ധർമസ്ഥല... ഭയംഭരണ പ്രദേശം

ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയെ നേത്രാവതി സ്‌നാനഘട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ചപ്പോൾ

വിനോദ് പായം
Published on Aug 05, 2025, 12:42 PM | 5 min read
മംഗളൂരു‐ചിക്കമംഗളൂരു റോഡിൽ 65 കിലോമീറ്ററായാൽ ഉജിരെ എന്ന സ്ഥലമായി. ധർമസ്ഥലയുടെ കവാടമാണിത്. ഇവിടെനിന്ന് വലത്തോട്ട് ഷിരാടി സുബ്രഹ്‌മണ്യ റൂട്ടിലേക്ക് കടന്നാൽ എട്ടു കിലോമീറ്റർ ദൂരം ക്ഷേത്രനഗരത്തിന്റെ സൗന്ദര്യമാണ്. തണൽ മരം വിരിച്ച പ്രാചീനവും പ്രൗഢവുമായ നേത്രാവതി പുഴക്കരയിലെ അന്തരീക്ഷം നമ്മളെ ആനന്ദിപ്പിക്കാൻ തുടങ്ങും. മഞ്ജുനാഥേശ്വരൻ വിളങ്ങുന്ന ജൈനക്ഷേത്രം എത്താറായി.
അരികിലെ കുന്നിനുമുകളിൽ ദിഗംബര ശേഷ്‌ഠനായ ബാഹുബലിയും പ്രധാന കാഴ്‌ചതന്നെ. പലതവണ യാത്രയാൽ മോഹിപ്പിച്ച വഴികൾ. ഇത്തവണ പക്ഷേ, ഉജിരെ കഴിഞ്ഞും മഞ്ജുനാഥന്റെ സവിധത്തിലേക്കല്ല പോയത്. നേരെ സുബ്രഹ്‌മണ്യ റൂട്ടിൽ ഷിരാടി ഭാഗത്തേക്ക്. ഷിരാടിയും സമീപത്തെ ഇച്ചിലംപാടിയും മലയാളിക്കറിയാം.
ഫ്യൂഡൽ ജീവിതത്തിൽനിന്ന് ഒരിക്കലും പരാവർത്തനം വയ്യാത്ത ജന്മി ഭാസ്‌കര പട്ടേലരുടെ നാട്, വിധേയനായ കൊച്ചിക്കാരൻ തൊമ്മിയുടെയും നാട്. സക്കറിയ എഴുത്തിനാൽ ഭ്രമിപ്പിച്ച (ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും), അടൂർ ഗോപാലകൃഷ്‌ണൻ കാമറയാൽ മോഹിപ്പിച്ച (വിധേയൻ) ജന്മിനിലങ്ങൾക്ക് അടുത്താണ് നാമിപ്പോൾ. ഭാസ്‌കര പട്ടേലർ കഥയിലും സിനിമയിലും കാണിച്ച ഭയാനുഭവങ്ങളിൽ ചിലതാണ് ഇനി പറയുന്നത്.
പത്മലത (1986)
അങ്ങനെ ബൊളിയാറെത്തി. കാടിനാൽ വലയം ചെയ്‌ത ചെറിയ തോടും കരയിൽ റബർ തോട്ടവുമുള്ള ടിപ്പിക്കൽ മലയാളി ഗ്രാമം. മധ്യതിരുവിതാംകൂറിൽനിന്ന് അരനൂറ്റാണ്ടുമുമ്പ് കുടിയേറി വന്നപ്പോൾ ഒപ്പം വന്ന വീടും തൊടിയും. നരച്ച ഓർമകൾപോലെ ഒരു പതിനേഴുകാരിയുടെ വലിയ ഛായാചിത്രം കാണാം അവിടത്തെ പഴയ വീട്ടിൽ. അതിനരികിൽ കിടക്കയോടു ചേർന്നും ഇടയ്‌ക്ക് എഴുന്നേറ്റും തങ്കമ്മ എന്നൊരമ്മ എന്തൊക്കെയോ പിറുപിറുക്കുന്നു. ചാവാത്ത, ചിതപിടിക്കാത്ത ഓർമകളുടെ ഭാരത്താൽ അടുക്കും ചിട്ടയുമില്ലാതെ പലതും സംസാരിക്കുന്നു.
