സൂസൻമുക്ക‌്: ദുർബലഹൃദയർ സൂക്ഷിക്കുക

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2018, 10:09 AM | 0 min read

വളരെ വർഷങ്ങൾക്കുമുമ്പാണ‌് ഇനി പറയാൻ പോകുന്ന കഥ നടന്നത‌്. (പത്രാധിപർ സാറെ, ഇത‌് കഥയാണോ, യഥാർഥ സംഭവമാണോ, വെറും ഭാവനയല്ലേ എന്നൊന്നും ചോദിച്ച‌് ഇടയ‌്ക്ക‌് പ്രശ‌്നമുണ്ടാക്കരുതേ. കഥയെങ്കിൽ കഥ. തീർന്നില്ലേ) ഞാനും സുഹൃത്ത‌് രമേശനുമാണ‌് നായകന്മാർ. ഞങ്ങൾ അന്ന‌് നാലാം ക്ലാസിൽ. കഥ നടക്കുന്നത‌് വിദൂരമായ  ഗ്രാമത്തിൽ. അന്ന‌് ഞായറാഴ‌്ചയാണ്‌. ഉദ്യോഗസ്ഥർക്ക‌് ശമ്പള ദിവസവും കുട്ടികൾക്ക‌് ഞായറാഴ‌്ചയും എത്രമാത്രം പ്രിയങ്കരമെന്ന്‌ പറയേണ്ടല്ലോ. ചേർന്നിരിക്കുന്നു ഞങ്ങളുടെ വീടുകൾ. ഞാൻ എന്റെ വീട്ടിൽനിന്ന‌് ഇറങ്ങി രമേശന്റെ വീട്ടിൽ ചെന്ന‌് അവനെ കളിക്കാൻ വിളിക്കും. ഞങ്ങൾ പുറത്തിറങ്ങുമ്പോൾ കഥയിലെ ഒന്നാം രംഗം.
 

രംഗം ഒന്ന‌്

ഞങ്ങൾ നടക്കുമ്പോൾ രമേശന്റെ അച്ഛൻ രമേശനോട‌്: ‘രമേശാ ഉച്ചയ‌്ക്കുമുമ്പ‌് ശശിമാമന്റെ വീട്ടിൽചെന്ന‌് തെങ്ങിൻ തൈ കൊണ്ടുവരണം’.
കാർഷികത്തുടിപ്പുകൾ നിലനിൽക്കുന്ന ഗ്രാമമാണെന്ന‌് പിടികിട്ടിക്കാണുമല്ലോ.
 
‘ഓ’ എന്ന‌് ഒറ്റ അക്ഷരത്തിൽ മറുപടി. രമേശനും ഞാനും കൊയ‌്ത്തുകഴിഞ്ഞ‌് കളിക്കളമായി രൂപപ്പെട്ട പാടത്ത‌് കളിക്കൂട്ടുകാർക്കിടയിലേക്ക‌്. പിന്നെ കബഡി, നാടൻ പന്തുകളി, ഗോലികളി... അതിനിടയിൽ തെങ്ങിൻ തൈയും ശശിമാമനും ബോധമണ്ഡലത്തിൽനിന്ന‌് മാഞ്ഞു.
 
ഏതാണ്ട‌് ഉച്ചവരെ കളിച്ചുവിയർത്ത‌് തിരികെ വീട്ടിലേക്ക‌് നടക്കുമ്പോഴാണ‌് അവനെ ഞാൻ ഓർമിപ്പിച്ചത‌്:
 
‘ശശിമാമന്റെ വീട്ടിൽ പോയില്ല. തെങ്ങിൻ തൈ...?’ 
 
രണ്ട‌് കിലോമീറ്ററിനപ്പുറമാണ‌് മാമൻ താമസിക്കുന്നത‌്. ഇനിപോയി എടുക്കാമെന്നുവച്ചാൽ ഷെഡ്യൂൾ തെറ്റും.
 
