സെപ്തംബർ 29- ലോക ഹൃദയദിനം

ഹൃദയരാഗ തന്ത്രി മീട്ടി... ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം

jose chacko periappuram

ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം

avatar
ആർ ഹേമലത

Published on Sep 28, 2025, 12:00 AM | 4 min read

മുപ്പത്താറുമണിക്കൂറിനുള്ളിൽ രണ്ട്‌ ഹൃദയം തുന്നിച്ചേർത്ത ഈ കൈകളാണ്‌ വർഷങ്ങൾക്കുമുന്പ്‌ കേരളത്തിൽ ആദ്യ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തിയതും ഇന്ത്യയിൽ ആദ്യമായി ഒരാളിൽ രണ്ടുതവണ ഹൃദയം മാറ്റിവച്ചതും. ഇത്‌ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം. ഹൃദയങ്ങൾക്കുമേൽ കൈയൊപ്പുള്ളയാൾ. സെപ്‌തംബർ 29 ലോക ഹൃദയദിനമാണ്‌. ഹൃദയത്തിൽ തൊട്ടുള്ള അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.


​ഉച്ചത്തിൽ മിടിക്കൊല്ലെ


​പ്രയാസകരമായ ഒരു കടന്നുപോകലാണ്‌ ഓരോ ഹൃദയം മാറ്റിവയ്ക്കലും. ഒരു ജീവൻ നഷ്‌ടപ്പെടുന്നതിന്റെ വേദനയും മറുജീവൻ തിരിച്ചുപിടിക്കുന്നതിന്റെ സന്തോഷവും. മസ്‌തിഷ്‌കമരണം സംഭവിച്ച യുവാക്കളുടെ ഹൃദയമാണ്‌ കൂടുതലും ദാനമായി ലഭിക്കുന്നത്. ഒരുപാട്‌ പ്രതീക്ഷകളും പ്രസരിപ്പുമായി ജീവിതം കരുപ്പിടിപ്പിക്കാൻ നെട്ടോട്ടം ഓടുന്നതിനിടെ ജീവൻ നഷ്‌ടമാകുന്നവരാണ്‌ അവർ. പ്രിയപ്പെട്ടവന്റെ വേർപാടിലും അവയവദാനത്തിന്‌ മുതിരുന്ന ധീരരായ ബന്ധുക്കൾ ഒരുവശത്തും മരണനിമിഷങ്ങൾ എണ്ണി ജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന്‌ ചിന്തിക്കുന്ന മറ്റൊരാളും കുടുംബവും മറുവശത്തും. ഇതിനിടയിലൂടെയാണ്‌ മനസ്സും ശരീരവും ആ ദിവസം മുഴുവൻ യാത്ര ചെയ്യുന്നത്.


​നിർണായകം


​ആദ്യ നാലുമണിക്കൂറാണ്‌ ഏറ്റവും നിർണായകം. ദാതാവിൽനിന്ന്‌ ഹൃദയം വേർപെടുത്തുന്നതുമുതൽ നാലുമണിക്കൂറിനുള്ളിൽ അത്‌ സ്വീകർത്താവിൽ തുന്നിച്ചേർക്കണം. ഇതിനിടയിൽ രണ്ട്‌ ശസ്‌ത്രക്രിയ, പരിശോധനകൾ, ഗതാഗതസംവിധാനങ്ങൾ എല്ലാം സാധ്യമാകണം. സർക്കാർ സംവിധാനമായ കേരള ഓർഗൻ ആൻഡ്‌ ടിഷ്യൂ ട്രാൻസ്‌പ്ലാന്റ്‌ ഓർഗനൈസേഷൻ (കെ–സോട്ടോ) വഴി രജിസ്റ്റർ ചെയ്‌ത രോഗിക്ക്‌ സ്വീകരിക്കാൻ സാധിക്കുന്ന ഹൃദയം ലഭ്യമാണെന്ന അറിയിപ്പ്‌ വളരെ പെട്ടെന്നാണ്‌ ലഭിക്കുന്നത്‌. മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച രോഗിയുമായി രജിസ്റ്റർ ചെയ്‌ത രോഗിയുടെ രക്തഗ്രൂപ്പ്‌ മാച്ച്‌ ചെയ്യുമെന്ന അറിയിപ്പായിരിക്കും ആദ്യം ലഭ്യമാകുക. ദാതാവിന്റെയും രോഗിയുടെയും പ്രായവും ഭാരവും പരമപ്രധാനമാണ്‌. അതേസമയം, മറ്റ്‌ അവയവങ്ങളുടേതുപോലെ ടിഷ്യു മാച്ചിങ് ഇതിന്‌ ആവശ്യമില്ല. രക്തഗ്രൂപ്പുകളുടെ ക്രോസ്‌ മാച്ചിങ് കഴിഞ്ഞാൽപ്പിന്നെ പകലും രാത്രിയും വ്യത്യാസമില്ലാതെ അവയവം എടുക്കുന്നതിനും അത്‌ കൃത്യസമയത്ത്‌ എത്തിക്കുന്നതിനും മറ്റു പരിശോധനകൾക്കുമായി ഒരു സംഘം ആളുകൾ മുന്നിട്ടിറങ്ങുകയായി. ഇതിനിടയിലുള്ള ഓരോ സെക്കൻഡും വിലപ്പെട്ടതാണ്‌.


