ഖദര്‍ സംഘി

പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നുകേട്ടാല്‍ 'മില്‍മ'യെ ഓര്‍മവരുന്ന ഒരു കാലമുണ്ടായിരുന്നു. മില്‍മയുടെ സ്ഥിരം അധ്യക്ഷനായി കഴിഞ്ഞുകൂടുന്നതിനിടെ ഇടക്കാലത്ത് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തി. അതൊഴിച്ചാല്‍ മില്‍മയ്ക്കും പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുമായിരുന്നു പ്രയാറിന്റെ തലോടലേല്‍ക്കാന്‍ ഭാഗ്യം. കൊല്ലത്തെ കെഎസ്യു ആയിരുന്നു, ഇന്നും കെപിസിസി അംഗമാണ് എന്നതൊന്നുമല്ല പ്രയാറിന്റെ വിശേഷം. കാലാവധി രണ്ടുവര്‍ഷമാക്കി ചുരുക്കിയപ്പോള്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷപദം നഷ്ടമായതുമല്ല. അതിലെല്ലാമുപരിയായി സ്വയം അദ്ദേഹം ഒരു പ്രതീകമായി ഉയര്‍ന്നിരിക്കുന്നു. കേരളത്തിലെ രണ്ട് രാഷ്ട്രീയകക്ഷികളെ ഒന്നിപ്പിക്കുന്ന ബിന്ദുവായി സ്വയം സമര്‍പ്പിച്ചിരിക്കുന്നു. എ കെ ആന്റണിയുടെ വാക്കുകള്‍ പകല്‍ കോണ്‍ഗ്രസും ഇരുട്ടില്‍ ആര്‍എസ്എസുമാകുന്ന ഖദര്‍ധാരികളെക്കുറിച്ചായിരുന്നെങ്കില്‍, രാത്രിയും പകലും ആര്‍എസ്എസ് ആകാന്‍ മടിയില്ലാത്തവരും കോണ്‍ഗ്രസിലുണ്ടെന്നും അതിലൊന്ന് താന്‍തന്നെയെന്നും പ്രവൃത്തികൊണ്ട് തെളിയിച്ചതാണ് പ്രയാര്‍ കേരളരാഷ്ട്രീയത്തിന് നല്‍കിയ അമൂല്യസംഭാവന. അതിലും ഉപരിയായി, രണ്ട് രാഷ്ട്രീയനേതൃത്വങ്ങള്‍ തമ്മിലുള്ള അന്തര്‍ധാര അരക്കിട്ടുറപ്പിക്കുന്നതിനും പ്രയാര്‍ നിമിത്തമായി. പ്രയാറിന് ഒരുകൊല്ലംകൂടി ദേവസ്വം അധികാരം നീട്ടിക്കൊടുക്കണമെന്ന് ഒരേസ്വരത്തില്‍, ഒരേ വാക്കുകളിലൂടെ ഗവര്‍ണര്‍ക്കുമുമ്പാകെ 'പ്രെയര്‍' ചെയ്തത് രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനുമാണ്. സമകാലികസാഹചര്യത്തില്‍ ഹൈന്ദവ ഐക്യം അനിവാര്യമാണെന്ന് ഉദ്ഘോഷിച്ച പ്രയാറിന് കുമ്മനത്തിന്റെയും ചെന്നിത്തലയുടെയും ഐക്യദാര്‍ഢ്യം.
.jpg)
മണ്ണാറശാലയിലെത്തി മഞ്ഞള്‍ തുലാഭാരം നടത്തിയാണ് പ്രയാര്‍ ദേവസ്വം അധികാരം വിട്ടൊഴിഞ്ഞത്. മഞ്ഞയോട് എന്നും പ്രണയമുണ്ട്. തായ്ലന്‍ഡിലെ നിശാജീവിതത്തെക്കുറിച്ചും നല്ല ജ്ഞാനമാണ്. സ്ത്രീകളെ കണ്ടാല്‍ അദ്ദേഹത്തിന് എന്തുതോന്നും എന്ന് മറയില്ലാതെ പറഞ്ഞിട്ടുണ്ട്. 'വിനോദസഞ്ചാരകേന്ദ്രമായ തായ്ലന്‍ഡില്‍ ആര്‍ക്കും പോകാമെന്നതുപോലെയല്ല ശബരിമല യാത്ര. അത്തരം കാര്യങ്ങള്‍ അനുവദിക്കില്ല. ശബരിമലയിലെ സ്ത്രീപ്രവേശം ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. കോടതിവിധി ഉണ്ടായാലും മാനവും മര്യാദയുമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ പോകില്ല.'' ഇതായിരുന്നു പ്രയാറിന്റെ വാക്കുകള്‍. അതായത്, സ്ത്രീ ക്ഷേത്രത്തിലെത്തിയാല്‍ ശബരിമല തായ്ലന്‍ഡാകുമെന്ന്. പമ്പയില്‍ സ്ത്രീകള്‍ കുളിക്കുന്നത് നിരോധിക്കണമെന്നും ശബരിമലയില്‍ ആര്‍ത്തവപരിശോധനയ്ക്കുള്ള യന്ത്രം സ്ഥാപിക്കണം എന്നുവരെയും പറഞ്ഞിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ ബന്ധുക്കളായ സ്ത്രീകള്‍ പമ്പയില്‍ ഇറങ്ങിക്കുളിക്കുന്നത് തടയുമെന്നാണ്, രാജ്യത്തിന്റെ ഭരണാധികാരിയുടെ അഹന്തയോടെ പ്രയാര്‍ പറഞ്ഞുകളഞ്ഞത്. പിക്നിക്കിന് പോകുന്നതുപോലെയാണ് സ്ത്രീകള്‍ പമ്പയില്‍ എത്തുന്നതത്രെ. ശബരിമലയിലെ സിസിടിവി ദൃശ്യങ്ങള്‍ തത്സമയം പുറത്തുവിട്ട് സുരക്ഷാഭീഷണി സൃഷ്ടിച്ചതും ശബരിമല ക്ഷേത്രത്തിന്റെ പേരുതന്നെ മാറ്റിക്കളഞ്ഞതും പ്രയാറിന്റെ മറ്റുചില വിനോദങ്ങള്‍.
