കാലവും കാവ്യാനുഭവങ്ങളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 06, 2018, 07:09 AM | 0 min read

വാക്കുകൾ വെറും കുമിളകളാകുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് സ്‌നേഹം വെറും പ്രദർശനവസ്തുവും ആദർശപ്രസംഗ വിഷയവുമായിത്തീർന്നിരുന്നു. ആവിഷ്‌കാരങ്ങൾക്ക് ആഴമുണ്ടായിരുന്നില്ല. ആഗോളവൽക്കരണത്തിന്റെ തീക്കാറ്റ് പടർന്നുതുടങ്ങിയിരുന്നു. സ്വാർഥമല്ലാതെ മറ്റൊന്നും യാഥാർഥ്യമല്ലെന്ന് ആളുകൾ ധരിച്ചുവശായി. പൊള്ളയായ ആ കാലത്തോട് ഞാൻ പ്രതികരിച്ചത് വാക്കുകളെ ആഘോഷിക്കാതെ ന്യൂനോക്തിയിൽ അഭയം തേടിക്കൊണ്ടാണ്.
 
ഒറ്റയൊറ്റയായി അനുഭവങ്ങളെ വേർതിരിച്ചുകാണാൻ ആകില്ല. ജീവിതം എന്ന തുടർച്ചയിൽ അവ കയറിയിറങ്ങി ലയിച്ചു ചേർന്ന് കിടക്കുകയല്ലേ. എങ്കിലും അക്ഷരപ്പിച്ച നടക്കുമ്പോൾ കൈപിടിച്ച ചില അധ്യാപകരാണ് ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്നത്. ഒപ്പം ഒട്ടും ആഡംബരമില്ലാത്ത എന്റെ ചെറിയ പ്രൈമറി വിദ്യാലയവും. പട്ടാമ്പി കീഴായൂർ ഗവ. യുപി സ്‌കൂൾ എനിക്ക് പക്ഷേ മഹാസർവകലാശാല! കാരണം കവിത ഹൃദയത്തിന്റെ അഗാധതകളിലേക്കിറങ്ങുന്നതാണെന്ന് ഞാനറിഞ്ഞത് അവിടെയാണ്. വാക്കുകൾ വെറും അക്ഷരക്കൂട്ടങ്ങളല്ലെന്ന്, അതിൽ ആഹ്ലാദവും വേദനയും നിറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കിത്തന്നത് എന്റെ കുഞ്ഞുവിദ്യാലയത്തിലെ ക്ലാസ് മുറികളാണ്. നന്നായി കവിത ചൊല്ലി കേൾപ്പിച്ചിരുന്ന സുമതി ടീച്ചറെയും ലക്ഷ്മിക്കുട്ടി ടീച്ചറെയും മറക്കുന്നതെങ്ങനെ. ഓരോ കുട്ടിയിലും എന്തൊക്കെ കഴിവുകളുണ്ടെന്ന് ഖനനം ചെയ്‌തെടുത്ത പരമേശ്വരൻ മാഷിനെ വിദ്യാഭ്യാസ ദാർശനികനായി ആരും കണ്ടിരുന്നില്ലെങ്കിലും പതിറ്റാണ്ടുകൾക്കിപ്പുറംനിന്ന് എന്റെ എളിയ രചനാജീവിതത്തിൽ ആരോടൊക്കെ കടപ്പാടുകളുണ്ടെന്ന് വെറുതെ ചിന്തിക്കുമ്പോൾ ആ ഗുരുനാഥന്റെ മുഖം മിഴിവോടെ തെളിഞ്ഞുവരുന്നു.
 
പി രാമൻപട്ടാമ്പി കോളേജ് ഒട്ടേറെ പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. അങ്ങനെ ഒരു കലാലയത്തിൽ പ്രീഡിഗ്രി വിദ്യാർഥിയായി ചേരുമ്പോൾ വളരെയൊന്നും മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ, പി വി ശശികുമാർ എന്ന മലയാളം അധ്യാപകൻ തന്റെ വിസ്മയകരമായ സാമർഥ്യംകൊണ്ട് ഞങ്ങളിൽ നിറഞ്ഞു. ഞാനോർക്കുന്നു, ഒന്നാംവർഷ പ്രീഡിഗ്രിക്ക് അദ്ദേഹം ഈഡിപ്പസ് രാജാവിന്റെ മനോവ്യാപാരങ്ങളെ ഞങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച ഓരോ വാക്കും ഷേക്‌സ്പിയർ നാടകങ്ങളുടെ അനന്തമായ വ്യാഖ്യാനസാധ്യതകൾ കാട്ടിത്തന്ന വിജയരാഘവൻസാർ.
 