‘ങാ. ഞാൻ പറഞ്ഞോളാം’ എന്ന്‌ രമേശൻ.
 

രംഗം രണ്ട്‌

അവന്റെ വീട്ടുമുറ്റത്ത‌് കൃത്യമായും അവന്റെ അച്ഛൻ ഉണ്ടായിരുന്നു. എന്റെ കാലിന‌് ഒരു വിറയലും നാവിന‌് ഒരു വരൾച്ചയും.  ഉഗ്രകോപത്തിന്റെ കാര്യത്തിൽ രമേശന്റെ അച്ഛനോട‌് മത്സരിച്ചാൽ ദുർവാസാവുപോലും വെള്ളികൊണ്ട‌് തൃപ‌്തിപ്പെടേണ്ടിവരും.
 
‘തെങ്ങിൻ തൈ എവിടേടാ?’ അതൊരട്ടഹാസമായിരുന്നു. ബാലാവകാശ നിയമമൊക്കെ വരുംമുമ്പുള്ള കാലം. മക്കളെ, കൊല്ലാനൊഴികെ, മർദനമുറകൾക്കെല്ലാം വിധേയരാക്കാനും രക്ഷകർതൃസമൂഹത്തിന‌് കരമൊഴിവായി അധികാരം പതിച്ചുകിട്ടിയിരുന്ന കാലം. രമേശൻ പതറിയില്ല. നിർണായക സമയത്ത‌് മനസ്സിനെ ഉറപ്പിച്ചുനിർത്തുന്നവനാണ‌് ധീരൻ.  
 
‘പോയി...’ രമേശൻ പറഞ്ഞു. ‘പക്ഷേ വഴിയിൽ ഒരാള‌് ഞങ്ങളെ പേടിപ്പിച്ചു. വീട്ടിൽപോകാൻ പറഞ്ഞു’. 
 
‘‘ശ്ശെടാ ഭയങ്കരാ! ഞാൻ അവനെ അത്ഭുതത്തോടെ നോക്കി. വഴിയിൽ ചില ചട്ടമ്പിസ്വഭാവമുള്ളവർ, പിള്ളേരോട‌്  ‘എവിടെ പോകുന്നെടാ?’ ‘കിടന്ന‌് കറങ്ങാതെ വീട്ടിൽ പോടാ’ ‘വീട‌് എവിടെയാടാ?’ എന്നൊക്കെ വിരട്ടിയിരുന്ന സീസണാണ‌്.
 
‘എന്തോന്ന‌്? നിങ്ങളെ പേടിപ്പിച്ചെന്നൊ? ശകാരിച്ചെന്നൊ? ആര‌്’?
 
‘ആരാണെന്നറിയില്ല. ഒാടെടാ എന്നുപറഞ്ഞു. ഞങ്ങൾ പേടിച്ചുപോയി. ഏതോ ചട്ടമ്പിയാ. തെങ്ങിൻ തൈ വൈകിട്ട‌് ചെന്ന‌് എടുത്തോണ്ടുവരാം’. 
 
ഗാന്ധിജിയും ബുദ്ധനും സത്യം പറയുമ്പോൾ എന്തുമാത്രം പ്രശാന്തരായിരുന്നോ അതിന്റെ ഇരട്ടി പെർഫക‌്ഷൻ. എന്തൊരൊഴുക്ക്‌. എന്തൊരു അനായാസത. ഞാൻ പോലും അത‌് വിശ്വസിച്ചു. അച്ഛന്റെ കാര്യം പറയേണ്ടല്ലോ.
 
‘എവിടെ എവിടെവച്ചാ അയാള‌് വിരട്ടിയെ?’ എന്നെ നോക്കിയാണ‌് ചോദിച്ചത‌്.
 
