കേട്ടോ പത്രാധിപർ സാറെ, ടൈമില്ല. സാറിനോട് പതിവ് കുശലാന്വേഷണവും കൊച്ചുവർത്തമാനവും നാളെ മുതൽ ഉണ്ടായെന്ന് വരില്ല. ഞാൻ ഫുൾടൈം തിരക്കിലേക്ക് കയറുകയാണ്. എന്റെ ഓരോ സെക്കന്റിനും ഇനി മുതൽ വിലയാണ്. ഇനി അഥവാ സാറിനെന്നോട് സംസാരിക്കണമെന്നുണ്ടെങ്കിൽ, ദേഷ്യം തോന്നരുത്, ഒരു അപ്പോയ്‌ൻമെന്റ് എടുത്തേക്കണം. എന്റെ സെക്രട്ടറിയെ വിളിച്ചാൽ മതി. സെക്രട്ടറിയുടെ നമ്പർ ഞാൻ മെസേജ് ചെയ്യാം. എനിക്ക് വട്ടായോ എന്നായിരിക്കും സാറിപ്പോൾ സംശയിക്കുന്നത്. സാറിനെ കുറ്റം പറയുന്നില്ല. എനിക്ക് തന്നെ ആ സംശയമുള്ളപ്പോൾ സാറ് സംശയിക്കുന്നതിലാണോ അത്ഭുതം. എന്റെ ജീവിതം മാറി മറിഞ്ഞിരിക്കുന്നു സർ. സംഭവം എന്താണെന്നോ? പറയാം. വൈദ്യരോടും വക്കീലിനോടും മാത്രമല്ല, പത്രക്കാരോടും ഒന്നും മറയ്‌ക്കാൻ പാടില്ലെന്നാ എന്റെ ഒരിത്. അപ്പോൾ ഡീറ്റെയിലായിത്തന്നെ പറയാം.
തുടക്കം
രണ്ടു മാസം മുമ്പ്. ഞാനൊരു പരിചയക്കാരന്റെ വീട്ടിൽപോയി. ആൾ പുറത്തുപോയിരുന്നു. പുള്ളിക്കാരനെ പ്രതീക്ഷിച്ച് ഞാനിരിക്കുമ്പോൾ അവിടുത്തെ ഒരു ചിന്നപയ്യൻ ‐രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കുകയാണ്. അടുത്തുവന്നു. എന്തെങ്കിലുമൊക്കെ കൗതുകങ്ങൾ പറഞ്ഞ് പിള്ളേരെ അത്ഭുതപ്പെടുത്തൽ എന്റെ ഭീകര വിനോദമാണ്. (അതും പിള്ളേരുടെ ആറ്റിറ്റ്യുഡ് ഒക്കെ നോക്കിക്കണ്ടറിഞ്ഞിട്ട്. ചില പിള്ളേരോട് തമാശ പറയുന്നത് സൂക്ഷിച്ചു വേണം. ഈയിടെ ഒരു കൊച്ചു പയ്യൻസിനോട് മക്കളേ അങ്കിളിന് ഒരുമ്മ താ എന്നു പറഞ്ഞപ്പോൾ ‘താൻ പോടോ’ എന്ന് പരസ്യമായി അവൻ പറയുകയും ചാർലി ചാപ്ലിന് മുകളിൽ നിൽക്കുന്ന കോമഡിയാണ് അവൻ പറഞ്ഞതെന്ന ഭാവത്തിൽ വീട്ടുകാർ ചിരിച്ചതും, ഭൂമി പിളർന്ന് താഴേക്കു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതുമൊക്കെ മറക്കാറായിട്ടില്ല. മറക്കാൻ പറ്റുന്നില്ല എന്നതാണ് നേര്.)
‘‘മോനേതു സ്‌കൂളിലാ പഠിക്കുന്നേ?’ ഞാൻ ചോദിച്ചു.
അവൻ സ്‌കൂളിന്റെ പേരു പറഞ്ഞു.
ഞാൻ പതിവ് നമ്പരുകൾ ഇറക്കി.
‘‘മോന്റെ ക്ലാസിൽ ആകാശ് എന്നു പറയുന്ന ഒരു കുട്ടിയില്ലേ?’’
