തോറ്റു, മങ്ങി ; ഇന്ന്‌ കിവീസ്‌ ജയിച്ചാൽ ഇന്ത്യ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 12:23 AM | 0 min read


ഷാർജ
ട്വന്റി20 വനിതാ ലോകകപ്പിലെ നിർണായക കളിയിൽ ഇന്ത്യ ഓസ്‌ടേലിയയോട്‌ തോറ്റു. ഇതോടെ സെമി സാധ്യത മങ്ങി. ഇന്ന്‌ ന്യൂസിലൻഡ്‌ പാകിസ്ഥാനോട്‌ തോറ്റാൽമാത്രമാണ്‌ ഇന്ത്യക്ക്‌ സാധ്യത. റൺനിരക്കായിരിക്കും കണക്കാക്കുക. നിലവിൽ ഇന്ത്യ രണ്ടാമതാണ്‌. ന്യൂസിലൻഡ്‌ മൂന്നാമതും. ഓസീസ്‌ സെമിയിൽ കടന്നു.
ഗ്രൂപ്പിലെ അവസാന കളിയിൽ ജയം അനിവാര്യമായ ഇന്ത്യ ഒമ്പത്‌ റണ്ണിനാണ്‌ തോറ്റത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 151 റണ്ണെടുത്തു. ഇന്ത്യയുടെ മറുപടി ഒമ്പതിന്‌ 142ൽ ഒതുങ്ങി. 47 പന്തിൽ 54 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർമാത്രം പൊരുതി. പരിക്കുകാരണം കളി തുടങ്ങുന്നതിന്‌ നിമിഷങ്ങൾക്കുമുമ്പ്‌ മലയാളിതാരം ആശ ശോഭന പുറത്തായി. എസ്‌ സജനയ്‌ക്കും അവസരം കിട്ടിയില്ല.

ബാറ്റിങ്‌ ദുഷ്‌കരമായ പിച്ചിൽ ഷഫാലി വർമയിലൂടെ മികച്ച തുടക്കമാണ്‌ ഇന്ത്യക്ക്‌ കിട്ടിയത്‌. 13 പന്തിൽ 20 റണ്ണെടുത്ത ഷഫാലി പുറത്തായതോടെ റൺനിരക്ക്‌ ഇടിഞ്ഞു. സ്‌മൃതി മന്ദാന (12 പന്തിൽ 6) നിരാശപ്പെടുത്തി. ജമീമ റോഡ്രിഗസിനും (12 പന്തിൽ 16) മുന്നേറാനായില്ല. ദീപ്‌തി ശർമയും (25 പന്തിൽ 29) ഹർമൻപ്രീതും തുടക്കത്തിൽ ബുദ്ധിമുട്ടി.

അവസാന ഓവറിൽ 14 റൺ വേണ്ടിയിരിക്കെ രണ്ട്‌ റൺമാത്രമാണ്‌ ഇന്ത്യക്ക്‌ നേടാനായത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസിനായി 40 പന്തിൽ 40 റണ്ണെടുത്ത ഗ്രേസ്‌ ഹാരിസാണ്‌ തിളങ്ങിയത്‌. ഗ്രൂപ്പ്‌ ബിയിൽ സ്‌കോട്‌ലൻഡിനെ 10 വിക്കറ്റിന്‌ തകർത്ത്‌ ഇംഗ്ലണ്ട്‌ ഏറെക്കുറെ സെമി ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്-ത സ്കോട്ലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 109 റണ്ണെടുത്തു. ഇംഗ്ലണ്ട് പത്തോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 113 റണ്ണടിച്ച് ജയം സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home