ഇത് അമ്മയ്‌ക്ക് മുമ്പേയുള്ളതാണെന്ന് ഒപ്പമുള്ള മകൾ ചന്ദ്രാവതി. ചന്ദ്രാവതിയുടെ ചേച്ചിയാണ് പത്മലത. സിപിഐ എം ബൾത്തങ്ങാടി താലൂക്ക് കമ്മിറ്റിയംഗമായിരുന്ന, കോട്ടയത്തുനിന്ന് മുക്കാൽ നൂറ്റാണ്ടുമുമ്പ് കുടിയേറി വന്ന, ദേവാനന്ദിന്റെ മക്കൾ. നാലുപെൺമക്കളാണ് ദേവാനന്ദിനും തങ്കമ്മയ്‌ക്കും. അതിൽ രണ്ടാമത്തവൾ പത്മലത, ഉജിറെയിൽ പിയുസി വിദ്യാർഥി. 1986 സിസംബർ 22ന് വൈകിട്ട് കോളേജിൽനിന്ന് മടങ്ങുംവഴി മാഞ്ഞുപോയി.
എതിരില്ലാതെ ധർമസ്ഥലയിലെ പ്രമാണിമാർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിക്കുന്ന കാലമാണത്. അന്നാദ്യമായി, സ്ഥലത്തെ ആദിവാസികളുടെ നേതാവുകൂടിയായ ദേവാനന്ദ് ഏഴാം വാർഡ് മൊളിക്കാറിൽ എതിർസ്ഥാനാർഥിയായി മത്സരിക്കുന്നു. ആ ‘മഹാപാതകത്തിന്’ പകരം ബലി നൽകേണ്ടി വന്നത് മകളുടെ ജീവനാണെന്ന് ദേവാനന്ദിന് ആദ്യം മനസ്സിലായില്ല. മത്സരത്തിൽനിന്ന് പിന്മാറിയാൽ, മകൾ വീട്ടിലെത്തുമെന്ന് പറഞ്ഞതോടെ, പാർടി പിന്മാറാൻ നിർദേശിച്ചു. പക്ഷേ, 58–-ാം ദിവസം ഫെബ്രുവരി 17ന് രണ്ടു കിലോമീറ്റർ അകലെ കുതിരായം പുഴയിൽ കൈയും കാലും കെട്ടിയിട്ട നിലയിൽ പെൺ അസ്ഥികൂടം കണ്ടെത്തി. കൈയിൽ കെട്ടിയ വാച്ചാണ് ആ അസ്ഥികൂടം പത്മലതയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്.
കമ്യൂണിസ്റ്റുകാരുടെ കേസ് അന്വേഷിക്കാനില്ലെന്ന നിലപാടിൽ ലോക്കൽ പൊലീസും ഉഴപ്പിയപ്പോൾ സിപിഐ എം കർണാടക വ്യാപകമായി പ്രക്ഷോഭം ഉയർത്തി. ഇതേത്തുടർന്ന് കർണാടക സിഐഡി അന്വേഷണം പ്രഖ്യാപിച്ചു. പത്മലത സ്ഥിരം സഞ്ചരിക്കുന്ന ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് മർദിച്ചതല്ലാതെ കേസിൽ പുരോഗതിയുണ്ടായില്ല.
ദീർഘകാലം നിയമപോരാട്ടം നടത്തിയ ദേവാനന്ദ് അഞ്ചു വർഷംമുമ്പ് മരിച്ചു. ദേവാനന്ദിനൊപ്പം നിയമപോരാട്ടം നടത്തിയ മകൻ രവീന്ദ്രൻ ജോലി ചെയ്യുന്ന ബാങ്കിൽ ആത്മഹത്യ ചെയ്തു. കേസ് പിൻവലിപ്പിക്കാൻ ഇദ്ദേഹത്തിനുമേലും സമ്മർദമുണ്ടായിരുന്നതായി ചന്ദ്രാവതി ഓർത്തു. ഒരത്യാഹിതം; അതോട് ചേർന്ന് പിന്നെയും പിന്നെയും എന്തൊക്കെയോ ദുരൂഹതകൾ.
