മരിച്ചിട്ടും ജീവിക്കുന്ന മനുഷ്യൻ

ഭാരതി തമ്പുരാട്ടിയും മകൻ ശരച്ചന്ദ്രനും. ഫോട്ടോ: എം കെ ശിവപ്രസാദ്
പി വി ജീജോ
Published on Oct 26, 2025, 10:46 AM | 4 min read
‘‘ഒന്നുമാത്രം എനിക്കറിയാം. എവിടെത്തുടങ്ങിയാലും എനിക്ക് ഒരാളിൽനിന്നേ തുടങ്ങാൻ കഴിയൂ. മലയാളികളുടെ പ്രിയപ്പെട്ട കവിയിൽ നിന്ന്. സാഫല്യങ്ങളുടെയും നഷ്‌ടപ്പെടലുകളുടെയും വർണഭേദങ്ങൾ നിറഞ്ഞ അനുഭവസമ്പന്നമായ ഒരു ജീവിതം എനിക്ക് തന്നിട്ടുപോയ വയലാർ രാമവർമ എന്ന ജീവിതപങ്കാളിയിൽനിന്ന്. അതിനപ്പുറം എനിക്ക് സാർഥകമായ ഒരു ലോകമില്ല. എല്ലാ ഓർമകളും സംസാരിക്കുന്നത് എന്നെക്കുറിച്ചല്ല, വയലാറിനെക്കുറിച്ചാണ് ’’–- ഇന്ദ്രധനുസ്സിൻ തീരത്ത് എന്ന ഓർമപ്പുസ്‌തകത്തിൽ വയലാറിന്റെ ജീവിതപങ്കാളി ഭാരതി തമ്പുരാട്ടി കുറിച്ചതാണിത്. പ്രായം തൊണ്ണൂറ് പിന്നിടുമ്പോഴും കേൾവിക്കുറവിന്റെ നേരിയ പ്രയാസമല്ലാതെ ഓർമകൾക്ക് മങ്ങലില്ല. ആ മനസ്സിൽ ജ്വലിച്ചുനിൽക്കുന്നുണ്ട് വയലാർ രാമവർമ എന്ന മനുഷ്യസ്‌നേഹി
തുടുത്ത പനിനീർപ്പൂക്കൾ വിരിഞ്ഞ തുലാമാസം. രക്തസാക്ഷിത്വത്തിന്റെ അമരസ്‌മരണയ്‌ക്കൊപ്പം മഹാനായ കവിയുടെ ഓർമയുമാണ് തുലാം പത്തിൽ തിരയടിച്ചുയരുന്നത്. രക്തസാക്ഷികളോടുള്ള സാഹോദര്യപ്രഖ്യാപനവുമായി ഈ വർണസുരഭിയാം ഭൂമിയെ അനാഥമാക്കി വയലാർ പറന്നുപോയത് 1975 ഒക്ടോബർ 27ന്. അമ്പതു വർഷത്തനിപ്പുറവും അനുസ്‌മരിക്കുമ്പോൾ സുകുമാർ അഴീക്കോട് വയലാറിനെക്കുറിച്ച് പ്രസംഗിച്ച കാര്യം മറക്കാനാകില്ല. ‘‘ജർമൻ ശാസ്‌ത്രജ്ഞർ ഒരു മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലായിരുന്നു. ഒരാൾ മരിക്കുമ്പം ഈ മരുന്ന് കൊടുത്താൽ അയാൾ വീണ്ടും ജനിച്ചുവരും. ഗവേഷകരോട് ഞാൻ (അഴീക്കോട് ) പറഞ്ഞു. മരിച്ചിട്ടും ജീവിക്കുന്ന ഒരു മനുഷ്യനുണ്ട് ഞങ്ങളുടെ നാട്ടിൽ. അദ്ദേഹത്തിന്റെ പേര് വയലാർ എന്നാണ്. അദ്ദേഹമെങ്ങനെ ജീവിച്ചു എന്ന് കണ്ടുപിടിച്ചാൽ നിങ്ങളീ ഗവേഷണം നിർത്തി വീട്ടിൽപ്പോകും.’’
