കവിതയല്ല കനൽ ജീവിതം

തൊടുപുഴയിലെ നിരത്തുകളിൽ ലോട്ടറി വിൽപ്പന നടത്തുന്ന കൗസല്യയെ വൈകിട്ട‌് സാഹിത്യ സദസ്സുകളിൽ കവിത ചൊല്ലുന്നത‌് കാണുന്നുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ട. അനുഭവങ്ങളുടെ ഉൾക്കനമുള്ള കവിതകളാണ‌് അവരുടേത‌്. താൻ വായിച്ച ഒരു പുസ‌്തകത്തിലും കാണാത്ത ജീവിതം ജീവിക്കുകയാണ‌് കൗസല്യ. തോറ്റുകൊടുക്കാൻ തയ്യാറാകാതെ
അമ്മയുടെ നെഞ്ചകത്തെ സ‌്നേഹച്ചൂടിനെപ്പറ്റിയുള്ള കവിത ചൊല്ലിയശേഷം കൗസല്യ ചുട്ടുപൊള്ളുന്ന നിരത്തിലേക്ക് ഇറങ്ങി. സദസ്സിലെ കരഘോഷത്തിന്റെ കുളിർമ അവിടെയില്ല. സ്വപ്‌നങ്ങൾ പൂക്കുന്ന മിഴികളും നിറമുള്ള പൂക്കളും പെണ്ണിന്റെ മോഹങ്ങളും നിറഞ്ഞ കാൽപ്പനിക ലോകമല്ല തൊടുപുഴയിലെ ഈ റോഡുകൾ. അവിടെ സന്ധ്യവരെ അലഞ്ഞ് ഭാഗ്യക്കുറി വിറ്റാലേ കൗസല്യക്കും രണ്ടു മക്കൾക്കും അന്നത്തിനുള്ളത് കിട്ടുകയുള്ളൂ.
ഇനിയും മനസ്സിൽ കവിത ശേഷിക്കുന്നത് എങ്ങനെയെന്ന് ഏഴാംക്ലാസുവരെ മാത്രം പഠിച്ച കൗസല്യക്ക‌് അറിയില്ല. അക്ഷരങ്ങളുടെ നിലാവിൽനിന്ന് തീച്ചൂടിലേക്ക് ജീവിതം പറിച്ചുനട്ടിട്ടും കവിത ചാമ്പലായില്ല. പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും തളിർത്തപ്പോൾ അനുഭവങ്ങളുടെ ഉൾക്കനം കവിതയ‌്ക്ക‌് കരുത്തായി.
അക്ഷരക്കൂട്ട‌്
പുല്ലുമേഞ്ഞ വീട്ടിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ചെറുപ്പത്തിൽ ആർത്തിയോടെ വായിച്ചുതീർത്ത പുസ‌്തകങ്ങളിലൊന്നും തന്നെപ്പോലൊരു കഥാപാത്രത്തെ കൗസല്യ കണ്ടിട്ടുണ്ടാവില്ല. ഉടുമ്പന്നൂർ ചെപ്പുകുളം വലിയവീട്ടിൽ കുഞ്ഞൻ ഗണകന്റെയും ഗൗരിയുടെയും നാലു മക്കളിൽ ഇളയവളായ കൗസല്യയുടെ ബാല്യം അക്ഷരങ്ങൾക്കൊപ്പം. നിലത്തെഴുത്താശാനായ കുഞ്ഞന് നിധിപോലെയായിരുന്നു പുസ്‌തകങ്ങൾ. മൂത്ത ചേച്ചി രമണി അവ ഉച്ചത്തിൽ വായിക്കും. മറ്റുള്ളവർ അത‌് കേട്ടിരിക്കും.
