നൈന

സോഫ്റ്റ്‌വെയർ എൻജിനിയറാകാൻ കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക‌്‌നോളജിയിൽ കംപ്യൂട്ടർ എൻജിനിയറിങ് പഠിക്കാനെത്തിയ പെൺകുട്ടി ഇന്ന് സിനിമാലോകത്തെ മിന്നുംതാരം. ഏറെ കാത്തിരിപ്പിനുശേഷമെത്തിയ മോഹൻലാൽചിത്രം നീരാളിയിലെ നായിക. ആദ്യദിനം സിനിമ കണ്ടവർ പാർവതിനായർ എന്ന നായികയെ പ്രശംസിക്കുന്നു. നീരാളിയെക്കുറിച്ചും സിനിമാ സ്വപ്‌നങ്ങളെക്കുറിച്ചും പാർവതി മനസ്സ‌് തുറക്കുന്നു.
സോഫ്റ്റ്‌വെയർ എൻജിനിയറിങ്ങിൽനിന്ന് സിനിമയിലേക്ക്
അബുദാബിയിൽ മലയാളികുടുംബത്തിലാണ് ജനിച്ചത്. വിദ്യാഭ്യാസകാലം കഴിഞ്ഞ ഉടൻ പരസ്യ‐മോഡലിങ് രംഗങ്ങളിൽ സജീവമായി. ശ്രദ്ധേയമായ അമ്പതോളം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2009ൽ മിസ്സ് മൈസൂർ സാൻഡലായും ലോറൻസ് മയോ‐ ഫെയ്സ് ഓഫ് കേരളയായും തെരഞ്ഞെടുക്കപ്പെട്ടു. അതിനിടയിൽതന്നെ സിനിമയിലേക്കുള്ള ക്ഷണങ്ങൾ. എന്നാൽ, പല ബുദ്ധിമുട്ടുകൾ കാരണം ഒഴിവാക്കി. ഷോർട്ട് ഫിലിമുകൾ, സംഗീത ആൽബങ്ങളിലും അതിനിടയിൽ അഭിനയിച്ചു. എന്നാൽ, 2012ൽ കാര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ വി കെ പ്രകാശിന്റെ പോപ്പിൻസ് എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് ആദ്യ ചുവട്.
അഭിനയിച്ചവയിൽ പ്രിയപ്പെട്ടവ
തമിഴിലും കന്നടയിലുമാണ് ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തത്. അജിത്തിനൊപ്പം അഭിനയിച്ച എന്നൈ അറിന്താൽ ശ്രദ്ധേ നേടി. കന്നടയിൽ വാസ്‌കോഡഗാമ എന്ന ചിത്രമാണ് അഭിനയിച്ചവയിൽ ഏറെ പ്രിയപ്പെട്ടത്. കന്നടയിലെതന്നെ സ്‌റ്റോറി കഥൈ എന്ന ചിത്രത്തിലെ അഭിനയത്തെ കുറെപ്പേർ അഭിനന്ദിച്ചു. ആ സിനിമയിലൂടെ ആദ്യമായി പുരസ്‌കാരങ്ങൾ തേടിയെത്തി. പിന്നീട് മഹേഷിന്റെ പ്രതികാരം പ്രിയദർശൻ തമിഴിൽ റീമേക്ക് ചെയ്‌തപ്പോൾ അനുശ്രീ ചെയ്‌ത സൗമ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
നീരാളിയിലേക്ക്
നീരാളിയിൽ ലാലേട്ടനൊപ്പം അഭിനയിക്കുമെന്ന് സ്വപ്‌നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. എല്ലാം ആകസ്‌മികമായി സംഭവിച്ചതാണ്. ഇങ്ങനെയൊരു പ്രോജക്ടിനെപ്പറ്റി കേട്ടിരുന്നു. പിന്നീട് ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കവേ സംവിധായകൻ അജോയ് വർമ കാണാൻ വന്നു. തന്റെ കഥാപാത്രത്തിന് പാർവതിയുടെ ലുക്കാണെന്ന് പറഞ്ഞു. ട്രയൽസ് അഭിനയിപ്പിച്ചുനോക്കിയശേഷം അവർ എന്നെ തെരഞ്ഞെടുത്തു. മുംബൈയിലായിരുന്നു ഷൂട്ടിങ്.
നൈനയെക്കുറിച്ച്
നീരാളിയിലെ പ്രധാന കഥാപാത്രം. തികച്ചും വ്യത്യസ്‌തയാണ് നൈന. വളരെ പാവം കുട്ടി. എല്ലാവരെയും സ്‌നേഹിക്കുന്ന നല്ലൊരു കഥാപാത്രം. എന്നാൽ, പെട്ടെന്ന് ദേഷ്യം വരുന്നു എന്ന ഒരു പ്രശ്‌നം നൈനയ‌്ക്കുണ്ട്. അതാണ് ചിലപ്പോൾ എന്നെയും നൈനയെയും ഒരുമിപ്പിക്കുന്ന സമാനത എന്ന് തോന്നുന്നു.
ലാലേട്ടനൊപ്പം
എല്ലാവരോടും വളരെ സൗഹൃദത്തോടെ പെരുമാറുന്നയാളാണ് ലാലേട്ടൻ. തമാശകളും മറ്റും പറഞ്ഞ് എല്ലാവരെയും സജീവമാക്കും. എങ്ങനെ ഓരോ സീനിലും അഭിനയിക്കണം എന്നെല്ലാം പറഞ്ഞുതരും.
എന്തുകൊണ്ട് നീരാളി കാണണം
നീരാളി ഗംഭീര ത്രില്ലറാണ്. പുതുമയുള്ള പരീക്ഷണചിത്രം. തിരക്കഥയിലും മെയ്‌ക്കിങ്ങിലും എല്ലാം പുതുമയുണ്ട്. ഇന്ത്യയിലെതന്നെ ഏറ്റവും നല്ല അണിയറപ്രവർത്തകരാണ് നീരാളിക്കുപിന്നിൽ. ആദ്യാവസാനം ആകാംക്ഷയോടെ കണ്ടിരിക്കാം. ആകെ അഞ്ചോ ആറോ കഥാപാത്രങ്ങൾ. ഓരോ കഥാപാത്രത്തിനും അവരുടേതായ പ്രത്യേകതകളുമുണ്ട്.









0 comments