വിയോഗത്തിന്റെ വേദനയിൽ മുങ്ങിത്താഴ്‌ത്താതെ തലമുറ തലമുറ കൈമാറുന്ന ഹൃദയവികാരമായ കാവ്യഗാനസാഗരപ്രവാഹമായി മാറിയ വയലാറിനെക്കുറിച്ച് അഴീക്കോട് മാഷ് വർഷങ്ങൾക്കുമുമ്പ് പറഞ്ഞത് ഇന്നും പ്രസക്തം. കവിതയുടെ, സിനിമാപ്പാട്ടിന്റെ നൂറായിരം സ്വർണചാമരം ഭാവചാരുതയോടെ വീശി ചന്ദ്രകളഭം പൊഴിച്ച വയലാർ ഈ ഭൂമിയിലില്ലായിരുന്നെങ്കിൽ മലയാള ജീവിതം എത്രമാത്രം സർഗദാരിദ്ര്യത്തിലും ശൂന്യതയിലും നിപതിക്കുമായിരുന്നെന്ന് 2025ലും മലയാളി തിരിച്ചറിയുന്നു. ‘‘ഒരുകുറി പിന്നെയും വരിക നീ മലയാള കവിതതൻ കരിമുകിൽ മുത്തേ...’’എന്ന് കൊതിക്കയാണ് മലയാളം ഇന്നും.
അസാന്നിധ്യമില്ല
വയലാറിലെ രാഘവപ്പറമ്പിലെ വീട്ടിലിരുന്ന് അച്ഛനെ ഓർക്കയാണ് മകനും ഗാനരചയിതാവുമായ ശരച്ചന്ദ്രൻ. ഓർമകളുടെ ശേഖരത്തിൽനിന്ന് ശരച്ചന്ദ്രൻ അമ്മ ഭാരതി തമ്പുരാട്ടിയെ കാണിക്കയാണ് വയലാറിന്റെ കൈപ്പടയിലെഴുതിയ കവിത. ‘‘സന്ധ്യാവന്ദനം വന്ദനം സംഗീത പ്രിയകളാം സ്വപ്‌നങ്ങളേ...’’എന്ന കവിതയാണത്. കാലത്തിനിപ്പുറവും മായാത്ത കൈപ്പടയും ആ അക്ഷരപ്രഭ വിളിച്ചോതുകയാണ്. പത്താംക്ലാസിൽ പഠിക്കെ, പതിനഞ്ചാം വയസ്സിൽ നഷ്‌ടപ്പെട്ട അച്ഛനെപ്പറ്റിയുള്ള ഓർമകൾ പങ്കിടുകയാണ് ശരത്. ‘‘ആലപ്പുഴയ്‌ക്കുപോയെന്നു കേൾക്കുന്നതു പോലൊരുതോന്നലാണുണ്ടായതെപ്പോഴും...’’എന്ന് ‘‘ആത്മാവിൽ ഒരു ചിത’’യിൽ വയലാർ കുറിച്ചിട്ടുണ്ടല്ലോ. വയലാറിന്റെ അച്ഛൻ (എന്റെ മുത്തശ്ശൻ) കേരളവർമയുടെ മരണത്തെക്കുറിച്ച് എഴുതിയ കവിതയാണത്. മൂന്നാംവയസ്സിൽ വിടപറഞ്ഞ അച്ഛനെയോർത്ത് വയലാർ എഴുതിയതാണാകാവ്യം.