ചെപ്പുകുളം സെന്റ് തോമസ് എൽപി സ‌്കൂളിൽ പഠനം. അക്കാലത്തുതന്നെ അമ്മയുടെ മരണം. ക്ഷയരോഗമായിരുന്നു. പിന്നെ അച്ഛനായി എല്ലാം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കവിതയും കഥയും എഴുതാൻ തുടങ്ങി. ഈണത്തിൽ കവിത വായിക്കും. മലയാളം ക്ലാസിൽ അവൾ കവിത ചൊല്ലുമ്പോൾ, അടുത്ത മുറികളും നിശ്ശബ്ദമാകും. ഉപന്യാസ രചനയിലും പ്രസംഗത്തിലും എത്രയോ സമ്മാനങ്ങൾ. അച്ഛൻ അവളെ ഡാൻസ് സ്‌കൂളിൽ ചേർത്തു. കഥാപ്രസംഗത്തിലും കേമിയായി.
ആശാൻ കളരിയിലെ വരുമാനം തികയാതെ വന്നപ്പോൾ അച്ഛൻ കൃഷിപ്പണിക്കിറങ്ങി. മിച്ചംപിടിച്ച ചെറിയ തുട്ടുകൾ ചേർത്തുവച്ച‌് പുസ്‌തകങ്ങൾ വാങ്ങി. ചേച്ചിമാരുടെ കല്യാണം കഴിഞ്ഞപ്പോൾ കൗസല്യക്കായി വീട്ടുകാര്യങ്ങളുടെ ചുമതല. അച്ഛന്റെ ആരോഗ്യം ക്ഷയിച്ചപ്പോൾ ഏഴാം ക്ലാസിൽ പഠനം നിലച്ചു. വായനയുടെ കൂട്ട‌് വിട്ടില്ല. കൗസല്യ എഴുതിയ ‘ജന്മഹോമം' നാടകം ചെപ്പുകുളം സിഎസ്ഐ പള്ളി പെരുന്നാളിന് അരങ്ങേറി. അതിൽ അഭിനയിക്കുകയും ചെയ്‌തു.
ദുരിതത്തീയിലേക്ക‌്
ചെപ്പുകുളം മലയിൽ നാലേക്കർ ഭൂമിയുണ്ടെങ്കിലും കുഞ്ഞൻ ഗണകന്റെ ആരോഗ്യം ക്ഷയിച്ചതിനാൽ കുടുംബം പട്ടിണിയിലേക്ക് നീങ്ങി. ഏകമകൻ വിവാഹംചെയ്‌ത‌് ഭാര്യവീട്ടിലേക്ക് മാറിയത് അച്ഛനെ തകർത്തു. കൗസല്യ അനാഥയാകുമെന്ന തോന്നൽ അച്ഛന്റെ മനസ്സ് നീറ്റി.
ഇതിനിടെയാണ് വീടിനടുത്ത് കൂലിപ്പണിക്കു വന്ന പത്തനംതിട്ടക്കാരന്റെ കല്യാണാലോചന. ആദ്യഭാര്യ ഉപേക്ഷിച്ച അയാൾക്കൊപ്പം മൂന്നു വയസ്സുള്ള ആൺകുട്ടിയുമുണ്ട്. പതിനേഴുകാരിയായ കൗസല്യ വിവാഹിതയാകുമ്പോൾ ഭർത്താവിന‌് വയസ്സ‌് 34. മൂന്നു മാസം അച്ഛനൊപ്പം കഴിഞ്ഞു. ഒരുനാൾ നിർബന്ധപൂർവം കൗസല്യയെയുംകൂട്ടി അയാൾ വീടുവിട്ടിറങ്ങി. ഭർതൃഗൃഹത്തിലേക്ക് ആദ്യയാത്ര; അച്ഛനോടുപോലും പറയാതെ.
പത്തനംതിട്ട ജില്ലയിലെ ഒരു ലക്ഷംവീട് കോളനിയിലാണ‌് അയാളുടെ വീട്. വീടിന്റെ ചായ്‌പിലാണ് അവരുടെ മുറി. അയാളുടെ ബന്ധുക്കളാരും കൗസല്യയോട‌് ഒരുതരത്തിലും അടുത്തില്ല. കൗസല്യ വായിക്കുന്നതുകണ്ടാൽ അയാൾക്ക‌് കലിയിളകും. കഞ്ചാവിന‌് അടിമയായ അയാൾ കൗസല്യയുടെ വായിൽ ബീഡി കുത്തിത്തിരുകി വലിപ്പിക്കും. ഒരു പണിക്കും പോകില്ല. കൗസല്യയെ എപ്പോഴും സംശയം. ദുരിതജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ പലവട്ടം ശ്രമിച്ചിട്ടും നടന്നില്ല. പലതവണ ഗർഭിണിയായെങ്കിലും അലസിപ്പോയി. പൂർണവിശ്രമം അനുവാദിക്കാത്തതായിരുന്നു കാരണം. എല്ലാ പെണ്ണുങ്ങളും ഗർഭകാലത്ത് ജോലിയെടുക്കുന്നുണ്ടെന്നാണ് ഭർത്താവിന്റെ ന്യായം.