ഉപ്പോളം വരില്ല ഉപ്പിലിട്ടത‌്. എത്ര ശ്രമിച്ചാലും കള്ളം പറച്ചിലിൽ രമേശന്റെ സ്വാഭാവികത വരില്ലെങ്കിലും ഞാൻ പറഞ്ഞു.
 
‘അവിടെ... ആ വലിയ മാവിന്റെ അടുത്ത‌്’
 
വലിയമാവെന്ന‌് നാട്ടുകാർ ഓമനപ്പേരിട്ടുവിളിക്കുന്ന ഒരു മാവുണ്ടായിരുന്നു പാതയോരത്ത‌്. ചുറ്റും തിട്ടയൊക്കെ ഉണ്ട‌്. പകൽ പാടത്താണെങ്കിൽ വൈകുന്നേരം വലിയമാവിന്റെ ചുവട്ടിലാണ‌് പിള്ളേരുടെ കളി. ചെറുപ്പക്കാരുടെ വെടിവട്ടവും അവിടെയാണ‌്.
 
ഒരു നിമിഷം രമേശന്റെ അച്ഛൻ എന്തോ ഒന്ന‌് ആലോചിച്ചു. രമേശന്റെ കൈ പിടിച്ചു. തുടർന്ന‌് എന്നോടുകൂടി ഒരാജ്ഞ: ‘വാ. അവനെ കാണിച്ചുതാ’ എന്നിട്ട‌് ഒറ്റ നടപ്പ്‌. ഞാനും കൂടെ. ഒരുനാടിന്റെ സാമൂഹ്യ ഭൗതിക സാമ്പത്തിക രീതികളെ അടിമുടി മാറ്റാൻ പോകുന്ന ഒരു യാത്രയാണ‌് അതെന്ന‌് ഞാനോ രമേശനോ അപ്പോഴറിഞ്ഞില്ല.
 

രംഗം മൂന്ന്‌

വലിയമാവിന്റെ പരിസരത്ത‌് ഞങ്ങളെത്തി. അവിടെ ആരുമില്ല. (ആര‌് ഉണ്ടാവാൻ നട്ടുച്ചയും)
 
‘എവിടെ നിങ്ങളെ പേടിപ്പിച്ചവൻ?’
 
‘ഇവിടുണ്ടായിരുന്നു അച്ഛാ’ രമേശൻ സ്വാഭാവികതയും വിശ്വാസ്യതയും നൂറു ശതമാനം നിലനിർത്തി തന്നെ പറഞ്ഞു.
 
അപ്പോഴാണ് ജോസഫ് ചേട്ടൻ വരുന്നത്. നമ്മുടെ കഥയിൽ നിർണായക റോളാണ് ചേട്ടന്.
 
'എന്താ എന്താ കാര്യം?'
 
'അല്ല. ഇവിടെ ആരോനിന്ന് പിള്ളേരെ വിരട്ടിയെന്ന‌്. അളിയന്റെ വീട്ടിൽ തെങ്ങിൻ തൈ മുളപ്പിച്ചതെടുക്കാൻ പോയപ്പോൾ. എന്തായാലും ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ആരാ, എന്താ, എന്നൊക്കെ അറിയണം.'
 
ഇപ്പോൾ ബാറ്റ‌് ജോസഫ് ചേട്ടന്റെ കൈയിലായി.
 
'ആ കള്ളു കുടിയൻ ഭാസ്കരനാ...?’
 
അല്ലെന്ന് ഞങ്ങൾ തല കുലുക്കി. രമേശൻ തല കുലുക്കുന്നത് നോക്കിയാണ് ഞാനും കുലുക്കുന്നത്.
 
ജോസഫ് ചേട്ടൻ ഒന്നു രണ്ടുപേരുകൾ ചോദിച്ചു.
 
 അല്ലെന്ന് തലയാട്ടൽ.
 
'നിങ്ങൾ ആളിനെ വ്യക്തമായി കണ്ടോ?'
 