റെക്കോഡിങ് വേളയിൽ കുഞ്ചാക്കോയ്ക്കും സലിൽ ചൗധരിക്കുമൊപ്പം വയലാർ
ആലപ്പുഴയ്‌ക്കു പോയച്ഛൻ എന്ന് കവിതയിലുള്ളതുപോലെ വയലാർ മദിരാശിയിൽ പാട്ടെഴുതാൻ പോയെന്ന് വിശ്വസിക്കാനാണ് ഞങ്ങൾ മക്കൾക്കിഷ്‌ടം. കളമശേരി രാജഗിരി സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായിരിക്കെയായിരുന്നു ആ മരണം. അമ്മ ഭാരതി തമ്പുരാട്ടിയും അനിയത്തിമാർ ഇന്ദുലേഖ, യമുന, സിന്ധു എന്നിവർക്കുമൊപ്പം തിരുവനന്തപുരം മെഡി. കോളേജിൽപോയി അവസാനമായി കണ്ട അച്ഛന്റെ രൂപം ഇന്നും മനസ്സിലുണ്ട്. 1975 ഒക്ടോബർ 26ന് രാത്രി 11 ന് ആയിരുന്നു അത്. വയർപൊങ്ങിത്താഴുന്നുണ്ട്, കണ്ണടച്ചുറങ്ങുകയാണ് അച്ഛൻ. മലയാറ്റുർ രാമകൃഷ്‌ണനടക്കമുള്ളവർ അവിടെയുണ്ട്. വയലാർ ആരെന്ന് അറിയാത്തൊരു പതിനഞ്ചുവയസ്സുകാരനായിരുന്നു ഞാൻ. നാനൂറ്റമ്പത് രൂപയും ബാക്കിവച്ചുപോയ വയലാറിന്റെ മഹത്വവും കാവ്യഗാനസാഗരത്തിന്റെ ആഴവും അഴകും ഒന്നും അറിയില്ലായിരുന്നു അന്ന്.
ഞാനൊരു സംഭവം ഓർക്കയാണ്. വയലാർ മരിച്ചശേഷമാണ് 1975ൽ തിരുവനന്തപുരം സെന്റ്‌സേവ്യേഴ്‌സ് കോളേജിൽ ബിരുദത്തിനുചേർന്നത്. കോളേജിൽ ചേർന്ന് കുറച്ചുദിവസം കഴിഞ്ഞ് തലസ്ഥാനത്തെ പഴവങ്ങാടിയിൽ സൗരാഷ്‌ട്ര ഹോട്ടലിനടുത്ത് ജങ്‌ഷനിൽ എത്തി. കോൺഗ്രസിന്റെ വലിയ പ്രകടനം വരികയാണപ്പോൾ. കിഴക്കേകോട്ടയ്‌ക്ക് പോകേണ്ട പ്രകടനം അവിടെയെത്തിയതും രണ്ടായി പിരിഞ്ഞ് തമ്മിൽത്തല്ലായി. വലിയ ബഹളവും അടിയും. വലതുവശത്ത് വലിയമതിലാണ്. ഞാൻ ഭയന്നു വിറച്ചങ്ങനെ നിൽക്കുന്നു. പെട്ടെന്നൊരാൾവന്ന് എന്നെ പൊക്കി ആ മതിലിനകത്തേക്കിട്ടു. അയാൾ അവിടുത്തെ ഗേറ്റ് തുറന്ന് വീട്ടുകാരെ വിളിച്ച് പറഞ്ഞു. ആ കൊച്ച് വയലാറിന്റെ മകനാണ്. ഇവിടെ അടി നടക്കയാണ്. അവനൊന്നും പറ്റാതെ നോക്കണം. അന്ന് എന്നെ രക്ഷിച്ചയാളുടെ പേര് പാളയം സലീം എന്നായിരുന്നു. തിരുവനന്തപുരത്തെ ഒരു ഗുണ്ടയായിരുന്നു സലീം. നികൃഷ്‌ടനെന്ന് പറയാവുന്ന മനുഷ്യൻപോലും ഇഷ്‌ടപ്പെടുന്ന വയലാർ. ആ സംഭവമെനിക്ക് മറക്കാനാകാത്ത അനുഭവമാണ്.
അറിയപ്പെടാത്ത മനുഷ്യരുമായി സാഹോദര്യം നൽകിയ എത്രയെത്ര അനുഭവങ്ങൾ. സാധാരണക്കാർ മുതൽ പലജീവിതതലങ്ങളിലുള്ളവർ ഇഷ്‌ടവും ആരാധനയും കാട്ടുന്നത്, വേർപാടിൽ സങ്കടപ്പെടുന്നത് ഈ അമ്പതുവർഷവും കാണുകയായിരുന്നു. കേരളത്തിൽ മുംബൈയിൽ, മദിരാശിയിൽ ഇന്ത്യയിലെല്ലാഭാഗത്തും വയലാറിനെ അനുസ്‌മരിക്കുന്നു. ദുബായിൽ, യുഎഇയിൽ, ഓസ്‌ട്രേലിയയിൽ, ഇംഗ്ലണ്ടിൽ... ലോകത്ത് എവിടെയൊക്കെ വയലാറിനെ സ്‌മരിക്കാൻ ഞാൻതന്നെ പോയിട്ടുണ്ട്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ മലയാളി കരുണ എന്ന കൂട്ടായ്‌മ കഴിഞ്ഞ ദിവസം ഓൺലൈനിൽ അനുസ്‌മരണം സംഘടിപ്പിച്ചു. കാലത്തിനിപ്പുറവും ആ അസാന്നിധ്യം ഞങ്ങളെ അനുഭവിപ്പിക്കാതെ മലയാളികൾ സംരക്ഷിച്ചുവെന്നാണ് അഭിപ്രായം.