ഒരിക്കൽ അച്ഛൻ മരിച്ച വിവരത്തിന് ചേച്ചിയുടെ കത്തുവന്നു. മരിച്ചിട്ട് അപ്പോഴേക്കും ഏഴു ദിവസം കഴിഞ്ഞിരുന്നു. എങ്കിലും വീട്ടിലെത്തി. 30 സെന്റ് സ്ഥലം അവളുടെ പേർക്ക് എഴുതിവച്ചാണ് അച്ഛൻ യാത്രയായത്. ആ ഭൂമി വിറ്റുകിട്ടിയ പണവുമായി വീണ്ടും ഭർതൃവീട്ടിലേക്ക്. അച്ഛന്റെ സമ്പാദ്യമായ ഒരുകെട്ട് പുസ്‌തകങ്ങളും എടുത്തു. പക്ഷേ, വീട്ടിലെത്തിയയുടൻ ഭർത്താവ‌് പുസ‌്തകക്കെട്ട‌് ചാമ്പലാക്കി.
നൃത്തം പഠിപ്പിച്ച് ജീവിക്കാനുള്ള ശ്രമവും അയാൾ തടഞ്ഞു. ഒടുവിൽ രക്ഷപ്പെട്ട് തിരുവനന്തപുരത്ത‌്. രണ്ടുമൂന്നു തവണ സുഗതകുമാരിയുടെ അഭയയിൽ അഭയം. അയാൾ പിന്നാലെയെത്തും. ഒരിക്കൽ ബഥനി മഠത്തിൽ താമസിക്കുമ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. അവർ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. പ്രസവശേഷം കുഞ്ഞിനൊപ്പം കഴിയാൻ അവിടെ അനുവദിക്കില്ലെന്ന് അറിഞ്ഞതോടെ കത്തയച്ച് ഭർത്താവിനെ വരുത്തി ഒപ്പം പോന്നു.
ഇരട്ടക്കുട്ടികളുടെ അമ്മ
ഇരുവരും കോട്ടയത്ത‌് വാടകവീടെടുത്ത് താമസമായി. ആദ്യഭാര്യയിലെ മകനെ അയാൾ ഇതിനകം അനാഥമന്ദിരത്തിലാക്കിയിരുന്നു. മറ്റാരുടെയോ കുട്ടിയെയാണ് വയറ്റിൽ പേറുന്നതെന്ന് പറഞ്ഞ് മർദിച്ചു. ആണും പെണ്ണുമായി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ആൺകുഞ്ഞിന് സ്വന്തം ഛായയാണെന്ന് കണ്ടതോടെയാണ് അയാൾ അടങ്ങിയത്. പീഡനങ്ങൾ തുടർന്നതോടെ മറ്റൊരു വാടകവീട്ടിൽ. കുഞ്ഞുങ്ങളെ പോറ്റാൻ ഭിക്ഷയാചിക്കേണ്ടിവന്നു. ഒരിക്കൽ അമേരിക്കയിൽ താമസിക്കുന്ന പെൺമക്കളില്ലാത്ത ദമ്പതികൾ പണം നൽകി കൗസല്യയുടെ മകളെ ഏറ്റെടുക്കാനെത്തി. അവരെ തിരിച്ചയച്ചെങ്കിലും ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഭർത്താവ് ഈ വിവരമറിഞ്ഞാൽ പണം വാങ്ങി കുഞ്ഞുങ്ങളെ വിൽക്കും. കുഞ്ഞുങ്ങളെയുംകൊണ്ട് നാട്ടിലേക്ക് പോയി. അവിടെ സഹോദരിമാരുടെ വീട്ടിൽ അധികനാൾ തങ്ങാനായില്ല.
