പുതുക്കുടിയുടെ പുപ്പൻ


ഭാനുപ്രകാശ്
Published on Sep 28, 2025, 12:00 AM | 4 min read
“പുപ്പാപ്പൻ ഇനി എന്നാ വരുന്നത്’’ ആംബുലൻസിലേക്ക് കൊണ്ടുപോകുംമുന്പ് അനിയന്റെ മകൻ പുഷ്പനോട് ചോദിച്ചു. “ആപ്പൻ രണ്ടുദിവസം കഴിഞ്ഞാൽ വരും നന്ദുട്ടാ... കർക്കടകവാവല്ലേ വരുന്നത്. പായസം വെക്കണ്ടേ. അത് കുടിക്കാൻ ആപ്പൻ വരും’’– പുതുക്കുടി വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പുഷ്പൻ പറഞ്ഞു. പുഷ്പന്റെ ഏറ്റവും വലിയ സന്തോഷം അനിയൻ പ്രകാശന്റെ മകൻ നവൽ പ്രകാശാണ്. പുഷ്പന് അവൻ നന്ദുട്ടനാണ്, കളിക്കൂട്ടുകാരൻ. സ്കൂൾ വിട്ട് വരാൻ വൈകിയാൽ, ഒരുനേരം അവനെ കാണാതായാൽ പുഷ്പൻ അസ്വസ്ഥനാകും.
2024 ജൂലൈ 31 ബുധൻ. രാവിലെമുതൽ മൂടിക്കെട്ടിയ അന്തരീക്ഷം മഴയുടെ വരവറിയിച്ചു. പ്രകൃതിയുടെ ഭാവമാറ്റത്തെ ഗൗനിക്കാൻ പുഷ്പന് തീരെ വയ്യ. രണ്ടാഴ്ചയിലേറെയായി തോളിനും കൈമുട്ടിനും കടുത്ത വേദന. ആശുപത്രിയിൽ പോകാമെന്ന് പ്രിയപ്പെട്ടവർ പറഞ്ഞപ്പോൾ "കുഴപ്പമൊന്നുമില്ല. ചൂടുപിടിച്ചാൽ മാറിക്കോളും’ എന്നായിരുന്നു മറുപടി. വൈകിട്ട് നാലോടെ പുഷ്പനെ കൊണ്ടുപോകാൻ ആംബുലൻസ് എത്തി. മഴ അപ്പോഴേക്കും പെയ്‌ത് തുടങ്ങിയിരുന്നു. സഹോദരങ്ങളായ ജാനുവും രാജനും പ്രകാശനും, സുഹൃത്തുക്കളായ ജയേഷും പി വി ബാബുവുമെല്ലാം അരികിലുണ്ട്. ഒപ്പം പത്തുവയസ്സുള്ള നവൽ പ്രകാശും കൂട്ടുകാരും.
പുഷ്‌പനും നന്ദുട്ടനും, പുഷ്‌പൻ കിടന്ന മുറിയിൽ നന്ദുട്ടൻ
അഞ്ചുമണി കഴിഞ്ഞിട്ടും മഴ തോർന്നില്ല. വൈകേണ്ടെന്ന് കരുതി, മഴ നനയാതിരിക്കാൻ വലിയ കുടപിടിച്ച് ആംബുലൻസിലേക്ക് കയറ്റി. “കർക്കടകവാവിന് വീട്ടിലെത്തും’’ എന്നു പറഞ്ഞതല്ലാതെ ആശുപത്രിയിൽ എത്തുംവരെ പുഷ്പൻ പിന്നീടൊന്നും സംസാരിച്ചില്ല. വൈദ്യശാസ്ത്രത്തിനുമുന്നിൽ പുഷ്പൻ അത്ഭുതമായിരുന്നു. മൂന്നുപതിറ്റാണ്ടിലെ ആ കിടപ്പുജീവിതത്തെ വിസ്മയത്തോടെയാണ് ഡോക്ടർമാർ നിരീക്ഷിച്ചത്. മരണം ഉറപ്പിച്ച പലഘട്ടങ്ങളിലും വിദഗ്ധ ചികിത്സകരെപ്പോലും അമ്പരപ്പിച്ച് പുഷ്പൻ മടങ്ങിവന്നു. ശയ്യാവലംബിയായ മനുഷ്യന്റെ സ്വാഭാവിക ജീവിതമായിരുന്നില്ല പുഷ്പന്റേത്. കഴുത്തിന് വെടിയേറ്റ് സ്പൈനൽ കോഡ് തകർന്ന് ഒരേ കിടപ്പായിരുന്നു. വേദന കടിച്ചമർത്തി നിറഞ്ഞ പുഞ്ചിരിയോടെമാത്രം ഏവരെയും അഭിമുഖീകരിച്ചു. ഇത്ര വലിയ ക്ഷതമേറ്റിട്ടും നിശ്ചയദാർഢ്യത്തോടെ ഇവ്വിധം അതിജീവിച്ച മറ്റൊരു മനുഷ്യൻ ലോകത്തൊരിടത്തും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഡോ. സുധാകരൻ കോമത്തും ഡോ. ശൈലേഷ് ഐക്കോട്ടും പറയുന്നത്.
