രണ്ടുതവണ ചന്ദ്രന് അടുത്തെത്തി പക്ഷേ...

moon.png

ജിംലോവലിന്റെ നേതൃത്വത്തിലുള്ള അപ്പോളോ 13 ദൗത്യസംഘം യാത്ര പുറപ്പെടും മുൻപ്

avatar
ദിലീപ്‌ മലയാലപ്പുഴ

Published on Aug 16, 2025, 11:50 PM | 2 min read

‘ഹൂസ്റ്റൺ... ഞങ്ങൾ പ്രശ്‌നത്തിലാണ്‌... ഇനി എന്തു ചെയ്യണം...’ ജിം ലോവലിന്റെ ആശങ്ക നിറഞ്ഞ വാക്കുകൾ ഹൂസ്‌റ്റണിലെ നാസാ മിഷൻ കൺട്രോൾ സെന്ററിലേക്ക്‌ എത്തി. ജോൺസൺ സ്‌പെയ്‌സ്‌ സെന്ററിൽ മൂകത പടർന്നു. ഭൂമിയിൽനിന്ന്‌ 3.35 ലക്ഷം കിലോമീറ്റർ അകലെയുള്ള അപ്പോളോ 13 പേടകം അപകടത്തിൽപ്പെടുമോ എന്ന ആശങ്കയാണ്‌ എവിടെയും. പേടകത്തിൽനിന്ന്‌ ദ‍ൗത്യ കമാൻഡർ ജയിംസ്‌ എ ലോവൽ എന്ന ജിം ലോവലിന്റെ സന്ദേശം ഭയപ്പെടുത്തുന്നതായിരുന്നു. ചന്ദ്രനിൽ ഇറങ്ങാനുള്ള ആ ദൗത്യത്തിൽ ഫ്രെഡ്‌ ഹെയ്‌സ്‌, ജോൺ സ്വഗർട്ട്‌ എന്നീ ബഹിരാകാശ സഞ്ചാരികളും ഒപ്പമുണ്ട്‌. ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക്‌ കടക്കാൻ രണ്ട്‌ മണിക്കൂർ ബാക്കി നിൽക്കേയാണ്‌ പ്രതിസന്ധി. അപ്പോളോ പേടകത്തിന്റെ ഹൃദയമായ ദ്രവ ഇന്ധന ടാങ്കിനും ഓക്‌സിജൻ ടാങ്കിനും തകരാർ. എന്തോ പൊട്ടിത്തെറിച്ചതായി തോന്നുന്നുവെന്നും സന്ദേശമെത്തി. പേടകത്തിന്റെ കമാൻഡ്‌ മോഡ്യൂളിൽ ഇതിനിടെ വൈദ്യുതി നിലച്ചു. കുറെ നേരത്തേക്ക്‌ മിഷൻ കൺട്രോർ സെന്ററുമായുള്ള ആശയവിനിമയ ബന്ധവും ഇല്ലാതായി. ബന്ധം പുനഃസ്ഥാപിച്ചതോടെ നാസ ‘രക്ഷാപ്രവർത്തനം’ ആരംഭിച്ചു. ചന്ദ്രനിൽ ഇറങ്ങാനുള്ള ദ‍ൗത്യം പാതി വഴിയിൽ ഉപേക്ഷിച്ച്‌ ഭൂമിയിലേക്ക്‌ മടങ്ങാൻ നിർദേശം പോയി. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല... ഓക്‌സിജൻ ടാങ്ക്‌ പൊട്ടിത്തെറിച്ചു പോയിരുന്നു. നിയന്ത്രണ സംവിധാനങ്ങളൊക്കെ ഇനി എങ്ങനെ പ്രവർത്തിക്കുമെന്ന ആശങ്ക മിഷൻ കൺട്രോളിനുണ്ടായിരുന്നു. അപ്പോളോ 8ൽ ചന്ദ്രന്റെ 110 കിലോമീറ്റർ അടുത്തുവരെ എത്തി മടങ്ങിയ സംഘത്തിലൊരാളായിരുന്നു ലോവൽ. ജെമിനി 7, 12 ദ‍ൗത്യങ്ങളിൽ വിജയകരമായി ബഹിരാകാശയാത്ര നടത്തിയുള്ള പരിചയവുമുണ്ട്‌. നീൽ ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങിയ അപ്പോളോ 11 ദ‍ൗത്യത്തിന്റെ ബാക്ക്‌അപ്‌ ക്രൂവും ആയിരുന്നു.
അപകടം മുന്നിൽ കണ്ടതോടെ പേടകത്തിലെ ലൂണാർ മോഡ്യൂളിലേക്ക്‌ കയറാൻ ലോവൽ മറ്റുള്ളവർക്ക്‌ നിർദേശം നൽകി.


മോഡ്യൂളിലെ പരിമിതമായ സ‍ൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഭൂമിയിലേക്ക്‌ മടങ്ങാനുള്ള തയ്യാറെടുപ്പ്‌ അവർ തുടങ്ങി. ഇതിനോടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലേക്ക്‌ പേടകം എത്തി. മോഡ്യൂളിലെ ജ്വലനസംവിധാനം പ്രവർത്തിപ്പിച്ചതോടെ പേടകം ‘ഫ്രീറിട്ടേൺ പാത്തിൽ’ ഭൂമിയിലേക്ക്‌ വഴിതിരിഞ്ഞു. അന്തരീക്ഷത്തിലേക്ക്‌ കടക്കും മുമ്പ്‌ കമാൻഡ്‌ മോഡ്യൂളിലേക്ക്‌ സംഘം കയറി. പസഫിക്ക്‌ സമുദ്രത്തിൽ സുരക്ഷിതമായി പേടകമിറങ്ങി. 1970 ഏപ്രിൽ 11 ചന്ദ്രനിലേക്ക്‌ പോയ സംഘം പ്രതിസന്ധികൾ കടന്ന്‌ മടങ്ങിയെത്തിയത്‌ ഏപ്രിൽ 17നായിരുന്നു. ലോകം ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ഒരു യാത്ര. ‘വിജയിച്ചു പരാജയപ്പെട്ട ദ‍ൗത്യം’ എന്നാണ്‌ നാസ ഇ‍ൗ ചാന്ദ്രയാത്രയെ വിശേഷിപ്പിച്ചത്‌. യാത്ര തിരിക്കുമ്പോൾത്തന്നെ സാറ്റേൺ റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിന്‌ നേരിയ തകരാറുണ്ടായെങ്കിലും അത്‌ ദ‍ൗത്യത്തെ ബാധിച്ചില്ല.


യാത്രയ്‌ക്ക്‌ നേതൃത്വം നൽകിയ ജിം ലോവൽ വാർധക്യസഹജമായി അസുഖങ്ങളെത്തുടർന്ന്‌ കഴിഞ്ഞ ആഴ്‌ച അന്തരിച്ചു. ചന്ദ്രനിൽ കാൽകുത്തുക എന്ന സ്വപ്‌നം ബാക്കിയാക്കി. അതും രണ്ടുതവണ ചന്ദ്രന്റെ തൊട്ടടുത്തുവരെ എത്തിയിട്ടും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home