പുസ‌്തകങ്ങളുടെ ലോകത്തേക്ക് വീണ്ടും
കൗസല്യയുടെ ദൈന്യംകണ്ട് മൂവാറ്റുപുഴയിലെ ആശാഭവൻ കുറെക്കാലം അഭയമേകി. തുടർന്ന‌് കുട്ടികളെ ആശാഭവനിൽ നിർത്തി വീട്ടുജോലിക്കിറങ്ങി. കടവൂർ സ്വദേശി മറിയാമ്മ എന്ന മനുഷ്യസ്‌നേഹി കൗസല്യയെയും കുഞ്ഞുങ്ങളെയും വീട്ടിൽ താമസിപ്പിച്ചത‌് വലിയ ആശ്വാസമായി.
ഇതിനിടെ, എഴുത്തുകാരി ദേവകി കൃഷ‌്ണ കൈമളിനെ പരിചയപ്പെട്ടു. അവർ രചിച്ച പുസ‌്തകങ്ങൾ കമീഷൻ വ്യവസ്ഥയിൽ വിൽക്കാൻ കൗസല്യയെ ഏൽപ്പിച്ചു. സർക്കാർ ഓഫീസുകളിലും മറ്റു സ്ഥാപനങ്ങളിലും കയറി പുസ്‌തകം വിറ്റു. ഒരിക്കൽ അറിയാതെ എത്തിയത് ഡി സി ബുക‌്സിന്റെ തൊടുപുഴ ശാഖയിൽ. അതോടെ, ഡി സിയുടെ പുസ്‌തകങ്ങളുടെ വിൽപ്പന തുടങ്ങി. നുള്ളിപ്പെറുക്കി സമ്പാദിച്ചതെല്ലാം കൊടുത്ത് തൊടുപുഴയ്‌ക്കടുത്ത് പൈങ്ങോട്ടൂർ തൊണ്ണൂറാം കോളനിയിൽ മൂന്നു സെന്റ് സ്ഥലം വാങ്ങി. അതിന്റെ വിലയായ 4000 രൂപ തവണകളായാണ് കൊടുത്തുതീർത്തത്. അവിടെ കൂര തല്ലിക്കൂട്ടി. ഭർത്താവില്ലാതെ താമസിക്കാനെത്തിയപ്പോൾ അയൽക്കാർക്ക് സംശയം. ഭർത്താവിനെ കത്തയച്ച് വിളിച്ചുവരുത്തി. അവിടെയെത്തിയ അയാൾ അയൽവീട്ടിൽനിന്ന് പണവും മോഷ്ടിച്ച് മുങ്ങി. ഗഡുക്കളായി അത‌് കൊടുത്തുതീർക്കുംവരെ അവരുടെ ചീത്തവിളി തുടർന്നു.
ഒരിക്കൽ നിലംപൊത്തിയ കൂര പുതുക്കിപ്പണിയാൻ അപേക്ഷ നൽകിയപ്പോഴാണ് അറിയുന്നത് വിൽപ്പനയ‌്ക്ക് അനുമതിയില്ലാത്ത സ്ഥലമാണതെന്ന്. പിന്നെ വാടകവീടുകൾ തേടിയുള്ള അലച്ചിൽ. താമസിച്ച വീടുകളിലെല്ലാം ഭർത്താവ് അന്വേഷിച്ചെത്തി. തൊണ്ണൂറാം കോളനിയിൽ സ്ഥലം റീസർവേ ചെയ്തപ്പോൾ മൂന്നു സെന്റ് പതിച്ചുനൽകി. ഇ എം എസ് ഭവനപദ്ധതിയിൽ വീടും ഉയർന്നു. പക്ഷേ, ദുരിതങ്ങൾ പിന്നെയും വേട്ടയാടി. ഗർഭപാത്രത്തിൽ മുഴയാണെന്ന് പരിശോധനയിൽ കണ്ടെത്തി. ശസ്‌ത്രക്രിയ ഉടൻ വേണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും മക്കളുടെ കാര്യമോർത്ത് അവഗണിച്ചു. ജീവിതച്ചെലവ് കൂടിയപ്പോൾ ലോട്ടറി വിൽപ്പനയ‌്ക്ക് ഇറങ്ങി. മിച്ചംവയ‌്ക്കുന്ന തുട്ടുകൾകൊണ്ട‌് കാൽലക്ഷത്തോളം രൂപയുടെ പുസ്‌തകങ്ങൾ വാങ്ങാനായതിൽ അഭിമാനമുണ്ട‌് കൗസല്യക്ക‌്.