jose chacko periappuramഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം


​48 മണിക്കൂർ, രണ്ട്‌ ശസ്‌ത്രക്രിയ


​സെപ്‌തംബർ 11ന്‌ സർക്കാരിന്റെ കെ–സോട്ടോയിൽനിന്നാണ്‌ ലിസി ആശുപത്രിക്ക്‌ അറിയിപ്പ്‌ ലഭിക്കുന്നത്‌. തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ മസ്‌തിഷ്‌കമരണം സംഭവിച്ച ഐസക്‌ ജോർജി (33)ന്റെ ബന്ധുക്കൾ അവയവദാനത്തിന്‌ തയ്യാറായിരിക്കുന്നു, കെ സോട്ടോയിൽ പേര്‌ രജിസ്റ്റർ ചെയ്‌ത്‌ കാത്തിരിക്കുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിന്‌ (28) ഇ‍ൗ ഹൃദയം മാച്ച്‌ ചെയ്യും. ഒരു സംഘം ഡോക്‌ടർമാർ ഹൃദയം ഹാർവെസ്‌റ്റ്‌ ചെയ്യാനായി കിംസിലേക്ക്‌ പുറപ്പെട്ടു. മറ്റൊരു സംഘം ലിസിയിൽ അജിനെ ശസ്ത്രക്രിയക്ക്‌ തയ്യാറാക്കി. ഇതിനിടെ ഹൃദയം എത്തിക്കാൻ എയർ ആംബുലൻസ്‌ കിട്ടുമോ എന്ന്‌ മന്ത്രി പി രാജീവുമായി സംസാരിക്കുന്നു. ഉടൻ മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ എയർ ആംബുലൻസ്‌ ലഭ്യമാക്കുന്നു. ചാലക്കുടിയിൽനിന്ന്‌ ഹെലികോപ്‌റ്റർ തിരുവനന്തപുരത്ത്‌ എത്തിച്ച്‌ ഹൃദയവുമായി കൊച്ചിയിലേക്ക്‌. ലിസി ആശുപത്രിയിൽ എത്തിച്ച്‌ 3.59 മണിക്കൂറിൽ എല്ലാം പൂർത്തിയാക്കുന്നു. 13ന്‌ രാത്രിയാണ്‌ വട്ടപ്പറമ്പ് മള്ളുശേരി പാലമറ്റംവീട്ടിൽ ബിൽജിത് ബിജു (18)വിന്റെ ഹൃദയം കൊല്ലം സ്വദേശി ആവണി കൃഷ്‌ണ (13)യിൽ തുന്നിച്ചേർക്കുന്നത്‌. ആ നിയോഗവും കാര്യക്ഷമമായി പൂർത്തിയാക്കാൻ എല്ലാവരും ഒപ്പംനിന്നു.