എ കെ ജി, ഇ എം എസ്, വയലാർ, വയലാറിന്റെ അമ്മ അംബാലിക തമ്പുരാട്ടി, കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മ
അക്ഷരമെഴുതിയിട്ട് ഭക്ഷണം
അച്ഛനെ വളരെക്കുറച്ചേ കണ്ടിട്ടുള്ളു. ഭയവും ഭക്തിയും ആരാധനയുമായിരുന്നു കുട്ടിക്കാലത്ത്. ഞാൻ രാജഗിരി ബോർഡിങ് സ്‌കൂളിൽ പഠിക്കുന്നു. അച്ഛൻ മദിരാശിയിലുമാകും. വളരെക്കുറച്ചേ അതിനാൽ ഇടപെട്ടിട്ടുള്ളു. വീട്ടിൽ മടിയിലിരുത്തി ചോറുരുട്ടി തന്നതടക്കം വാത്സല്യം കാട്ടി. മൂന്നാമത്തെ വയസ്സിൽ ഹരിശ്രീ കുറിക്കാൻ മടിയിലിരുത്തിയപ്പോൾ നാക്കുനീട്ടിയില്ല. അച്ഛൻ മുറിയിൽ പൂട്ടിയിട്ടു. അവനിനി അക്ഷരമെഴുതിയിട്ട് ഭക്ഷണം കൊടുത്താൽ മതിയെന്ന് പറഞ്ഞു. അമ്മയും മുത്തശ്ശിയമ്മയും പറഞ്ഞ് കേട്ടതാണീക്കഥ. സിനമയ്‌ക്ക് പാട്ടെഴുതാൻ പോകുമ്പം ഒരിക്കൽ മദിരാശിക്ക് എന്നെ കൊണ്ടുപോയി. മുട്ടത്തുവർക്കിയുടെ അഴകുള്ള സെലീനയായിരുന്നു സിനിമ.
നഷ്‌ടബോധമില്ല
‘ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴപിന്നെയും ഒഴുകി...’, ഈ പാട്ടിന്റെ പല്ലവി എഴുതുന്നത് ഞാൻ കണ്ടു. ആലുവാ പാലസിലിരുന്നായിരുന്നു ആ രചന. വയലാർ ഇന്നുമുണ്ട്. പക്ഷേ, അച്ഛനില്ല. എനിക്ക് മരണമില്ലാത്ത വയലാറിനെയാണ് ഇഷ്‌ടം. അച്ഛന്റെമരണം ദു:ഖമാണ്, വലിയ ശൂന്യതയാണ്. അത് വ്യക്തിപരമായ നഷ്‌ടമാണ്. എന്നാൽ ആ നഷ്‌ടബോധത്തെ സമൂഹം മാറ്റിത്തീർത്തതാണ് അനുഭവം. അത്രമേൽ സ്‌നേഹവും ഇഷ്‌ടവുമാണ് മലയാളി സമൂഹം വയലാറിനോട് കാട്ടുന്നത്. ഈ 2025ലും ഇത്രയധികം സ്‌മരിക്കപ്പെടുമ്പോൾ മകനെന്ന നിലയിൽ മറ്റെന്ത് ധന്യതവേണമെനിക്ക്.
