തായ്‍വാനിലെ കൊല്ലം ഗാഥ

thayvan kollam.png
avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Aug 16, 2025, 11:41 PM | 3 min read

"ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻവേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും' എന്ന് പൗലോ കൊയ്‌ലോ പറഞ്ഞതിൽ പതിരില്ല. അതിന് തെളിവായി നിരവധി ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത്തരമൊരു കഥയാണ് കൊല്ലം കുരീപ്പുഴ സ്വദേശി ഡോ. അനിത മേരി ഡേവിഡ്സണിന്റേതും. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കൊല്ലം മേഖലയിൽനിന്ന്‌ സ്വപ്രയത്നംകൊണ്ട് നാഷണൽ തയ്‍വാൻ ഓഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്ന്‌ അനിത അടുത്തിടെ മറൈൻ ബയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. സ്കോളർഷിപ്പോടെ തയ്‍വാനിൽ ഗവേഷണ പഠിതാവായിരുന്ന അനിത കൊല്ലം കുരീപ്പുഴ പണ്ടകശാല വീട്ടിൽ റിട്ട. ഫോറസ്റ്റ് ഓഫീസർ ഡേവിഡ്സൺ സേവ്യറിന്റെയും മോളി മേരിയുടെയും ഏക മകളാണ്. ജനിച്ചു വളർന്നതൊക്കെ കൊല്ലത്താണ്. മരിയ ആഗ്നസ് കോൺവെന്റ് സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠനം. കൊല്ലം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ ഹയർ സെക്കൻഡറി പഠനവും കൊല്ലം ഫാത്തിമ മാതാ കോളേജിൽനിന്ന്‌ ബിഎസ്‍സി ബോട്ടണിയിൽ ബിരുദവും നേടി. തുടർന്നാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഓഷ്യൻ സ്റ്റഡീസിൽ ബയോളജിക്കൽ ഓഷ്യനോഗ്രഫി ആൻഡ് ബയോഡൈവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് ചേരുന്നത്. അനിതയുടെ വിജയകഥകളുടെ ലോകം അവിടെ തുടങ്ങുകയായിരുന്നു.


ഗവേഷക


ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് ചേർന്ന സമയത്താണ് അനിത മറൈൻ ബയോളജിയെക്കുറിച്ചും അതിന്റെ ഗവേഷണ സാധ്യതകളെക്കുറിച്ചും മനസ്സിലാക്കുന്നത്. മാസ്റ്റേഴ്സ് കഴിഞ്ഞ സമയത്ത് യൂറോപ്യൻ സമ്മർ സ്കൂൾ ഫണ്ടിങ് ലഭിച്ചു. ജർമൻ ഫണ്ടിങ്ങിൽ പോർച്ചുഗലിൽ പോയി 15 ദിവസത്തെ ഒരു സമ്മർ വർക്ക്ഷോപ്പിൽ പങ്കെടുക്കാനായിരുന്നു അവസരം. പോർച്ചുഗലിൽ ആ ഗവേഷക സംഘത്തോടൊപ്പം ജോലി ചെയ്തപ്പോഴാണ് വിദേശത്തു പോയി പിഎച്ച്ഡി ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. പല യൂണിവേഴ്സിറ്റികളിലും ഇതിനായി അപേക്ഷകളയച്ചു. എന്നാൽ കോവിഡ് മഹാമാരിയുടെ കാലഘട്ടമായിരുന്നതിനാൽ വിദേശത്ത് പോയി പഠിക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു.


തുടർ പഠനം അനിശ്ചിതത്വത്തിലായെങ്കിലും തളരാതെ പുതിയ വഴികൾ സ്വപ്രയത്നത്തിൽ കണ്ടെത്തി. നാഷണൽ തയ്‌വാൻ ഓഷ്യൻ യൂണിവേഴ്സിറ്റിയിലുള്ള ഒരു സുഹൃത്ത് വഴിയാണ് അവിടെയുള്ള ഗൈഡിന് മെയിൽ അയക്കുന്നത്. അതിന് അനുകൂലമായ മറുപടി ലഭിച്ചു. ഗൈഡൻസ് ഉറപ്പ് നൽകിയതോടെ തയ്‍വാൻ യൂണിവേഴ്സിറ്റിയിലേക്ക് അനിത അപേക്ഷിച്ചു. പിഎച്ച്ഡി പഠനത്തിന് യൂണിവേഴ്സിറ്റിയിൽനിന്ന്‌ അനിതയ്ക്ക് സ്കോളർഷിപ് ലഭിച്ചിരുന്നു. നാലു വർഷത്തേക്കുള്ള ട്യൂഷൻ ഫീസും ഓരോ മാസത്തിലുമുള്ള സ്റ്റൈപെൻഡുമാണ് സ്കോളർഷിപ്പായി ലഭിച്ചത്. പ്രൊഫ. ജിയാങ്-ഷിയോ ഹ്വാങ്ങിന്റെ മാർഗനിർദേശത്തിലായിരുന്നു പിന്നീട് പിഎച്ച്ഡി പഠനം.