എന്തുകൊണ്ട് ഈ ഇംഗ്ലിഷ് അധ്യാപകരെപ്പറ്റി വാചാലനാകുന്നു എന്നു ചോദിച്ചാൽ പത്താംക്ലാസുവരെ വെറും ശരാശരിക്കാരനായി മലയാളം മീഡിയത്തിൽ പഠിച്ച ഒരു കുട്ടി കോളേജിലെത്തുമ്പോൾ അനുഭവിക്കുന്ന സംഘർഷത്തെ ഒരു തൂവൽപോലെയാക്കി തീർത്തവരെപ്പറ്റി വാചാലനാകുന്നതിൽ തെറ്റുണ്ടോ എന്ന് എന്റെ മറുചോദ്യം. സുജാതദേവി ടീച്ചർ ക്ലാസ് മുറിക്ക് പുറത്ത് എന്റെ പ്രിയ അധ്യാപികയായി. ഇംഗ്ലിഷ് റൊമാന്റിക് കവിതകളുടെ സൗന്ദര്യത്തിലേക്ക് അവർ നയിച്ചു. പുതിയ യൂറോപ്യൻ കവിതകൾ പരിചയപ്പെടുത്തി.
 
ഇങ്ങനെയൊക്കെ എഴുതാമല്ലോ എന്ന മനസ്സിലാക്കുന്നത് ആ കവിതകളിലൂടെ. എഴുത്തിനെ ഗൗരവപൂർവം സമീപിച്ചുതുടങ്ങി. അപ്പോഴാണ് വാക്കും പ്രവൃത്തിയും മോരും മുതിരയും പോലെ വേർതിരിയുന്ന ജീവിതങ്ങൾ കണ്ടുമടുത്തത്. ലളിതമായി പറയാം. സ്ത്രീധനത്തിനെതിരായി പ്രസംഗിക്കുക, സ്ത്രീധനം വാങ്ങിവിവാഹംചെയ്യുക. കൈക്കൂലിക്കെതിരെ സംസാരിക്കുക, കൈക്കൂലിനൽകി ജോലി സമ്പാദിച്ച് മിടുക്കനാകുക. ഇതൊക്കെ സമൂഹത്തിന്റെ നടപ്പുരീതികളായി. ജാതകവും ജാതിയും നോക്കി ജീവിക്കുന്നവരെ കണ്ടുമടുത്തു. അങ്ങനെയാണ് എന്റെ പരിമിതികളെപ്പറ്റി എഴുതാൻ തീരുമാനിച്ചത്. ജീവിതത്തിന്റെ സാധ്യതകൾ തിരയാൻ മറ്റുള്ളവർ താൽപ്പര്യം കാട്ടിയപ്പോൾ ഞാൻ എതിർദിശയിൽ നടന്നു. അതിന് ഏറെ വിമർശനവും കേട്ടു. അവനവനിലേക്ക് തിരിയുന്നു, ആത്മരതി, അരാഷ്ട്രീയത തുടങ്ങി എന്റെ ആദ്യ സമാഹാരത്തിൽ തറച്ച ശരങ്ങൾ അനവധി.
 
നിരന്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കലാണ് ഏത് എഴുത്തുകാരനും നവീകരിക്കപ്പെടാനുള്ള വഴി. ഒരേ രീതിയിൽ എഴുതിപ്പോകുന്നതിന്റെ ഭാരം എനിക്കും അനുഭവപ്പെട്ടുതുടങ്ങി. ആവർത്തനങ്ങൾ! അതൊരു ദുരന്തമാണ്. പുതിയ വിഷയങ്ങളിലേക്ക് കവിത പടരണമെന്ന് മനസ്സ് നിശ്ചയിച്ചിട്ടുണ്ടാകണം. ഒപ്പം എന്റെ കവിത കുറേക്കൂടി അയഞ്ഞു. പുതിയ പ്രമേയതലങ്ങളിലേക്ക് വികസിച്ചു. ഒപ്പം എന്നെത്തന്നെ അഴിച്ചിടണമെന്ന് തോന്നി. ബോധപൂർവം ചുരുക്കേണ്ട. തോന്നും പോലെ എഴുതണം. അടുത്ത കാലത്ത് എഴുതിയ കവിതകൾ എല്ലാം ഈയൊരു മാനസികാവസ്ഥയിൽനിന്ന് ഉയിർക്കൊണ്ടതാണ്. ഭൗതികപ്രശ്‌നങ്ങളിലുള്ള ആകുലതകൾ എഴുത്തുകാരൻ പങ്കുവയ്‌ക്കേണ്ടതുണ്ടെന്ന തിരിച്ചറിവ് വലുതായിരുന്നു. എന്റെ കവിതകളെ വിലയിരുത്തേണ്ടത് ഞാനല്ല, വായനക്കാരും പിന്നെ കാലവുമാണ്.
 
എല്ലാവരുടെയും ശബ്ദം കേൾക്കാൻ കഴിയുന്ന ലോകം നമുക്ക് നഷ്ടമായിക്കൂടാ. നവോത്ഥാനമൂല്യങ്ങൾ നഷ്ടമാകുന്നത് വളരെ ആശങ്കയോടെയാണ് കാണുന്നത്. സൂക്ഷ്മ സംവേദനക്ഷമതയുള്ള പൊതുമാധ്യമമായി സാഹിത്യം മാറുമെന്നും കൂടുതൽ സൗന്ദര്യമുള്ള ലോകം പിറവികൊള്ളുമെന്നും നമുക്ക് സ്വപ്‌നം കാണാം.


deshabhimani section

Related News

View More
0 comments
Sort by

Home