യമുന, നാരായണ (2012)
പിന്നെ വേദവതിയും
ക്ഷേത്രത്തിലെ ആന പാപ്പാനാണ് നാരായണ. സഹോദരി യമുനയ്‌ക്കൊപ്പം ക്ഷേത്രപരിസരത്തുതന്നെയാണ് താമസം. 2012 സെപ്‌തംബർ 21ന് രാവിലെ രണ്ടുപേരെയും വീട്ടിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കവർച്ചക്കാർ വീട് തകർത്ത് തലയ്‌ക്ക് കല്ലിട്ട് കൊന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അത്രയും സുരക്ഷയുള്ള ക്ഷേത്ര കോംപൗണ്ടിൽ രാത്രിയിൽ കവർച്ചക്കാർ കടന്നതും രണ്ടുപേരെയും ഇല്ലാതാക്കിയതും നിരവധി ചോദ്യങ്ങളുയർത്തി. ഇവർ മാനസിക അസ്വാസ്ഥ്യമുള്ളവരാണെന്നും മരണശേഷം വാർത്തകൾ വന്നു.
എന്തായാലും ഒരുരാത്രി ആരോരുമറിയാതെ ഇല്ലാതായിപ്പോയ സഹോദരങ്ങളെക്കുറിച്ച് പിന്നീടാരും അന്വേഷിച്ച് വന്നില്ല. വീടുണ്ടായ സ്ഥലത്ത്, ഏറെ തിരക്കുള്ള ഹോട്ടലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവർ താമസിക്കുന്ന സ്ഥലം വിട്ടുനൽകണമെന്ന് ചില പ്രമാണിമാർ മുമ്പ് സമ്മർദം ചെലുത്തിയിരുന്നതായും അന്നൊന്നും നാരായണയും യമുനയും വഴങ്ങിയില്ലെന്നുമുള്ള ഉപകഥകൾ ഭയത്തിനൊപ്പം ചുണ്ടിൽ കാതിലേക്ക് പറന്നു പറന്നു നടക്കുന്നുണ്ടിപ്പോഴും.
സൗജന്യയുടെ ചിത്രത്തിന് മുന്നിൽ കുസുമാവതി,കൊല്ലപ്പെട്ട പത്മലതയുടെ ചിത്രത്തിന് മുന്നിൽ
ബൊളിയാറിലെ വീട്ടിൽ അമ്മ തങ്കമ്മ,
സഹോദരി ചന്ദ്രവതി, കാണാതായ എംബിബിഎസ് വിദ്യാർഥി അനന്യ ഭട്ടിന്റെ അമ്മ സുജാത ധർമസ്ഥല പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ,
സ്ഥലത്തെ പ്രധാന സ്‌കൂളിലെ മിടുക്കിയായ അധ്യാപികയാണ് വേദവതി. ഇടയ്‌ക്ക് വേദവതിയുടെ സ്ഥാനക്കയറ്റം മാനേജ്‌മെന്റ് തടഞ്ഞു. തന്നെ പ്രധാന അധ്യാപികയാക്കണമെന്ന് കാട്ടി അവർ കോടതിയെ സമീപിച്ചു. നിയമപരമായ സ്ഥാനക്കയറ്റം അവർ പോരാടി നേടി. എന്നാൽ, അവരുടെ സന്തോഷം ഏറെ നീണ്ടുനിന്നില്ല. ഒരുദിനം അവർ ജോലി ചെയ്യുന്ന ട്യൂഷൻ സെന്ററിൽ സ്വയം നിന്നുകത്തി. പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്‌തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവായ ഡോക്ടർ, ഭാര്യയുടെ ചാവുനിലം കണ്ട് സഹിക്കാനാകാതെ ജന്മനാടായ റായ്‌ച്ചൂരിലേക്ക് മടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ, ടീച്ചറുടെ സ്വയം ഹത്യക്ക് സാക്ഷിയായ, ഒരു വിദ്യാർഥിയും ദുരൂഹ സാഹചര്യത്തിൽ ഇല്ലാതായി. പിന്നെയും എന്തൊക്കെയോ ദുരൂഹതകൾ.