‘‘ഉണ്ട്. പി കെ ആകാശും കെ ആകാശും ഉണ്ട്. അറിയാമോ?’’
അതൊക്കെ ഉണ്ട് എന്ന മട്ടിൽ ഞാൻ ഒന്നു ചിരിച്ചു.
‘‘അഹാന എന്നൊരു പെൺകുട്ടിയില്ലേ, റോഷൻ എന്നൊരാളില്ലേ?’’ തുടർന്ന് ഞാൻ വെറയും ഒന്നു രണ്ടു പേരു പറഞ്ഞു.
അത്ഭുതം കൊണ്ട് അവന്റെ കണ്ണുകൾ ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന മട്ടിലായി. ‘‘എങ്ങനെ അറിയാം അവരെ എങ്ങനെ അറിയാം. പറ. പ്ലീസ്. (ഇപ്പോഴത്തെ പിള്ളേർക്ക് പറയൂ, പറഞ്ഞേ, പറയണം എന്നൊക്കെ ബഹുമാന സൂചകമായി മുതിർന്നവരോട് പറയാനറിയില്ല. ‘പറ’, ‘താ’, ‘വാ’ എന്നൊക്കെ ഡയറക്ട് പറച്ചിലാണ്.’)
ഇതുപോലെ എട്ടും പൊട്ടും തിരിയാത്ത പിള്ളാരോടല്ലേ നമുക്ക് കൺട്രാക്കാകാൻ പറ്റൂ. ഞാൻ അങ്ങ് ഗംഭീരനായി. ‘‘അതൊക്കെയുണ്ട്. മന്ത്രവും മാജിക്കും ഹിപ്‌നോട്ടിസവും ഒക്കെയാണ്. ക്ലാസിലെ എല്ലാവരുടെയും പേരറിയാം.’’
സത്യത്തിൽ ഓരോ സീസണിലും ഓരോ പേരുകൾ ആണ് ട്രെൻഡ്. പണ്ട് ഏതു ക്ലാസിലും കാണും രാജനും ഗോപിയും അലക്‌സും റഹീമും. പിന്നെ സുരേഷും ജോണിയുമായി. ഒരു സമയത്ത് വിഷ്‌ണുവിന്റെ അയ്യരു കളിയായിരുന്നു. ഇപ്പോഴത്തെ ട്രെൻഡി പേരുകളാണ് ഞാനിനിടെ പ്രയോഗിച്ചത്. ഏതായാലും പത്രാധിപർ സാറെ, എന്നെ ഒരു മഹാ കോടീശ്വരനാക്കാൻ പോകുന്ന പറച്ചിലാണ് ഞാൻ പറഞ്ഞതെന്ന് അപ്പോൾ എനിക്ക് അറിയാമായിരുന്നില്ല.
രണ്ടാം ഘട്ടം
പരിചയക്കാരൻ വരാൻ വെകിയത് കാരണം ഞാൻ അന്ന് തിരികെ വന്നും മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾ പുള്ളിക്കാരനും ഭാര്യയും എന്റെ വീട്ടിൽ വന്നു. ഓരോന്നു പറഞ്ഞിരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു. ‘‘മാജിക്കും മന്ത്രവാദവും ഒക്കെ അറിയാം അല്ലേ? മോൻ പറഞ്ഞു. അവന്റെ ക്ലാസിലെ പിള്ളാരുടെ പേരൊക്കെ പറഞ്ഞെന്ന്.’’
ഞാനൊന്നു ചിരിച്ചു. ഒരു തമാശ പോലെ ഞാൻ പറഞ്ഞു, ‘‘ങാ, ചെറുതായിട്ട്.’’
അയാൾ ഒന്നു ആവേശഭരിതനായി. ‘‘ആണോ? എന്റെ കാര്യങ്ങൾ ഒന്നു നോക്കി പറയാമോ? കഴിഞ്ഞതും നടക്കാൻ പോകുന്നതുമൊക്കെ.’’
സത്യത്തിൽ പത്രാധിപർ സാറെ, ഞാനാണെങ്കിൽ നേരം പോകാൻ എന്തു വഴി എന്നാലോചിച്ച് ചൊറിയും കുത്തിയിരിക്കുകയായിരുന്നു. ഒരു നേരം പോക്കുപോലെ ഞാൻ പറഞ്ഞു,
‘‘പിന്നെന്താ?..’’