വെടിയേറ്റ് ശരീരം തളർന്നുപോയ കാലംമുതൽ പുഷ്പനെ ചികിത്സിച്ച തലശേരി സഹകരണ ആശുപത്രിയിലെ ഡോക്‌ടറാണ് സുധാകരൻ കോമത്ത്. എട്ടുവർഷത്തോളം സഹോദരനെപ്പോലെ ഒപ്പംനിന്ന് ഒരു ഘട്ടത്തിൽ മരണത്തിന്റെ വക്കിൽനിന്നുതന്നെ പുഷ്പനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്‌ടറാണ് ശൈലേഷ് ഐക്കോട്ട്. പുഞ്ചിരിക്കുന്ന മുഖമായിരുന്നു പുഷ്പന്റേത്. ആ ചിരി അതിജീവനത്തിന്റെ മറുമരുന്നായി മാറിയെന്നു പറയാം. സാധാരണക്കാരായ കിടപ്പുരോഗികളിൽ കാണുന്ന മാനസിക പിരിമുറുക്കങ്ങളൊന്നും പുഷ്പനുണ്ടായിരുന്നില്ല. സമരത്തിൽ പങ്കെടുത്തതുകൊണ്ടാണ് തന്റെ ജീവിതം തകർന്നുപോയതെന്ന കുറ്റബോധവും പുഷ്പനെ തീണ്ടിയില്ല. ഒന്നല്ല രണ്ടല്ല പലവട്ടം തന്നെ വട്ടമിട്ടുപറന്ന മരണത്തെ പുഷ്പൻ ആട്ടിയോടിക്കുകയായിരുന്നു.
അച്ഛനും അമ്മയ്‌ക്കുമൊപ്പം പുഷ്‌പൻ
പരിചരണവും കരുതലും
ഒരേ കിടപ്പിൽ കഴിയുമ്പോൾ തൊലിപൊട്ടി പഴുപ്പ് വരുന്ന പൊതു അനുഭവമുള്ളപ്പോൾ, 30 വർഷത്തെ കിടപ്പിനിടയിൽ പുഷ്പന്റെ ശരീരത്തിൽ അത്തരം പാടുകളൊന്നും ഉണ്ടായില്ല. കുടുംബാംഗങ്ങളുടെയും ഉറ്റസഖാക്കളുടെയും പരിചരണവും കരുതലും തന്നെയായിരുന്നു അതിന് കാരണം. പുഷ്പനെ ചികിത്സിച്ച ഡോക്ടർമാരും അത് സമ്മതിക്കുന്നു. ചുമയും പനിയും ശ്വാസംമുട്ടലും മൂത്രത്തിൽ പഴുപ്പുമൊക്കെ വരുമ്പോൾ സഹകരണ ആശുപത്രിയിൽ കിടക്കും. ചിലപ്പോൾ രണ്ടാഴ്ചവരെ നീളും. ചികിത്സയുടെ ഭാഗമായ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ദേഷ്യത്തിന്റെയോ സങ്കടത്തിന്റെയോ കണികപോലും മുഖത്ത് പ്രകടമായിരുന്നില്ലെന്ന് പരിചരിച്ചിരുന്നവരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു.