കവിതയെഴുത്ത് മൂന്നരപ്പതിറ്റാണ്ടിനുശേഷം പുനരാരംഭിച്ചു. തൊടുപുഴ സാഹിത്യവേദി പ്രവർത്തകരായ മുട്ടം ശ്രീനിയെയും സുകുമാർ അരിക്കുഴയെയും പരിചയപ്പെട്ടത് വഴിത്തിരിവായി. ഇപ്പോൾ തൊടുപുഴ സാഹിത്യവേദിയുടെയും ഉപാസന സാംസ‌്കാരിക കേന്ദ്രത്തിന്റെയും പ്രതിമാസ പരിപാടികളിൽ കൗസല്യ നിറസാന്നിധ്യം.
രക്തസാക്ഷി അഭിമന്യുവിനെപ്പറ്റിയുള്ള ‘രക്തപുഷ്‌പങ്ങൾ' മന്ത്രി എം എം മണി പങ്കെടുത്ത ചടങ്ങിൽ ചൊല്ലി. ‘നന്നായിരുന്നു'എന്ന മന്ത്രിയുടെ വാക്കുകൾ ജീവിതത്തിലെ വലിയ അംഗീകാരവുമായി. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥയിൽ അവതരിപ്പിക്കാൻ ‘മണ്ണും മനുഷ്യനും' എന്ന കവിത തെരഞ്ഞെടുത്തിട്ടുണ്ട്. കൗസല്യയുടെ കവിതകൾ പുസ്‌തകമാക്കാൻ ഒരുങ്ങുകയാണ് തൊടുപുഴയിലെ വനിതാ എസ്ഐ എൻ എൻ സുശീല. എന്നാൽ, ഇതുകൊണ്ടൊന്നും ജീവിതമാകില്ലെന്ന് കൗസല്യക്ക് അറിയാം. പുസ്‌തകം വിറ്റുനടന്ന കാലത്തെ കടം ഇപ്പോഴുമുണ്ട്. ഹെർണിയക്കും ഗർഭപാത്രത്തിലെ മുഴ നീക്കാനും ശസ്‌ത്രക്രിയകൾ നടത്തിയപ്പോൾ ചെലവായത് 30,000 രൂപയാണ്.
ബാധ്യതകൾ വേറെയുമുണ്ട്. മകളെ കെട്ടിച്ചയക്കണം. മകന് ജോലി കിട്ടണം. നെഞ്ചിൽ നെരിപ്പോടുമായി കൗസല്യ തെരുവിലേക്ക് ഇറങ്ങുകയാണ്. മുഖംമൂടികളണിഞ്ഞ പട്ടണത്തിലേക്ക്. നല്ല മനുഷ്യരാണ് ഭൂരിപക്ഷം. പക്ഷേ, അവരെ മാത്രമല്ലല്ലോ ദിവസവും കാണേണ്ടത്. അറപ്പുതോന്നുന്ന ഭാഷയിൽ വേഴ‌്ചയ‌്ക്ക് ക്ഷണിക്കുന്നവർ. മാന്യതയിൽ പൊതിഞ്ഞ വാക്കുകളോടെ ഇംഗിതം അറിയിക്കുന്നവർ. എല്ലാം നേരിടണം. വെറും ലോട്ടറി വിൽപ്പനക്കാരിയാണെന്ന് താനെന്ന് കൗസല്യക്ക് അറിയാം.









0 comments