ഞാനൊന്നു കണ്ണടച്ചിരുന്നു. എന്നിട്ട് ആളിന്റെ മുഖത്തു നോക്കി.
‘‘മനസ്സിൽ എന്തോ ഒരു പ്രശ്‌നമുണ്ടല്ലോ? ’’ അയാൾ എന്റെ മുഖത്തു ഒന്നു നോക്കി. തുടർന്ന് ഭാര്യയും ഭർത്താവും പരസ്‌പരം നോക്കി. ശരിയാണെന്ന മട്ടിൽ ഒന്നു തലകുലുക്കി. (ലോകത്ത് ഒരു പ്രശ്‌നം മനസിലില്ലാത്ത മനുഷ്യ ജീവി ആരുണ്ട് സാറെ. എന്റെ മനസിലേക്കൊക്കെ ഒന്നു കയറിനോക്കണം. പ്രശ്‌നങ്ങളുടെ ഒരു പസിഫിക് സമുദ്രമാണ്.)
‘‘ബന്ധുക്കളിൽ ഒന്നു രണ്ടു പേർ അത്ര സൗഹാർദത്തിലല്ല’’, ഞാൻ രണ്ടാം പോയിന്റ് എടുത്തിട്ടു.
ഇത്തവണയും അതാ ഭാര്യയും ഭർത്താവും പരസ്‌പരം നോക്കൽ.
സാറിനറിയാമല്ലോ. ഏതെങ്കിലും ഒരു ബന്ധു എന്തിന്റെയെങ്കിലും പേരിൽ ഇടയാത്ത ഒരാളും ലോകത്തു കാണില്ല.
ഞാൻ അടുത്ത പോയിന്റ് പിടിച്ചു.
‘‘വലിയ ധാരാളിയാണ്. അമ്പതു രൂപ കൈയിൽ വന്നാൽ നൂറു രൂപ ചെലവാക്കും. ആരെങ്കിലും കാശു ചോദിച്ചാൽ കൈയിലില്ലെങ്കിൽ കടം വാങ്ങിട്ടായാലും കൊടുക്കും. ഓട്ടക്കൈ ആണ്.’’
ഇത്തവണ ഭാര്യക്ക് ആവേശം നിയന്ത്രിക്കാൻ പറ്റിയില്ല.
‘‘അയ്യോ, നൂറു ശതമാനം സത്യം. ഞങ്ങളുടെ വീട്ടിലെ കാര്യങ്ങൾ കണ്ടതുപോലെയാണ് പറയുന്നത്. ചേട്ടന്റെ കൈയ്യിൽ കാശ് ഇരിക്കുകയേ ഇല്ല.’’
പത്രാധിപർ സാറെ, ലോകത്തെ ഏറ്റവും വലിയ പിശുക്കൻ പോലും കരുതുന്നത് അയാൾ വലിയ ധാരാളിയാണെന്നാണ്. എന്തിന് ഹോട്ടലിൽ കൂട്ടുകാരുമൊത്ത് ആഹാരം കഴിക്കാൻ കയറുമ്പോൾ ബിൽ വരുന്ന സമയം നോക്കി കൈ കഴുകാൻ വലിയുന്ന ഞാൻ തന്നെ കരുതുന്നത് ഞാൻ കാശ് കണ്ടമാനം വലിച്ചെറിയുന്നവനാണെന്നാണ്.
അവർ രണ്ടുപേരും എന്റെ ആരാധകരായി തുടങ്ങുകയാണെന്ന് മനസിലായി. അവർ പുതിയ വീടുപണിയിക്കുകയാണെന്ന് എനിക്കറിയാം. അവസാന ഘട്ടത്തിലാണ്.
‘‘രാത്രി ഉറക്കം കുറവാണല്ലേ. വീടു പണിയിൽ ഏർപ്പെടുന്ന ഇടത്തരക്കാരന്റെ ഉറക്കം പോകുമെന്നുള്ളത്, സൂര്യൻ കിഴക്കുദിക്കുന്നു എന്നതു പോലെ സദാസത്യമായ കാര്യമല്ലേ.