പുതിയ സാങ്കേതികവിദ്യകൾ


എക്‌സ്‌ വിവോ മെഷീനുകൾപോലെയുള്ള പുതിയ സാങ്കേതികത ഉപയോഗിച്ച്‌ നാലുമണിക്കൂർ എന്ന ഡെഡ്‌ലൈൻ മറികടക്കാനാകും. അവയവങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ട്രാൻസ്‌പ്ലാന്റ്‌ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. ശ്വാസകോശങ്ങൾക്കായുള്ള XPSTM, ഹാർട്ട് ബോക്സ് എന്നിവപോലുള്ള സംവിധാനങ്ങൾ ദാതാവിന്റെ അവയവങ്ങളെ ശരീരത്തിന് പുറത്ത് സൂക്ഷിക്കുകയും ഓക്സിജൻ, പോഷകങ്ങൾ എന്നിവ നൽകുകയും പെർഫ്യൂഷൻ വഴി മാലിന്യ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. ദാതാവിൽനിന്ന്‌ വേർപെടുത്തിയ ഹൃദയം 24 മണിക്കൂറിലധികം ഒരു കേടുപാടും കൂടാതെ മനുഷ്യശരീരത്തിൽ എന്നപോലെ ഇ‍ൗ സംവിധാനത്തിൽ തുടിക്കും. ദാതാവിനും സ്വീകർത്താവിനും ഇടയിലുള്ള ദൂരം അതിനാൽത്തന്നെ വിഷയമാകുന്നില്ല. എന്നാൽ, ഇതിന്‌ വലിയ തുക വേണ്ടിവരുന്നതിനാൽ സർവസാധാരണമല്ല.


അവയവദാനം


രണ്ടുതരത്തിലാണ്‌ അവയവദാനം. ലൈവ്‌ ഡൊണേഷനും മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ചതിനുശേഷമുള്ള ദാനവും. ഏറ്റവും സുതാര്യമായത്‌ മസ്‌തിഷ്‌കമരണം സംഭവിച്ചശേഷമുള്ള ഡൊണേഷനാണ്‌. ലൈവ്‌ ഡൊണേഷനിൽ മാഫിയപോലെയുള്ള പുറംസ്വാധീനങ്ങൾ ഉണ്ടാകും. മസ്‌തിഷ്‌കമരണം നടന്നവരിൽനിന്നുള്ള അവയവദാനത്തെ പ്രോത്സാഹിപ്പിച്ചാൽ ലൈവ്‌ ഡൊണേഷന്റെ തോതിൽ കുറവുവരും. ദാതാവ്‌ പുരുഷനായിരിക്കുന്നതാണ്‌ കൂടുതൽ ഉത്തമം. സ്‌ത്രീകളുടെ ഹൃദയത്തിന്‌ അൽപ്പം വലിപ്പം കുറവായിരിക്കും.


jose chacko periappuramഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം


ആദ്യ ഹൃദയംമാറ്റിവയ്‌ക്കൽ


1997ൽ ഹൃദയം തുറന്ന ആദ്യ ശസ്‌ത്രക്രിയ നടത്തുമ്പോൾ, ഇതൊക്കെ ഇവിടെ നടക്കുമോ എന്ന്‌ ആശങ്ക പങ്കുവച്ചിരുന്നു. 2003 മെയ്‌ 13നാണ്‌ കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ ചെയ്യുന്നത്‌. മസ്‌തിഷ്‌കമരണം സംഭവിച്ച സുകുമാരന്റെ ഹൃദയമാണ്‌ എബ്രഹാം (36) എന്ന ചെറുപ്പക്കാരനിൽ തുന്നിച്ചേർത്തത്‌. ബൈപാസ്‌ സർജറിക്കും വാൽവ്‌ മാറ്റിവയ്‌ക്കലിനും മറ്റ്‌ സംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും ആശ്രയിച്ചിരുന്ന കാലത്താണ്‌ ആദ്യ ഹൃദയംമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ കേരളത്തിൽ നടക്കുന്നത്‌. അതോടെ ഹൃദയം മാറ്റിവയ്ക്കുന്ന ചികിത്സ ലഭ്യമായ ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി. അതിനുശേഷം കേരളം ഹൃദയശസ്‌ത്രക്രിയയിലും കാർഡിയോളജിയിലും കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്‌. ഒന്നോ രണ്ടോ ആൻജിയോഗ്രാം ചെയ്യുന്ന കാലത്തുനിന്ന്‌ രണ്ടുപതിറ്റാണ്ടിനിടയിൽ ഉദ്ദേശം 150 കാത്ത്‌ ലാബുകളിലായി നൂറുകണക്കിന് ആൻജിയോഗ്രാം ഓരോ ദിനവും നടക്കുന്നു. ഒന്നോ രണ്ടോ ഹൃദയശസ്ത്രക്രിയകൾ ചെയ്‌തിരുന്ന ഡിപ്പാർട്ട്‌മെന്റുകളിൽനിന്ന്‌ 80 ഹൃദയം തുറന്ന ശസ്‌ത്രക്രിയകൾ നടക്കുന്ന സംവിധാനങ്ങൾ കേരളത്തിന്‌ സ്വന്തമാക്കാനായി.