'ആ മാവിന്റെ അപ്പുറത്ത് നിൽക്കുകയായിരുന്നു അതുകൊണ്ട് വ്യക്തമായി കണ്ടില്ല’.
 
'ശബ്‌ദം മാത്രമേ കൃത്യമായി കേട്ടുള്ളൂ?'
 
'ങാ' ഞങ്ങൾക്ക് ആശ്വാസമായി.
 
'മാവിന്റെ അപ്പുറത്തു നിൽക്കുകയായിരുന്നു. ആളിനെ കൃത്യമായി കാണാൻ പറ്റിയില്ല. ഓടെടാ എന്നു പറഞ്ഞ് അല്ലേ’
 
‘അതെ..’
 
‘ഓടെടാ എന്ന പറച്ചിൽ; അതൊരു അലർച്ച പോലെ തോന്നിയോ!’
 
‘ങാ നല്ല ഒച്ചയായിരുന്നു.’ ഞാൻ രമേശനെ വിസ‌്മയിപ്പിക്കുന്ന തരത്തിൽ പറഞ്ഞു.
 
‘തലമുടിക്ക‌് നീളമുണ്ടായിരുന്നു’
 
‘അങ്ങനെയാണ‌് തോന്നിയത‌്’
 
എന്തോ പിടികിട്ടിയതുപോലെ ജോസഫേട്ടൻ ഒന്നു തലയാട്ടി. 
 
‘ഭാസ‌്കരേട്ടാ. ഇതവൾ തന്നെ...!’
 
‘ആര‌്? ’
 
‘സൂസൻ...’
 
സിനിമ അല്ലായിരുന്നതുകൊണ്ട‌് ‘ഝാംഗ‌്’ എന്ന സിംബലടി വീണില്ലെന്നേയുള്ളൂ.
 
‘സൂസനോ ഏത്‌ സൂസൻ...?’ രമേശന്റെ അച്ഛൻ അന്ധാളിച്ചു.
 
‘നമ്മുടെ  കിഴക്കേവീട്ടിലെ സൂസൻ. ജോ ർജച്ചായന്റെ മോള‌്. അവൾക്ക‌് ഒരു പ്രേമമുണ്ടായിരുന്നല്ലോ! ഈ മാവിന്റെ ചോട്ടിൻ കാമുകനുമൊത്ത‌് സംസാരിച്ചു കൊണ്ടുനിൽക്കുമ്പോഴാ വീട്ടുകാർ കണ്ടത‌്. പിന്നെ ബഹളമായി. വഴക്കായി. കഴിഞ്ഞയാഴ‌്ച അവൾ ആത്മഹത്യ ചെയ‌്തു. ഇതവൾ തന്നെ ഭാസ‌്കരേട്ടാ. സംശയില്ല.’
ഞാനും രമേശനും മുഖത്തോടു മുഖം  നോക്കി.
 

രംഗം നാല്‌

രാത്രി അമ്മ എന്റെ കൈയിൽ ജപിച്ച ചരടുകെട്ടി. സൂസൻ പേടി മാറാനാണത്രെ. ഉറങ്ങുമ്പോൾ വെട്ടുകത്തി പോലുള്ള ഉപകരണങ്ങൾ തലയിണയ‌്ക്കടിയിൽ വയ‌്ക്കുന്നത‌് സൂസനെ അകറ്റി നിറുത്താൻ ഉപകരിക്കുമെന്ന‌് വല്യമ്മാവൻ പറഞ്ഞു.
 

രംഗം അഞ്ച്‌

അടുത്ത ദിവസം സ‌്കൂളിൽ പോകാൻ ഞങ്ങൾ പിള്ളേർ ഇടവഴിയിലേക്ക‌് കയറിയപ്പോൾ നജീബിന്റെ വാപ്പ പറഞ്ഞു.
 
‘വലിയ മാവിന്റെ മുന്നേ കൂടി പോണ്ട. ഈ വരമ്പ‌് കേറി പൊയ‌്ക്കൊള്ളിൻ...’
 