‘‘പല പല ഓഫീസുകളിലേക്ക് ഒരു പാട് പ്രാവശ്യം യാത്ര ചെയ്യാറുണ്ടല്ലേ? വീടുവയ്‌ക്കാൻ ലോണെടുക്കുന്നയാൾ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ബാങ്ക്, കെഎസ്‌ഇബി, അങ്ങനെ കയറ്റവും ഇറക്കവുമായിരിക്കും.
പരിചയക്കാരന്റെ കണ്ണ് നിറഞ്ഞു.
‘‘കൃഷ്‌ണാജി ഒരു സംഭവം തന്നെ.’’
കണ്ടോ എന്റെ പേരിന്റെ കൂടെ ഒരു ‘ജി’ കയറി വന്നിരിക്കുന്നു. അവർ അറിയാതൊന്നു കൈകൂപ്പുക പോലും ചെയ്‌തു. എന്തായാലും അന്തർ രഹസ്യങ്ങൾ ഞാൻ വിശദീകരിക്കാൻ പോയില്ല.
മൂന്നാം ഘട്ടം
നാലു ദിവസം കൂടി കഴിഞ്ഞു. രാവിലെ ബെൽ ശബ്‌ദം കേട്ടാണ് ഉണർന്നത്. (തെറ്റിദ്ധരിക്കേണ്ട. ഒമ്പതു മണിയായി. പക്ഷേ ഞാൻ പത്തു മണിയാകും സാധാരണ ഉണരാൻ) നോക്കുമ്പോൾ ഒരു കുടുംബം. ഭാര്യ, ഭർത്താവ്, മകൻ. മകൻ പതിനെട്ടു, ഇരുപതുകാരൻ.
‘‘എന്റെ പേര് അലക്‌സ്. ഞാൻ നമ്മുടെ രാമചന്ദ്രൻ പറഞ്ഞിട്ട് വന്നതാണ്. ‘‘ കുടുംബനാഥൻ പറഞ്ഞു.
‘‘മനസിലായില്ല.’’
രാമചന്ദ്രൻ പറഞ്ഞു, കൃഷ്‌ണാജിയെക്കുറിച്ച് അറിയാം. ഇത് എന്റെ മകനാണ്. പഠിത്തത്തിൽ അത്ര ശ്രദ്ധ പോര. നന്നായി പഠിച്ചു കൊണ്ടിരുന്നവനാ. കൃഷ്‌ണാജി കാര്യങ്ങളൊക്കെ ഒന്നു നോക്കി പറയണം.’’
സംഗതിയുടെ പൂർണരൂപം എനിക്ക് പിടികിട്ടി സാറെ.
എന്നിൽ ഒരു ദിവ്യത്വം വന്നു തുടങ്ങിയതായി ഞാനറിഞ്ഞു. കാര്യങ്ങളുടെ നിജസ്ഥിതി പറഞ്ഞ് അവരെ വിഷമിപ്പിക്കുവാൻ എനിക്കു തോന്നിയില്ല.
ഞാൻ പയ്യൻസിനെ ശ്രദ്ധിച്ചു. അവന്റെ കൈയ്യിലെ ലേറ്റസ്‌റ്റ് ഫോണാണ് എന്റെ കണ്ണിൽ ആദ്യം വീണത്. അവൻ ചുരണ്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാറ്റിന്റെയും പിറകിൽ ആ ഫോണാണെന്ന് എനിക്ക് മനസിലായി.
‘‘രാത്രി നിങ്ങൾ മൂന്നു പേരും ഉറങ്ങാറില്ല അല്ലേ,’’ ഞാൻ ചോദിച്ചു. മൊബൈൽ ഫോൺ ത്രൂ ഔട്ട് ഉപയോഗിക്കുന്ന വീട്ടിൽ ആർക്ക് ഉറങ്ങാൻ പറ്റും. ഇവൻ രാത്രി അതിൽ സിനിമ കാണുന്നു. അതല്ലെങ്കിൽ മെസേജ് അയക്കും. അതിന്റെയൊക്കെ ഒച്ചപ്പാടിൽ വീട് ഉറക്കമില്ലാതൊയിരിക്കും.
‘‘അതെ,’’ഭാര്യയും ഭർത്താവും ഒരുമിച്ചു പറഞ്ഞു.
