണ്ണടിക്കുന്നത്‌. മുപ്പത്തിമൂന്നു പന്തിൽ സെഞ്ചുറി നേടിയ സിക്കന്ദർ റാസയാണ്‌ റണ്ണൊഴുക്കിയത്‌. റാസ 43 പന്തിൽ 133 റണ്ണുമായി പുറത്താകാതെ നിന്നു. 15 സിക്‌സറും ഏഴ്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ട്വന്റി 20യിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണ്‌.

ട്വന്റി 20 ലോകകപ്പ്‌ ആഫ്രിക്കൻ മേഖലാ യോഗ്യതാ റൗണ്ടിലായിരുന്നു കളി. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വെയ്‌ക്കായി ഓപ്പണർമാരായ ബ്രയാൻ ബെന്നെറ്റും (26 പന്തിൽ 50) തഡിവനാഷെ മറുമനിയും (19 പന്തിൽ 62) തകർപ്പൻ തുടക്കംകുറിച്ചു. മറുമനിയുടെ ഇന്നിങ്സിൽ നാല്‌ സിക്‌സറും ഒമ്പത്‌ ഫോറും ഉൾപ്പെട്ടു. തുടർന്നെത്തിയ റാസ തകർത്തടിച്ചു. 309.3 ആയിരുന്നു പ്രഹരശേഷി. മത്സരം സിംബാബ്--വെ 290 റണ്ണിന് ജയിച്ചു. ഇതും റെക്കോഡാണ്. ഗാംബിയ 54 റണ്ണിന് പുറത്തായി.

ട്വന്റി 20യിലെ ഉയർന്ന സ്‌കോറുകൾ
സിംബാബ്‌വെ 344/4 
(ഗാംബിയ)
നേപ്പാൾ 314/3 (മംഗോളിയ)
ഇന്ത്യ 297/6 (ബംഗ്ലാദേശ്‌)
സിംബാബ്‌വെ 286/5 
(സീഷെൽസ്‌).



deshabhimani section

Related News

View More
0 comments
Sort by

Home