ഞങ്ങൾ പുതിയ വഴിയിലൂടെ നടന്നു തുടങ്ങി.
 

രംഗം ആറ്‌

അടുത്ത ദിവസം കുറച്ചകലെയുള്ള ഏതോ സ്ഥലത്ത‌് താമസിക്കുന്ന ഒരാളെ പട്ടി ഓടിച്ചു. ഓടുന്നതിനിടയിൽ അയാളുടെ കൈയിലിരുന്ന ചില പലവ്യഞ്ജനങ്ങൾ തെറിച്ചുപോയി. അരി, കോഴിമുട്ട, പിന്നെ അയാളുടെ കണ്ണടയൊക്കെ. സംഭവം വലിയ മാവിൻചോട്ടിൽ. വൈകുന്നേരം ഏതോ സ്ഥലവാസി കണ്ടു. കണ്ണടയും കോഴിമുട്ടയും അരിയും മാവിന്റെ ചുവട്ടിലേക്ക‌് വച്ചു. ഒന്നു പ്രാർഥിച്ചു. ‘സൂസൻ കൊച്ചേ... ഉപദ്രവിക്കല്ലേ..’
 

രംഗം ഏഴ്‌

വലിയ മാവിന്റെ ചുവട്ടിൽ അരിച്ചാക്കുകൾ കൂടി, കണ്ണടകൾ കൂടി. കോഴിമുട്ടകൾ കൂടി. സൂസൻ കൊച്ചിന്റെ പ്രീതിക്ക‌് ഇവ ഉത്തമമത്രെ.
 

രംഗം എട്ട‌്

വലിയ മാവിൻ ചുവട‌് സൂസൻ മുക്കാക്കി ചിലർ. രാത്രിയുടെ ഏകാന്തതയിൽ അവിടെ കരച്ചിൽ കേട്ടു. ചില ഓട്ടോറിക്ഷകൾ അവിടെ വഴുതി മറിഞ്ഞു. ചിലപ്പോൾ ചിലങ്കയുടെ ശബ്‌ദം. വലിയമാവിൻചോട്ടിലേക്ക‌് പകൽപോലും ആരും പോകില്ല.
 
ഒന്നു രണ്ടുമാസം കഴിഞ്ഞ‌് ഞങ്ങളുടെ കുടുംബം സ്വദേശത്തേക്ക്‌ മടങ്ങി. പഴയ സ്ഥലം, അവിടെ താമസിച്ച ദിവസങ്ങൾ ഒക്കെ മറന്നു.
 

രംഗം ഒൻപത്‌

വർഷങ്ങൾക്കുശേഷം ഞാൻ ചിലർക്കൊപ്പം ഒരു യാത്രപോയി. പണ്ടു താമസിച്ച നാട്ടിലൂടെയാണ്‌ കടന്നുപോകേണ്ടത‌് എന്ന  ചിന്ത രോമാഞ്ചമുണ്ടാക്കി. റോഡൊക്കെ വീതി കൂട്ടി. ഒരിടത്ത്‌ കാറുകളും ബൈക്കുകളും ഓട്ടോകളുമൊക്കെ ഒതുക്കി നിർത്തിയിരിക്കുന്നു. ആകെ തിക്കും തിരക്കും.
 
‘സൂസൻ മുക്കിലിറങ്ങി നിവേദ്യം കൊടുത്തിട്ടുപോകാം...’ ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു.
 
സൂസൻ മുക്ക‌്! വർഷങ്ങൾക്ക‌് മുമ്പ‌് ഞാൻ കേട്ട പേര‌്.
 
കാറുനിർത്തി. ഞങ്ങൾ പുറത്തിറങ്ങി. ധാരാളം കടകൾ. വ്യാപാരകേന്ദ്രങ്ങൾ. വലിയ തിരക്ക‌്. പഴയ വലിയമാവിനെ ചുറ്റിപ്പറ്റി ഇപ്പോൾ മിനിനഗരം തന്നെ രൂപപ്പെട്ടിരിക്കുന്നു.
 
