കവിതയിലെ പുത്തനുണർവുകൾ (സൂചിമുനകൊണ്ട് കോറിയിട്ടത്)

രൂപി കൗർ ആംഗല സാഹിത്യ നഭസ്സിലെ പുത്തൻ പ്രതിഭാസമാണ്. രൂപിയുടെ പുസ്തകങ്ങൾ ദീർഘകാലം ബെസ്റ്റ് സെല്ലർ പട്ടികയിലുണ്ട‌്. പുലിറ്റ്‌സർ സമ്മാനം ലഭിച്ച പ്രശസ്ത കവികൾക്കുപോലും 30,000 പ്രതികളിലധികം വിൽക്കാറില്ല; രൂപിയുടെ പുസ്തകം തുടക്കത്തിൽ ആഴ്ചയിൽ 30,000 എന്ന തോതിൽ കമ്പോളത്തെ പിടിച്ചുകുലുക്കി. ലാങ് ലീവ് എന്ന മറ്റൊരു കവിയുടെ പുസ്തകം 1,50,000 പ്രതികൾ കടന്നിരുന്നു; രൂപിയുടെ ആദ്യ പുസ്തകം 25 ലക്ഷത്തോളം പ്രതികൾ വായനക്കാരുടെ കൈകളിലെത്തിക്കഴിഞ്ഞു. അവരുടെ രണ്ടാമത്തെ കൃതിയാണ് 'സൂര്യനും അവളുടെ പൂക്കളും' (Rupi Kaur – The Sun and her Flowers: 2017– Andrews McMeel Publishing, USA) എന്ന കവിതാസമാഹാരം; ഇതിനും ലഭിച്ചു വൻ വരവേൽപ്പ‌്.
.jpg)
എന്താണ് രൂപി കൗർ എന്ന പ്രതിഭാസം? കഴിഞ്ഞ ദശകത്തിൽ ചെറുപ്പക്കാരായ ഒരുകൂട്ടം കവികൾ മുഖ്യധാരാ പ്രസാധകരെ വിട്ട‌് സോഷ്യൽ മീഡിയ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം, റ്റംബ്ലർ ഇവയിലൂടെ നിശ്ചിത സ്ഥലപരിധിക്കുള്ളിൽ അവരുടെ രചനകൾ; വാക്കുകൾ, വരകൾ, ചിത്രങ്ങൾ എന്നിവയോ അവയുടെ മിശ്രിത രൂപങ്ങളോ ആവിഷ‌്കരിച്ചുപോന്നു. വാചിക കവിത (Oral Poetry) യായും വാങ്മയ കാവ്യ (Spoken Word Poetry) മായും സദസ്സുകളിൽ അവതരിപ്പിച്ച‌് മൂർച്ചയുള്ള കവിതയുടെ നവതരംഗം സൃഷ്ടിച്ചു. അതിവേഗം വികസിക്കുന്ന ടെക്‌നോസമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന ആശങ്കകളാകണം പുതിയ തരംഗത്തിനു പിന്നിൽ. അതിന്റെ രീതിശാസ്ത്രം ഇങ്ങനെയാകണം.
ലോകം ആകെ താറുമാറായിരിക്കുന്നു; എങ്ങും സംഭ്രാന്തി, എങ്ങും കുഴപ്പം. ഇങ്ങനൊരു അവസ്ഥ നാം അഭിമുഖീകരിക്കുമോ എന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും. സ‌്ത്രീപീഡനം, ബലാത്സംഗം, പെൺഭ്രൂണഹത്യ, ഗാർഹിക അതിക്രമം, പ്രവാസം, കുടിയേറ്റം, ഒറ്റപ്പെടൽ, രോഗം, അനാഥത്വം, അഭയാർഥിത്വം എന്നിങ്ങനെ നിരവധി മനുഷ്യാവസ്ഥകൾ പ്രത്യേകിച്ച‌് പരിഹാരമില്ലാതെ വ്യത്യസ‌്‌ത അളവിലും ചേരുവകളിലും ഏതു സമൂഹത്തിലും കാണും. സമാന്തരമായി വികസിച്ചുവരുന്ന ടെക്‌നോളജി, വിജ്ഞാനം എന്നിവ പ്രശ്നങ്ങളുടെയും അവയോടുള്ള നമ്മുടെ കാഴ‌്‌ചപ്പാടുകളുടെയും മേൽ ശക്തമായ സ്വാധീനമുറപ്പിക്കും. പണ്ടുതന്നെ തുടങ്ങിയതും ഇപ്പോഴും പ്രസക്തമായതുമായ അവങ്ഗാർദിസം ഇത്തരം പുതുസ്വാധീനത്തെ സൂചിപ്പിക്കുന്നു.