ചെന്നിത്തലയെക്കാള്‍ കടുത്ത ആര്‍എസ്എസ് ബന്ധമുണ്ട്. കോണ്‍ഗ്രസിലിരുന്ന് ആര്‍എസ്എസിനെ സേവിക്കുന്നതില്‍ ഒരു മടിയും കാണിച്ചിട്ടില്ല ഒരിക്കലും. ആര്‍എസ്എസ് ഒരു ‘ഭക്തസംഘടനയാണെന്നാണ് പ്രയാറിന്റെ വാദം. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാപ്രവര്‍ത്തനം നടത്തുന്നതിനെ എതിര്‍ക്കില്ല എന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. സ്വമനസ്സിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയായിട്ടാണ് കെപിസിസി അംഗത്വത്തെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയെയും പ്രയാര്‍ കണ്ടത്. വെറും വര്‍ത്തമാനമല്ല. ക്ഷേത്രങ്ങളോടനുബന്ധിച്ച് ബോര്‍ഡ് ചെലവില്‍ ആര്‍എസ്എസിന് സകല സൌകര്യങ്ങളുമൊരുക്കുന്നതില്‍ മുന്നില്‍ത്തന്നെ നിന്നു.
സംഘപരിവാര്‍ ഏത് അജന്‍ഡയെടുത്താലും പിന്തുണയുമായി പ്രയാര്‍ ഉണ്ടാകും. തിരുവോണദിവസം വാമനജയന്തി ആഘോഷം നടത്തുന്നതിനെ പിന്തുണച്ചാണ് ഒരിക്കല്‍ അവതരിച്ചത്. ഓണം വാമനജയന്തി ആയി ആഘോഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്താണ് ആദ്യം പറഞ്ഞത്. അതിനെ പിന്തുണച്ച് പ്രയാര്‍ ചാടിവീണു. വിഷ്ണുവിന്റെ മനുഷ്യരൂപ അവതാരമായ വാമനനെക്കുറിച്ച് 'സത്യവിരുദ്ധ'മായ കഥകളാണ് പ്രചരിക്കുന്നത് എന്ന് സങ്കടപ്പെട്ട പ്രയാര്‍, വാമനപുരാണം അനുസരിച്ച് മഹാബലിയുടെ സദ്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വിശ്വരൂപം കൈക്കൊണ്ട് അദ്ദേഹത്തെ സുതലമെന്ന പാതാളരാജ്യത്ത് കുടുംബസമേതം താമസിക്കാന്‍ അനുഗ്രഹിക്കുകയായിരുന്നതുകൊണ്ട് തിരുവോണനാള്‍ വാമനജയന്തിയായി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് വാദിച്ചത്്.
ഒടുവില്‍ പ്രയാര്‍ ബോര്‍ഡ് അധ്യക്ഷപദവിയില്‍നിന്നിറങ്ങി. ഇനി കെപിസിസി ഓഫീസിലാണോ ആര്‍എസ്എസ് ആസ്ഥാനത്താണോ കണ്ടുമുട്ടുക എന്ന് തീര്‍ച്ചപ്പെടുത്താനാകില്ല. ഒരുകാര്യത്തിലേ തീര്‍ച്ചയുള്ളൂ അദ്ദേഹത്തിന് കുമ്മനത്തിന്റെയും ചെന്നിത്തലയുടെയും പാറപോലെ ഉറച്ച പിന്തുണയുണ്ട്.









0 comments