സൂപ്ലാങ്‌ടണുകൾ


വടക്കുകിഴക്കൻ തയ്‍വാനിൽ സ്ഥിതി ചെയ്യുന്ന കുയിഷാൻ ദ്വീപിനു ചുറ്റുമുള്ള ആഴം കുറഞ്ഞ ഹൈഡ്രോതെർമൽ വെന്റുകളിൽ കാണപ്പെടുന്ന സൂപ്ലാങ്‌ടണുകളെക്കുറിച്ചായിരുന്നു അനിതയുടെ ഗവേഷണം. ഈ പ്രദേശങ്ങളിലെ സമുദ്രജല പിഎച്ചിലെ മാറ്റങ്ങൾ, ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ്, സൾഫൈഡിന്റെ ഉയർന്ന സാന്ദ്രത എന്നിവ സൂപ്ലാങ്‌ടണുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ ഗണ്യമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ ജീവികളിലെ ദ്രുതനാശം, ഓക്സിഡേറ്റീവ് സ്ട്രെസ്, ഡിഎൻഎയുടെ രാസഘടനയ്ക്കുണ്ടാകുന്ന മാറ്റം തുടങ്ങിയവയെക്കുറിച്ചായിരുന്നു അനിതയുടെയും സംഘത്തിന്റെയും പഠനം. ഹൈഡ്രോതെർമൽ വെന്റുകളിലെ ജലംകൊണ്ട് സൂപ്ലാങ്‌ടണുകൾ (പ്ലാങ്‌ടോണിക് സമൂഹത്തിലെ ചെറിയ ജീവികളാണ് സൂപ്ലാങ്‌ടൺ)ക്കുണ്ടാകുന്ന നാശത്തെക്കുറിച്ചുള്ള ആദ്യ പഠനമായിരുന്നു ഇത്.


സമുദ്രാരോഗ്യം


ഹൈഡ്രോതെർമൽ വെന്റുകൾ പ്രകൃതിദത്ത പരീക്ഷണശാലയായാണ് പ്രവർത്തിക്കുന്നതെന്ന് അനിത പറയുന്നു. ഭാവിയിൽ ഉപരിതല സമുദ്രാവസ്ഥ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു അവിടെ നടത്തിയ ഗവേഷണം. പ്രത്യേകിച്ച് സൂപ്ലാങ്‌ടണുകളുടെ ഉയർന്ന മരണനിരക്ക്, ജനിതക ഘടനകളിലുണ്ടാകുന്ന വ്യതിയാനങ്ങൾ തുടങ്ങിയ പഠനത്തിലൂടെ നിർണായക സൂചനകൾ ലഭിച്ചു. ഇത്തരം സാഹചര്യങ്ങളിലെ സൂപ്ലാങ്‌ടണുകളുടെ പ്രവർത്തനത്തിലൂടെ സമുദ്രത്തിന്റെ കാർബൺ സൈക്കിളിനെക്കുറിച്ചും മത്സ്യബന്ധനത്തെ സ്ഥിരതയെക്കുറിച്ചും മനസ്സിലാക്കി. സമുദ്ര ആരോഗ്യം, മത്സ്യബന്ധന പരിപാലനംതുടങ്ങിയ മേഖലകളിലേക്ക് ഇത്തരം ഗവേഷണങ്ങൾ വളരെ പ്രധാനമാണ്.


അംഗീകാരങ്ങൾ


സ്കോളർഷിപ് കൂടാതെ പിഎച്ച്ഡി മൂന്നാം വർഷം ആയപ്പോൾ ഒരു വിദേശ ഫണ്ടിങ്ങും അനിതയെ തേടിയെത്തി. വേൾഡ് അസോസിയേഷൻ ഓഫ് കോപെപോഡോളജിസ്റ്റ്സ്‌ ആണ് ഗവേഷണം പൂർത്തിയാക്കാനുള്ള സാമ്പത്തിക സഹായം നൽകിയത്. പിഎച്ച്ഡി ചെയ്യുന്ന സമയത്തുതന്നെ മൂന്ന് അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുക്കാനും സാധിച്ചു. അതുപോലെതന്നെ തയ്‍വാനിലെ നാഷണൽ ലെവൽ കോൺഫറൻസിൽ പേപ്പർ അവതരിപ്പിക്കാൻ കഴിഞ്ഞു. കോപെപോഡോളജിസ്റ്റുകളുടെ ആഗോള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർനാഷണൽ കോൺഫറൻസിൽ മികച്ച പോസ്റ്റർ പ്രസന്റർക്കുള്ള അവാർഡും ലഭിച്ചിരുന്നു. തയ്‍വാനിലെയും മറ്റ് രാജ്യങ്ങളിലെയും ഗവേഷകരെ കാണാനും ചർച്ച ചെയ്യാനും പുതിയ അവസരങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചു.


ബിരുദാനന്തര ബിരുദശേഷം ഒരുവർഷം കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ പ്രോജക്ട്‌ അസോസിയറ്റ് ആയി ജോലി ചെയ്‌തു. 2021ൽ ആണ് തയ്‍വാനിൽ പിഎച്ച്ഡിക്കായി എത്തുന്നത്. പിഎച്ച്ഡി കഴിഞ്ഞ്‌ പോസ്റ്റ്‌ ഡോക്ടറൽ റീസർച്ചർ ആയി ചേരാനാണ് അനിത ആഗ്രഹിക്കുന്നത്. അതിനായുള്ള അവസരങ്ങൾ തേടുന്നുണ്ട്. പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) സംബന്ധിച്ച ജോലികളും ചെയ്യണമെന്നുണ്ട്. നാട്ടിൽ നല്ല അവസരങ്ങൾ വന്നാൽ വിട്ടുകളയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഈ കൊല്ലംകാരി.



Tags
deshabhimani section

Related News

View More
0 comments
Sort by

Home