പുതിയ കവികൾ കവിതയെഴുത്തിന്റെ സാമ്പ്രദായിക രീതികൾ വിട്ട‌്, നമ്മെ പെട്ടെന്നാകാർഷിക്കുംവിധം ലളിതപദങ്ങൾ കോർത്തിണക്കി ചുരുങ്ങിയ വരികളിൽ കവിതയൊരുക്കുന്നു. പലപ്പോഴും കാവ്യഭാവം സൃഷ്ടിക്കുന്നത് ഛന്ദസ്സോ താളമോ ഇല്ലാതെയാകാം; അല്ലെങ്കിൽ സ‌്പെയ‌്സ‌് (space), ചിഹ്നം, ആകൃതി, വ്യാകരണം, വരകൾ, ചിത്രങ്ങൾ എന്നിവകൂടി തന്ത്രപൂർവം കവിതാഖണ്ഡത്തിൽ സന്നിവേശിപ്പിച്ചാകാം. രൂപി കൗർ കവിതകളിൽ ഇവയെല്ലാം കാണാം. ഒപ്പം ചേർത്ത വരകളും ചിത്രങ്ങളും കവിതകളെ കൂടുതൽ വിപുലമായ ആശയലോകത്തേക്ക‌് നയിക്കാനുള്ളതത്രേ; അതിനാൽ അവ കവിതയുടെ ഭാഗമായി കാണേണ്ടതുണ്ട്.
സൂര്യനെ രൂപി സ‌്ത്രീയായാണ് കല്പിച്ചിരിക്കുന്നത്; അവളുടെ പുഷ‌്പങ്ങൾ സൂര്യകാന്തികളും. സൂര്യകാന്തിയും സൂര്യനുമായുള്ള ബന്ധങ്ങളുടെ ഭാവാർഥങ്ങൾ കാലഭേദങ്ങൾക്കൊത്തു പരിണമിക്കുംപോലെയാണ് സമാഹാരം രൂപകൽപ്പന ചെയ്തിട്ടുള്ളത്. സൂര്യനും പുഷ‌്പങ്ങളും എന്നപോലെ സ‌്ത്രീയും അവൾക്കു ചുറ്റും ജീവിതവും ലോകവും തീർത്ത നിരവധി അനുഭവങ്ങളും; അവ തളർച്ച, പതനം, വേരോട്ടം, ആരോഹണം, വിടരൽ എന്നീ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ബന്ധങ്ങൾ നഷ്ടപ്പെട്ട ഭഗ്നഹൃദയയായ സ‌്ത്രീ, ഒറ്റപ്പെടലിന്റെ ഏകാന്തതയുമായി വിഷാദയോന്മുഖ ജീവിതം തള്ളിനീക്കുന്നവൾ, പറിച്ചുനടപ്പെട്ടവൾ, പ്രവാസം വിധിക്കപ്പെട്ടവൾ, പെൺ ഭ്രൂണഹത്യയാൽ ജീവിതം തന്നെ നിഷേധിക്കപ്പെട്ടവൾ, അങ്ങനെ എത്രയെത്ര അനുഭവങ്ങൾ. എന്നാൽ, ഇതെല്ലം കടന്ന് സ്വന്തം സ്വത്വവും വേരുകളും സന്തോഷവും കണ്ടെത്തി ആവർത്തിച്ച് പുനർജനിക്കാൻ കെല്പുനേടാനും രൂപിയുടെ സ‌്ത്രീ സങ്കല്പത്തിനാകും.
സൂക്തങ്ങൾ (Aphorism) പോലെ രണ്ടുവരി കവിതമുതൽ ദീർഘ കവിതവരെ സമാഹാരത്തിലുണ്ട്. മൂർച്ചയുള്ള വാക്കുകൾമാത്രമല്ല, സൂചിമുനകൊണ്ട് കോറിയ നീറ്റൽ നാം പല കവിതകളിലും അനുഭവിക്കും. അതാണ് രൂപി എഴുതുന്നത് സാഹിത്യമല്ല എന്ന് അക്കാദമിക് നിരൂപകർ പറഞ്ഞപ്പോഴും അവരുടെ കവിതകൾ തിരമാലകളായി കേൾവിക്കാരെയും വായനക്കാരെയും കീഴടക്കിയത്. ക്ഷീണിച്ച‌് വരണ്ടുപോകുന്ന അവസ്ഥ കോറിയിടുന്ന കവിതയാണ് ‘കാലം (time)'. അതിന്റെ രചന, രൂപശില്പം, ചിത്രങ്ങളിലേക്കുള്ള പ്രസരണം എന്നിവ ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും.
.jpg)
rise
said the moon
and the new day came
the show must go on said the sun
life does not stop for anybody
it drags you by the legs
whether you want to move forward or not
that is the gift
life will force you to forget how you long for them
your skin will shed till there is not
a single part of you left they’ve touched
your eyes finally just your eyes
not the eyes which held them
you will make it to the end
of what is only the beginning
go on
open the door to the rest of it
- time
മറ്റൊരു കവിതയിൽ തരളമാകുന്ന സ‌്ത്രീജീവിതത്തിന്റെ പൊരുൾ രൂപി കൗർ കണ്ടെത്തുന്നത് രണ്ടു വരികളിലാണ്:
it is a trillion -dollar industry that would collapse
if we believed we were beautiful enough already









0 comments