ദുരൂഹസ്ഥലം
കഴിഞ്ഞ ജൂലൈ നാലിന് ‘ഭീമ’ എന്ന് വിളിപ്പേരുള്ള പഴയ ക്ഷേത്രം ജീവനക്കാരൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ കോളിളക്കം സൃഷ്ടിച്ചത്. 1995- മുതൽ 2014 വരെ കൊല്ലപ്പെട്ട നൂറിലധികം പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി കുഴിച്ചിട്ടു എന്നായിരുന്നു വെളിപ്പെടുത്തൽ. ധർമസ്ഥല പൊലീസിൽ അഭിഭാഷകർക്കൊപ്പം നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പിന്നാലെ 11ന് ഇയാൾ ബെൽത്തങ്ങാടി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരായി മൊഴി നൽകി. താൻ കുഴിച്ചിട്ട മൃതദേഹങ്ങളിൽ ഒന്നിന്റെ എല്ലിൻ കഷണം എന്ന് വിശേഷിപ്പിച്ച് ചില അസ്ഥികളും മൊഴിക്കൊപ്പം കോടതിയിൽ നൽകി. കറുത്ത തുണിയിട്ട് മുഖവും ശരീരവും മൂടി ഇയാൾ നൽകിയ മൊഴിക്ക് പിന്നാലെ പലതരം കഥകൾ പലയിടത്തുനിന്നും പുറത്തുവന്നു. പലതും ദുരൂഹവും അപസർപ്പക രീതിയിലുള്ള കഥകളുമായതിനാൽ യുട്യൂബ് വാർത്താവതാരകർ വൻതോതിൽ പ്രചരിപ്പിച്ചു. അപ്പോഴും കർണാടകത്തിലെ പ്രധാന മാധ്യമങ്ങൾ ‘വിവേകത്തിന്റെ ഒരേയീണം’ പ്രകടിപ്പിച്ചു. പൊലീസ് പറയുന്നതുമാത്രം വാർത്തയാക്കി.
എന്നാൽ ചില ദേശീയ മാധ്യമങ്ങളും കേരളത്തിലെ മിക്ക മാധ്യമങ്ങളും ധർമസ്ഥല വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ 20 നാൾ കഴിഞ്ഞ് പ്രത്യേക അന്വേഷക സംഘത്തെ കർണാടക സർക്കാർ നിയോഗിച്ചു. അവരുടെ അന്വേഷണത്തിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
കാര്യം മണക്കുന്ന കണക്ക്
ധർമസ്ഥലയിലെ പുതിയ വാർത്തകളുടെ പശ്‌ചാത്തലത്തിൽ ഒരു എൻജിഒ നൽകിയ വിവരാവകാശ അപേക്ഷയിൽ കിട്ടിയ അത്യാഹിത കണക്കുകൾ നമ്മെ അൽപ്പം പേടിപ്പിക്കും. ധർമസ്ഥല, ബൾത്തങ്ങാടി പൊലീസ് സ്‌റ്റേഷൻ അതിർത്തിയിൽ അസ്വാഭാവിക മരണങ്ങളുടെ കണക്ക് മറ്റിടങ്ങളിലെ പൊതു അവസ്ഥയുമായി പൊരുത്തപ്പെടുന്നില്ലെന്ന് എൻജിഒയെ ഉദ്ധരിച്ച് ‘ദ ഫെഡറൽ’ എന്ന ഓൺലൈൻ വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു.
11 കൊല്ലത്തിനിടയിൽ ധർമസ്ഥല, ഉജിരെ വില്ലേജുകളിൽ 452 ആത്മഹത്യയും 16 കൊലപാതകവും ലൈംഗിക അതിക്രമവും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഇതിലെ ഇരകളിൽ 96 പേരും സ്‌ത്രീകളാണ്. 2001 ജനുവരി മുതൽ 2012 ഒക്ടോബർ വരെയുള്ള കണക്കാണിത്.
2013 സെപ്‌തംബർ മുതൽ 2020 ഡിസംബർവരെ മറ്റൊരു കണക്കുമുണ്ട്. 98 അസ്വാഭാവിക മരണങ്ങളാണ് ഇക്കാലത്ത് ധർമസ്ഥല, ബൾത്തങ്ങാടി പൊലീസ് സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌തത്.
ഇതൊരു സ്വാഭാവിക നിയമവാഴ്‌ചയുള്ള സ്ഥലത്ത് അസ്വാഭാവികമാണെന്നാണ് പറയുന്നത്.