സ്വന്തം ആരോഗ്യം


മനസ്സിന്റെ സന്തോഷമാണ്‌ ഏറ്റവും പ്രധാനം. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക. അനാവശ്യമായി ആരെയും ബുദ്ധിമുട്ടിക്കാതിരിക്കുക തുടങ്ങിയ ചില കാര്യങ്ങൾ അനുവർത്തിച്ചുവരുന്നു. നാലോ അഞ്ചോ ഹൃദയശസ്‌ത്രക്രിയ ഒരു ദിവസം ചെയ്യേണ്ടിവരുന്പോൾ ഉണ്ടാകുന്ന ജോലിഭാരംമൂലം കൃത്യമായ വ്യായാമ മുറകൾ സാധ്യമാകാറില്ല. എങ്കിലും ശസ്‌ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കുന്നതിലെ സന്തോഷമാണ്‌ ജീവിതശൈലീക്രമീകരണമായി കണക്കാക്കുന്നത്‌. അത്‌ മുന്നോട്ടുള്ള ജീവിതത്തിന്‌ ആരോഗ്യവും ഉ‍ൗർജവും നൽകുന്നു. ആഴ്‌ചയിലൊരിക്കൽ സ്വന്തം ഫാമിൽ ചെടികളുമായും പ്രകൃതിയുമായും സംവദിക്കുന്നതും ജീവിതശൈലിയുടെ ഭാഗമാണ്‌. അതും മനസ്സിന്‌ സന്തോഷം നൽകുന്ന പ്രവൃത്തിയാണ്‌. ബിരുദതലത്തിൽ ബോട്ടണി പഠിച്ചതിനാൽ ചെടികളോട്‌ ഒരു പ്രത്യേക അടുപ്പം സൂക്ഷിക്കുന്നുണ്ട്‌.


പിന്തുണ


​ഭാര്യ ജയ്‌മിയും മക്കളായ ജേക്കബ്‍, ജോസഫ്‌, ജോൺ എന്നിവരും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്‌. സഹപ്രവർത്തകരും ജോലി ചെയ്യുന്ന ആശുപത്രി മാനേജ്‌മെന്റും തരുന്ന പിന്തുണ ഓരോ ശസ്‌ത്രക്രിയയും വിജയകരമാക്കാൻ സാധിക്കുന്നു. 1958 ഏപ്രിൽ 28ന് എറണാകുളം ജില്ലയിലെ സൗത്ത് പറവൂരിൽ പി എം ചാക്കോ–മേരി ചാക്കോ ദമ്പതികളുടെ മകനായിട്ടാണ്‌ ജോസ് ചാക്കോ പെരിയപ്പുറം ജനിച്ചത്‌. സെന്റ് എഫ്രയിംസ് ഹൈസ്കൂളിൽനിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കി പാലാ സെന്റ് തോമസ് കോളേജിൽനിന്ന്‌ സസ്യശാസ്ത്രത്തിൽ ബിഎസ്‌സിയും നേടിയശേഷമാണ്‌ കോട്ടയം മെഡിക്കൽ കോളേജിൽനിന്ന്‌ എംബിബിഎസ്‌ പഠനം 1985ൽ പൂർത്തിയാക്കുന്നത്‌. 1986ൽ ഡബ്ലിനിലെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് അയർലൻഡിൽനിന്ന് എഫ്‌ആർ‌സി‌എസ് നേടി. 2011ൽ പത്മശ്രീയും 2025ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.


റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമാണ്. നിലവിൽ എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയാക്‌ സർജറി വിഭാഗം തലവനാണ്‌. ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളെ സഹായിക്കുന്നുണ്ട്‌. നിർധനരായ രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾ നടത്താൻ സാമ്പത്തികസഹായവും നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home