അമ്മ എന്ന അഭയം
നവംബർ 25ന് രാവിലെ അമ്മ ഉണ്ടാക്കിക്കൊടുത്ത ഗോതമ്പുദോശയും ചായയും കഴിച്ചാണ് പുഷ്പൻ വീട്ടിൽനിന്ന് ഇറങ്ങിയത്. കൂത്തുപറമ്പുവരെ പോകേണ്ട ആവശ്യമുണ്ടെന്നുമാത്രമേ അമ്മയോട് പറഞ്ഞുള്ളൂ. ഡിവൈഎഫ്ഐ സമരത്തിന്റെ സൂചനപോലും നൽകിയില്ല. സമരം എന്ന് കേൾക്കുമ്പോൾത്തന്നെ പേടിക്കുന്ന അമ്മയോട് അത് പറയാൻ പുഷ്പനാകുമായിരുന്നില്ല. രാത്രി ഏറെ വൈകിയിട്ടും പുഷ്പൻ തിരിച്ചെത്താത്തതിൽ വിഷമിച്ചുനിന്ന അമ്മയോട് ഒടുവിൽ അയൽപക്കത്തെ സഖാക്കളാണ് പറഞ്ഞത്. "സമരത്തിനിടയിൽ പുഷ്പന്റെ കൈക്ക് ചെറിയൊരു പരിക്കുപറ്റി. രാവിലെ മടങ്ങിവരും.' ആ അമ്മയുടെ ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കംകൂടിയായി ആ ദിവസം; ഒന്നും കഴിക്കാതെ. ഒരുവർഷത്തെ ആശുപത്രിവാസം കഴിഞ്ഞ് പുഷ്പൻ വീട്ടിലേക്ക് തിരിച്ചുവന്നപ്പോൾ അമ്മയോട് ആരോ പറഞ്ഞു: “പുഷ്പന് കഴുത്തിനാണ് വെടിയേറ്റത്. കാലിനോ കൈക്കോ ആണെങ്കിൽ കിടപ്പിലാകില്ലായിരുന്നു.
’’ആ രാത്രി എല്ലാവരും ഉറക്കത്തിലാണ്ടപ്പോൾ അമ്മ പുഷ്പന്റെ മുറിയിലെത്തി. ഏത് കൂരിരുട്ടിലും അമ്മയുടെ നിശ്വാസംവരെ തിരിച്ചറിയാൻ പുഷ്പന് കഴിയുമായിരുന്നു. മകൻ ഉറക്കത്തിലാണെന്ന വിശ്വാസത്തിൽ പുഷ്പന്റെ കഴുത്തിൽ പതുക്കെ തടവിനോക്കി. അമ്മ എന്തിനാണ് തന്റെ കഴുത്തിൽ ഉഴിഞ്ഞുനോക്കുന്നതെന്ന് ആദ്യമൊന്നും പുഷ്പന് മനസ്സിലായില്ല. പിന്നീട് പലരാത്രികളിലും ഇതേ അനുഭവമുണ്ടായപ്പോൾ അമ്മയുടെ മനസ്സ് പുഷ്പൻ വായിച്ചെടുത്തു. കഴുത്തിൽ വെടിയേറ്റ ഭാഗം എവിടെയാണെന്ന് അറിയാൻവേണ്ടിയാണ് അമ്മ അങ്ങനെ ചെയ്തതെന്ന്. വർഷങ്ങൾ കടന്നുപോകുമ്പോൾ അമ്മ മനസ്സിലാക്കിത്തുടങ്ങി. ഇനി തന്റെ പഴയ പുപ്പൻ ഇല്ലെന്ന്. കിടപ്പിലായ പുഷ്പന് അമ്മയുടെ കൈകൊണ്ടാണ് പതിവായി ഭക്ഷണം കൊടുത്തിരുന്നത്. എന്നും രാവിലെ വായിക്കാൻ പുഷ്പനുമുന്നിൽ ദേശാഭിമാനി നിവർത്തി പിടിച്ചുകൊടുക്കുന്നതും അമ്മയായിരുന്നു. തലയിൽ രക്തം കട്ടപിടിച്ചായിരുന്നു അമ്മയുടെ മരണം. മകനെ കാണാൻ വേണ്ടിമാത്രം ദിവസം പലവട്ടം മുറിയിലെത്തിയ അമ്മയ്ക്ക് അവസാനമായി ഒരു ചുംബനം നൽകാനോ സ്പർശിക്കാനോ നട്ടെല്ല് തകർന്നുള്ള പുഷ്പന്റെ കിടപ്പ് അനുവദിച്ചില്ല. അമ്മ വിടപറഞ്ഞതിന്റെ 34–ാംനാൾ പുഷ്പന്റെ അച്ഛനും യാത്രയായി.