‘‘ഈയിടെ ഒരു കണ്ണു ഡോക്‌ടറെ കാണാൻ പോയിരുന്നു? ’’ ഇരുപത്തിനാലു മണിക്കൂറും മൊബൈലിൽ നോക്കിയിരിക്കുന്നവർക്ക് കണ്ണിന് എങ്ങനെ പ്രശ്‌നമുണ്ടാകാതിരിക്കും.
‘‘അതെ പോയിരുന്നു.’’ ഇപ്പോൾ അലക്‌സ് അറിയാതെ എണീറ്റു.
‘‘വീട്ടിൽ മകൻ ബഹളമുണ്ടാക്കാറുണ്ട് അല്ലേ? എത്ര പുതിയ മൊബൈൽ വാങ്ങിക്കൊടുത്താലും അടുത്ത മൊബൈലിന് വേണ്ടി ബഹളം നടക്കും.’’
ഇത്തവണ അമ്മ കുരിശു വരച്ചു.
ഞാൻ വീണ്ടും കുറേ പോയിന്റുകൾ പറഞ്ഞു.
അലക്‌സ് കണ്ണിൽ വെള്ളം നിറച്ച് പറഞ്ഞു. ‘‘ഇത്രയും പണ്ഡിതനും മഹാത്മാവുമായ ഒരാളാണ് താങ്കളെന്ന് അറിഞ്ഞില്ല. ഇവനെ ഒന്നു രക്ഷപ്പെടുത്തണം.’’
‘‘നിങ്ങൾ എത്രയും പെട്ടെന്ന് താമസം മാറണം. ആനക്കുഴിയിൽ താമസിക്കണം. ആദ്യ ദിവസങ്ങളിൽഇ മകൻ അസ്വസ്ഥനാകും. പക്ഷേ അവിടെ തുടരുക.’’
ആനക്കുഴി എന്നത് കുറേ ദൂരെയുള്ള സ്ഥലമാണ്. മൊബൈൽ ടവറുകൾ ഇല്ല എന്നതാണ് അവിടുത്തെ ഹൈലൈറ്റ്. റേഞ്ചില്ലാത്ത സ്ഥലം.
അവർ എണീറ്റു. ഞാൻ പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് പിന്നീട് നടന്നത്. രണ്ടായിരത്തിന്റെ നോട്ടെടുത്ത് എന്റെ മുന്നിൽ വച്ചു. ‘‘ഫീസ് എത്രയെന്നൊന്നും അറിയില്ല. ഇത് സ്വീകരിക്കണം.’’. എനിക്ക് തടയാൻ സാധിക്കും മുമ്പ് അവർ നടന്നു മറഞ്ഞു.
പിന്നീടങ്ങോട്ട് ഒന്നും രണ്ടും പേരു വച്ച് വരാൻ തുടങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോൾ ജനത്തിരക്കായി. വീടിനു മുന്നിൽ സെക്യൂരിറ്റിയെ നിയമിച്ചു. ടോക്കൺ സിസ്‌റ്റം ഏർപ്പാടാക്കി. കഴിഞ്ഞയാഴ്‌ച നേരത്തെ പറഞ്ഞ അലക്‌സും കൂടുംബവും വീണ്ടും വന്നു. മകന്റെ പ്രശ്‌നങ്ങളൊക്കെ മാറിയത്രെ. സന്തോഷം സഹിക്കാതെ വീണ്ടും തന്നു പതിനായിരം.
ഈ സാഹചര്യത്തിലാണ് ഞാൻ തീരുമാനിച്ചത് ഞാൻ ഫുൾടൈം ജോലിയാക്കി ഇതങ്ങ് മാറ്റാൻ പോകുകയാണ്. ഇത് സത്യമാണോ വെറുതെ പറയുന്നതാണോ കോളമെഴുതാൻ വേണ്ടി ഒരു വിഷയം എഴുതിയതാണോ എന്നൊന്നും ഓർത്ത് സാറ് തല പുകയ്‌ക്കേണ്ട. സാറിന് എന്തേലും പ്രശ്‌നമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഫീസിൽ ചെറിയൊരു ഇളവു വരുത്തി കൈകാര്യംചെയ്യാം.
0 comments