മിന്നുമണി 
മിന്നുന്നു ; രണ്ടാം ഇന്നിങ്‌സിലും അഞ്ച്‌ വിക്കറ്റ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 11:31 PM | 0 min read


ഗോൾഡ്‌ കോസ്‌റ്റ്‌
ഓസ്‌ട്രേലിയൻ മണ്ണിൽ 10 വിക്കറ്റ്‌ പ്രകടനവുമായി മിന്നുമണി. ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുർദിന ക്രിക്കറ്റിന്റെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ വനിതാ എ ടീം ക്യാപ്‌റ്റൻകൂടിയായ മിന്നു അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തി. മൂന്നാംദിനം ഓസീസ്‌ രണ്ടാം ഇന്നിങ്‌സിൽ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 164 റണ്ണെടുത്തു. 192 റണ്ണിന്റെ ലീഡായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്‌ 184ൽ അവസാനിച്ചിരുന്നു.

ഒന്നാം ഇന്നിങ്‌സിൽ അഞ്ച്‌ വിക്കറ്റുമായി ഓസീസ്‌ ബാറ്റിങ്‌ നിരയെ തകർത്തുവിട്ട മിന്നു രണ്ടാം ഇന്നിങ്‌സിലും മികവ്‌ തുടർന്നു. ഓപ്പണർ ജോർജിയ വോളിനെ റണ്ണെടുക്കുംമുമ്പ്‌ മടക്കിയായിരുന്നു ഓഫ്‌ സ്‌പിന്നറുടെ തുടക്കം. പിന്നാലെ ക്യാപ്‌റ്റൻ ചാർലി നോട്ടിനെയും സ്‌കോർ ബോർഡ്‌ തുറക്കാൻ വിട്ടില്ല. ഇരുപതോവറിൽ ആറ്‌ മെയ്‌ഡൻ ഉൾപ്പെടെ 47 റൺ മാത്രം വഴങ്ങിയാണ്‌ വയനാട്ടുകാരി അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയത്‌.

ഇരുപത്തഞ്ചുകാരിയായ മിന്നു ഇന്ത്യൻ സീനിയർ ടീമിൽ നാല്‌ ട്വന്റി20 കളിച്ചിട്ടുണ്ട്‌. ടീമിലേക്കുള്ള തിരിച്ചുവരവിന്‌ ഈ പ്രകടനം സഹായിക്കും. രണ്ടിന്‌ 100 റണ്ണെന്ന നിലയിൽ മൂന്നാംദിനം കളി തുടങ്ങിയ ഇന്ത്യക്ക്‌ പിടിച്ചുനിൽക്കാനായില്ല. 84 റണ്ണെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റ്‌ നഷ്ടമായി. ഒമ്പതാംസ്ഥാനത്ത്‌ ഇറങ്ങിയ മിന്നു 17 റണ്ണെടുത്തു. മറ്റൊരു മലയാളിതാരം സജന സജീവൻ നേരിട്ട ആദ്യപന്തിൽ പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Home