ചേച്ചി ജാനു, ജ്യേഷ്‌ഠത്തിയമ്മ രോഹിണി, അനിയന്റെ ഭാര്യ രജനി
കോടിയേരിസ്പർശം
"പുഷ്പൻ ജീവിതത്തിലേക്ക് തിരിച്ചുവരും. എല്ലാ പ്രതിസന്ധികളെയും നമുക്ക് അതിജീവിക്കണം'– കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ അതിജീവനത്തിന്റെ ഊർജമായി പുഷ്പന്റെ കാതുകളിൽ എക്കാലവും മുഴങ്ങി. കിടപ്പിലായ കാലംമുതൽ പുഷ്പനുമേൽ പതിഞ്ഞ കരുതൽ കോടിയേരിയുടെ അവസാന നാളുവരെ നിലനിന്നു. കോടിയേരിയും പുഷ്പനും തമ്മിൽ വല്ലാത്തൊരു അടുപ്പം രൂപപ്പെട്ടിരുന്നു. "പുഷ്പാ' എന്ന വിളിയിൽ നിർലോപമായ സ്നേഹസാന്ത്വനം മാത്രമല്ല പുഷ്പൻ അനുഭവിച്ചത്, താങ്ങും തണലുമായിരുന്നു. ഓണത്തിനും വിഷുവിനുമൊക്കെ നാട്ടിലുണ്ടെങ്കിൽ മറ്റു തിരക്കുകൾക്കിടയിലും പുഷ്പനെ കാണാൻ കോടിയേരി എത്തി. കഴിച്ച മരുന്നിനെക്കുറിച്ചും വായിച്ച പുസ്തകത്തെക്കുറിച്ചുമൊക്കെ വിശദമായി ചോദിക്കും. മടങ്ങാൻ നേരം കുറച്ച് പണം ഏൽപ്പിച്ചുകൊണ്ട് പറയും "ഇത് വെച്ചോ പുഷ്പാ, ഓണമൊക്കെ നന്നായി ആഘോഷിക്ക്.’ കിടപ്പിലായ കാലംമുതൽ എല്ലാ കാര്യങ്ങളും പാർടി നോക്കുന്നുണ്ടെങ്കിലും കോടിയേരി നൽകുന്ന തുക ഒരിക്കൽപ്പോലും പുഷ്പൻ വേണ്ടെന്നു പറഞ്ഞിട്ടില്ല. മൂത്തസഹോദരന്റെ സ്നേഹപ്രകടനമായി, സഹായമായി തോന്നിയതിനാൽ അത് വേണ്ടെന്നു പറയാൻ പുഷ്പന്റെ നാവ് പൊന്തിയില്ല. ഓരോ വിഷുവിനും കോടിയേരി നൽകിയ കൈനീട്ടം പുഷ്പൻ മറന്നില്ല.