കൂടപ്പിറപ്പ് എന്ന ചിത്രത്തിലെ ‘‘തുമ്പീ തുമ്പീ വാ വാ ...’’എന്നതാണ് വയലാർ എഴുതിയ ആദ്യ സിനിമാഗാനം. 1956ലാണത്. ‘‘പട്ടുറുമാൽകെട്ടി പച്ചക്കമ്മൽ ചുറ്റി പച്ചക്കുതിരയിലേറി എന്നച്ഛനുറങ്ങണ തൊട്ടിൽ കാലിൽ തൂക്കിക്കൊണ്ടുവരാമോ തുമ്പീഎന്നു ചോദിക്കുന്നുണ്ടാപാട്ടിൽ. അതേ ചോദ്യമാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്. വയലാർ എന്നു പറയുമ്പം അതു നിന്റെ മാത്രമല്ല, മലയാളത്തിന്റെയാകെ സ്വത്താണെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. വയലാർ പോയിട്ടും ഒരു ദാരിദ്ര്യവും കഷ്‌ടപ്പാടും മലയാളികളെ അനുഭവിപ്പിച്ചില്ല. അതിനാൽ മലയാളികൾക്കുള്ള കടപ്പാട് എനിക്ക് വയലാറിനോടുമുണ്ട്. എനിക്ക് നഷ്‌ടബോധമുണ്ടായിട്ടില്ല.
ഭാരതി തമ്പുരാട്ടിയും മകൻ ശരച്ചന്ദ്രനും
അച്ഛൻ എന്ന് പറയുന്നതിലുമേറെ ഇഷ്‌ടം വയലാർ എന്നു പറയാനാണ്. കാരണം15–ാം വയസ്സുവരെ കണ്ട അച്ഛനെയല്ല മരണശേഷം കണ്ടത്. ഒരച്ഛന്റെ ഇല്ലായ്‌മ തോന്നിപ്പിച്ചിട്ടേയില്ല. എത്ര ചിറകിട്ടടിച്ചാലും വയലാറിന്റെ നിഴലാകാനാണ്, കൊച്ചുവയലാറാകാനാണിഷ്‌ടം. ആ തണലിൽ കഴിയാനാണിഷ്‌ടം. അത് സൂര്യനാണ്. ഞാനൊരു ശിഷ്‌ടജന്മമാണ്. സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തേയും എന്നതിന് ഞാനൊരു കൂട്ടിച്ചേർക്കൽ നടത്തി. സ്‌നേഹിക്കയാണ് ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്‌ത്രത്തേയും എന്ന് എഴുതിയത് വയലാറിന്റെ അതേ ദാർശനികചിന്ത പങ്കുവച്ചാണ്. ‘‘മനുഷ്യൻ മതങ്ങളെ സൃഷടിച്ചു...’’1972ൽ എഴുതിയതാണ്. 53 വർഷത്തിനിപ്പുറവും അത് സത്യമല്ലേ... മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു എന്നത് ഇന്ന് പ്രസക്തമെന്ന് നമ്മൾ ചുറ്റിലും കണ്ടുകൊണ്ടിരിക്കയല്ലേ. തീവ്രമതവിശ്വാസികൾ പെരുകുകയാണിന്ന്. മതം മദമാകുന്ന കാലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ, എഴുത്തിൽ ഇന്ന് സാധ്യമാകുമോ എന്ന ആശങ്കയുമുണ്ട്.
മനുഷ്യനായ വയലാർ
വായിക്കാനറിയാത്ത സാധാരണ മനുഷ്യരിലും വയലാർ കുടികൊള്ളുന്നു. വയലാറിനെക്കാൾ വലിയ മഹാകവികൾ ഏറെയുണ്ട്. പക്ഷേ, വള്ളത്തോളിന്റെ മകനോ ആശാന്റെ മകനോ മറ്റാർക്കും ലഭിക്കാത്ത പരിഗണന, സ്‌നേഹവാത്സല്യങ്ങൾ വയലാറിന്റെ മകനെന്നതിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ ഖുറാനുണ്ട്, വയലാർ കൃതിയുമുണ്ട് എന്നു പറഞ്ഞ സുഹൃത്തുണ്ടായിരുന്നു. ഇതേപോലെ ബൈബിളുള്ളിടത്തും വയലാർ കവിതയുണ്ട്. തിരിച്ചും. ദൈവത്തിന് സ്ഥാനമില്ലാത്തിടത്തും മനുഷ്യനായ വയലാറിനെ സമൂഹം പ്രതിഷ്‌ഠിക്കുന്ന അനുഭവം വിസ്‌മയത്തോടെ ഇന്നും കാണുന്നു.









0 comments