സൗജന്യയുടെ പാങ്ങളയിലെ വീട്ടിലേക്കുള്ള സൂചനാബോർഡ്
വഴിതിരിച്ചു വിട്ട സൗജന്യ
പേടിപ്പിക്കുന്ന വാർത്തകൾ വെറും വാർത്തയായി ഒടുങ്ങുമ്പോഴും കുഴിമാടത്തിൽനിന്ന് പൊരുതിക്കൊണ്ടേയിരിക്കുന്ന പതിനേഴുകാരിയുടെ പേരാണ് സൗജന്യ. ധർമസ്ഥലയിൽനിന്ന് രണ്ടര കിലോമീറ്റർ അപ്പുറം പാങ്ങളയിൽ ഇപ്പോഴും അവളുടെ കുഴിമാടം തുടിക്കുന്നുണ്ട്. ‘എനിക്ക് നീതിയെവിടെ’ എന്ന അവളുടെ ചോദ്യം അവിടത്തേക്ക് ഐക്യപ്പെടാൻ പല നാട്ടിൽനിന്നും എത്തുന്ന പലരോടും അമ്മ കുസുമാവതി ചോദിക്കുന്നു. 13 വർഷം മുമ്പ് കർണാടകയെ ആകെ ഇളക്കിമറിച്ച കേസാണ് സൗജന്യ കൊലപാതകം. സിബിഐ അന്വേഷിച്ചിട്ടും പ്രതികളിലേക്ക് എത്താൻ പറ്റാതെ, കേസ് തേഞ്ഞു മാഞ്ഞുപോയി.
2012 ഒക്ടോബർ ഒമ്പതിനാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് സൗജന്യയെ ക്രൂരമായി കൊന്നത്. ഉജിരെ കൊളേജിൽനിന്ന് നേത്രാവതി സ്‌നാന ഘട്ടിൽ ബസിറങ്ങി അവൾ നടന്നു പോകുന്നതായി കണ്ടവരുണ്ട്. തെരച്ചലിനിടെ പിറ്റേന്ന് ഒക്ടോബർ പത്തിന് സ്‌നാന ഘട്ടിന് അൽപ്പമകലെ കുറ്റിക്കാട്ടിൽ, സൗജന്യയുടെ പാതി നഗ്നമായ മൃതദേഹം കിട്ടി. കോളേജ് തിരിച്ചറിയൽ കാർഡിന്റെ ചരട് കഴുത്തിൽ മുറുകി കിടപ്പുണ്ട്. അവളെ കാണാതാകുമ്പോൾ നല്ല മഴയുണ്ടായിരുന്നു. പിറ്റേന്ന് കാട്ടിൽ മൃതദേഹം കാണുമ്പോൾ ദേഹം നനഞ്ഞിട്ടൊന്നുമില്ലെന്ന് അമ്മ കുസുമവതി 13 വർഷവും വറ്റാതെ കിടന്ന കണ്ണീർ ചാലിച്ച് കരഞ്ഞുപറഞ്ഞു. (ഓർക്കുക അതേ നേത്രാവതി സ്‌നാനഘട്ടിന് സമീപമാണ് ഇപ്പോൾ ധർമസ്ഥല പ്രത്യേക അന്വേഷക സംഘം മൃതദേഹാവശിഷ്ടങ്ങൾക്കായി കുഴിച്ചുകൊണ്ടിരിക്കുന്നത്)
സൗജന്യക്ക് നീതിക്കായി, കർണാടകത്തിൽ ഉയരാത്ത പ്രക്ഷോഭങ്ങളില്ല. സിപിഐ എം ആഭിമുഖ്യത്തിൽ ധർമസ്ഥലയിലും മംഗളൂരുവിലും പ്രക്ഷോഭം നടത്തി. പ്രകാശ് കാരാട്ട് സൗജന്യയുടെ വീട്ടിലെത്തി, വീടുകാരുടെയും ആക്‌ഷൻ കൗൺസിലിന്റെയും നിയമപോരാട്ടത്തിന് പിന്തുണ അറിയിച്ചു. സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണവും പതിവുപോലെ തെളിവൊന്നുമില്ലാതെ ചുരുട്ടിക്കെട്ടി. സൗജന്യയുടെ വീട്ടുകാർക്കിപ്പോൾ ധർമസ്ഥലയിൽ ഊരുവിലക്കിന്റെ അവസ്ഥയാണ്. ഓട്ടോക്കാരൊന്നും പാങ്ങളയിലേക്ക് പോകാതായി. തങ്ങളെ കാണാൻ വരുന്നവർക്ക് സഹായത്തിനായി റോഡരികിൽ, ‘സൗജന്യയുടെ വീട്ടിലേക്കുള്ള വഴി' എന്ന ബോർഡ് വയ്‌ക്കേണ്ടി വന്നു കുടുംബത്തിനും ആക്‌ഷൻ കൗൺസിലിനും. രണ്ടരകിലോമീറ്റർ ദൂരത്ത് ഓരോ വളവിലും തിരിവിലും ആറിടത്ത് ഇത്തരം സൂചനാ ബോർഡുണ്ട്.