ഞാൻ അവിടെക്കണ്ട ഒരാളോട‌് ഒന്നുമറിയാത്തതുപോലെ വിവരം തിരക്കി–
 
‘സൂസൻ കൊച്ച‌് എന്നു പറയുന്ന ഒരു യക്ഷി ദേവത കുടികൊള്ളുന്ന സ്ഥലമാണത്രെ അത്‌. പണ്ട‌് രണ്ട‌് കൊച്ചുകുട്ടികളാണത്രെ സൂസൻ കൊച്ചിനെ ആദ്യം കണ്ടത‌്. അതിൽ ഒരു കുട്ടി സൂസൻ കൊച്ചിനെ കണ്ട‌് പേടിച്ച‌് ഏതാനും ദിവസത്തിനുള്ളിൽ നാട്ടിൽനിന്നും പോയി. ഇപ്പോൾ എവിടെ ഉണ്ടെന്നറിയില്ല. മറ്റേ കുട്ടി നാട്ടുകാരൻ തന്നെ.’
 
കോഴിമുട്ട, കണ്ണട, അരി എന്നിവയാണ‌് സൂസൻ കൊച്ചിന്റെ നേർച്ച. അരിയിൽ തന്നെ പാലക്കാടൻ മട്ട, പൊന്നി അരി എന്നിവ കേമം. വിളിച്ചാൽ വിളിപ്പുറത്തെത്തും. ആദ്യം സൂസൻ കൊച്ചിനെ കണ്ട പിള്ളാരേ ഈ മാവിന്റെ മേലേയ‌്ക്ക‌് സൂസൻ വലിച്ചുകൊണ്ടുപോയിരുന്നു. ഇവിടെ രണ്ടായിരം കണ്ണടയും പതിനായിരം കിലോ അരിയുമൊക്കയാണ‌് നേർച്ച പോകുന്നത‌് കോഴിമുട്ട, പുഴുങ്ങിയും ഓംലെറ്റായും ബുൾസൈ ആയും പച്ചയ‌്ക്കും നിവേദിക്കാം. നിവേദ്യം കൊടുത്തില്ലെങ്കിൽ പിന്നെ ഉറങ്ങാൻ പറ്റില്ല. ഉറക്കത്തിൽ പേടിക്കും.
 
എല്ലാം കേട്ട‌് ഞാൻ ഒന്നു മന്ദഹസിച്ചു. ഈ നാടിന്റെ സാമ്പത്തിക പുരോഗതിയിൽ ഒരു നിർണായക പങ്കുവഹിച്ചവൻ എന്ന നിലയിൽ എനിക്ക‌് അഭിമാനം തോന്നി.
‘സാറിന‌് രണ്ടു കണ്ണടയും അഞ്ചു കിലോ അരിയും ഒരു ഡസൻ ഓംലെറ്റും എടുക്കട്ടെ...’
 
വേണ്ടെന്ന‌് ഞാൻ തലയാട്ടി. കണ്ടക്ടർ ടിക്കറ്റെടുക്കാറില്ലല്ലോ. ലോകഗതി ഓർത്ത‌് ഒന്നു ചിരിച്ചു. എന്നിട്ട‌് കാറിനടുത്തേക്ക‌് നടന്നു. പക്ഷേ അയാൾ പറഞ്ഞതൊക്കെ കേട്ട‌് ആകെ ഒരു ടെൻഷൻ. എന്തുവേണം. ഒന്നാലോചിച്ചു. തിരികെ കടയിലേക്ക‌് നടന്നു. ഓർഡർ ചെയ‌്തു, ‘രണ്ടുകിലോ അരിയും ആറുമുട്ടയും’.
 


deshabhimani section

Related News

View More
0 comments
Sort by

Home