ആരോഗ്യസ്ഥിതി മോശമായതിനാൽ ഓണത്തിന് കോടിയേരി എത്തിയില്ല. പകരം മകൻ ബിനീഷ് വന്നു. കുറെ നേരത്തെ വാർത്തമാനത്തിനുശേഷം കുറച്ച് പണം കൈമാറിക്കൊണ്ട് ബിനീഷ് പറഞ്ഞു: "അച്ഛൻ തന്നതാണ് പുഷ്പന് തരാൻ.' അപ്പോൾത്തന്നെ ബിനീഷ് അച്ഛനെ ഫോൺ വിളിച്ച് പുഷ്പന് കൊടുത്തു. പതിഞ്ഞ ശബ്ദത്തിൽ ഓണാശംസകൾ നേർന്നുകൊണ്ട് കോടിയേരി പറഞ്ഞു: "പുഷ്പാ വന്നുകാണാൻ പറ്റിയ അവസ്ഥയിലല്ല. ഓണമൊക്കെ നന്നായി ആഘോഷിക്ക്.' കിടപ്പായശേഷം അച്ഛന്റെയും അമ്മയുടെയും അവസാനത്തെ ഉറക്കത്തിനപ്പുറം ആരുടെയും അന്ത്യനിദ്രയ്ക്ക് പുഷ്പൻ സാക്ഷിയായിട്ടില്ല. പക്ഷേ, അവസാനമായി കോടിയേരി സഖാവിനെ കാണാതിരിക്കാൻ പുഷ്പനാകുമായിരുന്നില്ല. തലശേരി ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചാണ് പുഷ്പൻ മടങ്ങിയത്.
നാടിന്റെ പുപ്പൻ
വീട്ടുകാർക്കും നാട്ടുകാർക്കും പുതുക്കുടിയിൽ പുഷ്പൻ പുപ്പനായിരുന്നു. പുഷ്പന്റെ വരവിനായി വീടും നാടും കാത്തിരുന്നു. അമ്മയുള്ളപ്പോഴും അവർ പോയശേഷവും പുഷ്പനെ പൊന്നുപോലെ പരിചരിച്ച ചേച്ചി ജാനുവും ജ്യേഷ്‌ഠത്തിയമ്മ രോഹിണിയും സഹോദരന്റെ ഭാര്യ രജനിയും പുഷ്പനെ കാണാനായി ആശുപത്രിയിലെത്തി. ക്രിട്ടിക്കൽ കെയർ മെഡിസിൻ വാർഡിന്റെ തണുപ്പിൽ മൂക്കിലും ശരീരത്തിലും നിറയെ ട്യൂബുകളും വയറുകളുമായി ബോധമില്ലാതെ കിടക്കുന്ന പുഷ്പനരികിലേക്ക് രോഹിണി ചെന്നു. 30 വർഷത്തോളം എത്രയോവട്ടം രോഹിണിയുടെ കൈകൾ പുഷ്പന്റെ നെറ്റിയിൽ സാന്ത്വനം പകർന്നിട്ടുണ്ട്. വീണ്ടും പുഷ്പന്റെ നെറ്റിയിൽ അമർത്തി അവർ വിളിച്ചു: “പുപ്പാ’’– മുറിഞ്ഞുപോയ ഓർമ തിരിച്ചുകിട്ടിയപോലെ ഒരുനിമിഷം ആ മുഖമൊന്ന് തുടിച്ചു.
ജ്യേഷ്ഠത്തിയമ്മ മുന്നിൽ വന്ന് സങ്കടപ്പെടുന്നത് പുഷ്പൻ അറിഞ്ഞിരിക്കുമോ? 29 വർഷവും 10 മാസവും മൂന്നുദിവസവും മരണത്തെ വെല്ലുവിളിച്ച് പുഷ്പൻ ജീവിച്ചു. സെപ്തംബർ 28–ാംതീയതി കോഴിക്കോട്ടുനിന്ന് പുഷ്പന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് പുഷ്പൻ പിറന്ന മേനപ്രത്തിന്റെ മണ്ണിലേക്ക് പുറപ്പെട്ടു. പുതുക്കുടിയിലേക്കുള്ള പുപ്പന്റെ ആ വരവ് അവസാനത്തേതായിരുന്നു. രാത്രിയോടെ സമരസൂര്യന്റെ ചിത കെട്ടടങ്ങുമ്പോഴും ദേശത്തെയൊന്നാകെ പൊതിഞ്ഞുനിൽപ്പുണ്ടായിരുന്നു പ്രിയപ്പെട്ട പുപ്പനെക്കുറിച്ചുള്ള ഓർമകൾ.









0 comments