സൗജന്യയുടെ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് 2013ൽ സിപിഐ എം ആഭിമുഖ്യത്തിൽ മംഗളൂരുവിൽ നടത്തിയ റാലി
സൗജന്യയെന്ന മരിച്ചവളുടെ പോരാട്ടം ഇനിയും അവസാനിക്കില്ലെന്ന് പാങ്ങളയെന്ന ദേശം ഇപ്പോഴും പറയും. ധർമസ്ഥലയിലെ പുതിയ വെളിപ്പെടുത്തലുകൾ എണ്ണിയെണ്ണി പറയുന്ന ആക്‌ഷൻ കൗൺസിലുകാർ സൗജന്യയുടെ പേര് പറഞ്ഞാണ് തുടങ്ങുക. മഹേഷ് ഷെട്ടി തിമ്മറോഡി, മലയാളിയായ ജയന്ത് എന്നിവരാണ് ആക്‌ഷൻ കൗൺസിൽ പ്രവർത്തനങ്ങളുടെ നേതൃത്വത്തിൽ. വെളിപ്പെടുത്തൽ നടത്തിയ സാക്ഷിക്കായി അഭിഭാഷകരെ ചുമതലപ്പെടുത്തിയതും കോടതിയിൽ രഹസ്യമൊഴി കൊടുപ്പിച്ചതും ഇവരുടെ നേതൃത്വത്തിൽ. കൊല്ലപ്പെട്ട പത്മലതയുടെ പിതാവ് ദേവാനന്ദിന്റെ അടുത്ത ബന്ധുവാണ് ജയന്ത്. പല കാരണങ്ങളാലും സ്ഥലത്തെ പ്രധാന ‘ദിവ്യന്മാരോട്’ പൊരുതാനുറച്ച ഉജിറെയിലെ സമുദായ നേതാവാണ് മഹേഷ് ഷെട്ടി തിമ്മറോഡി.
കഥ തുടരുന്നു
ഒരത്യാഹിതം; ചേർന്ന് മറ്റൊരത്യാഹിതം എന്നിങ്ങനെയുള്ള വാർത്തകൾക്ക് ധർമസ്ഥലയിൽ അവസാനമില്ല; മിക്കതും കെട്ടകഥയെന്ന് തോന്നിക്കുന്നവ. മണിപ്പാലിലെ എംബിബിഎസ് വിദ്യാർഥിനി അനന്യ ഭട്ടിന്റെ തിരോധാനം അത്തരത്തിലുള്ളതാണ്. 2003ൽ ക്ഷേത്രം കാണാനെത്തിയതാണ് അവൾ. ചോക്കുവരപോലെ അവൾ മാഞ്ഞതിന്റെ കാരണം തേടി അമ്മ സുജാത ഇപ്പോഴും ബംഗളൂരുവിലുണ്ട്.
ഇടയ്‌ക്ക് മകളെ അന്വേഷിച്ച് ധർമസ്ഥലയിൽ എത്തിയപ്പോൾ, ചിലർ മുറിയിലിട്ട് മർദിച്ച് ബോധരഹിതയാക്കിയതായും അവർ പറയുന്നു. മകളുടെ ചെറിയ എല്ലിൻ കഷണമെങ്കിലും ശേഷക്രിയക്കായി കിട്ടണം. നേത്രാവതി പുഴക്കരയിൽ കുഴിച്ചിട്ട മൃതദേഹങ്ങളിൽ മകളുമുണ്ടാകും. അവൾ അങ്ങനെ മാഞ്ഞു പോയതല്ല എന്നെങ്കിലും എനിക്ക് ആശ്വസിക്കണം, അമ്മയിപ്പോഴും വിതുമ്പുന്നു.









0 comments