1971. അന്നാണ് എക്സൈന്‍ ഷുയി എന്ന ചൈനീസ് സുന്ദരിയെക്കുറിച്ച് ലോകമറിഞ്ഞത്. തന്റെ മുപ്പതാം വയസ്സില്‍ അതീവ സുന്ദരിയായിരുന്ന അവര്‍ ഇന്ന് തൊലിയാകെ ചുക്കിച്ചുളിഞ്ഞ് കോലംകെട്ട അവസ്ഥയിലായിരിക്കുന്നു. ലേഡി ഡയ എന്നറിയപ്പെടുന്ന അവര്‍ക്കിന്ന് 2100ല്‍ അധികം വയസ്സ് പ്രായം ഉണ്ടാവണം.ചൈനയില്‍ കണ്ടെത്തിയ ഏറ്റവും പഴക്കംചെന്ന മമ്മി. അന്നത്തെ വാര്‍ധക്യമായ അമ്പതു വയസ്സില്‍ മരണപ്പെട്ടു. മൃതദേഹം ചെറിയൊരു പേടകത്തില്‍ അടച്ചു; അത് കുറേക്കൂടി വലുതിലാക്കി, പിന്നീട് അതിലും വലുതില്‍. അങ്ങനെ വളരെ വലുതായ പെട്ടകത്തില്‍ അമ്പതടി താഴ്ചയിലാണ് മൃതദേഹം അന്തിമമായി വിശ്രമിക്കുന്നത്. അഞ്ചു ടണ്‍ കരിയും മണ്ണും ചുറ്റിലും; ജീവിതത്തില്‍ അവര്‍ക്കിഷ്ടപ്പെട്ട എല്ലാ ഭക്ഷണങ്ങളും പ്രത്യേകം സജ്ജീകരിച്ച പേടകങ്ങളില്‍ ഒപ്പം വച്ചിരുന്നു.
ആഗ്രഹങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകാം; എന്നാല്‍ എല്ലാ മനുഷ്യരുടെയും ഉള്ളില്‍ അനശ്വരത എന്ന സങ്കല്‍പ്പമുണ്ട്. വലിയ വീടുകള്‍, പ്രസ്ഥാനങ്ങള്‍, സംരംഭങ്ങള്‍ അങ്ങനെയെന്തുമാകട്ടെ, നാം കെട്ടിപ്പടുക്കുന്ന എന്തും മരണത്തെ അതിജീവിക്കുകയെന്ന ചിന്തയുമായി ബന്ധപ്പെട്ടതാണ്. ജീവിതകാലത്തെ പല പ്രവര്‍ത്തനങ്ങളുടെ പിന്നിലെയും ചാലകശക്തി അമരത്വം സിദ്ധിക്കാനുള്ള ആന്തരികപ്രചോദനം (ാീശ്േമശീിേ) തന്നെ. മരണത്തിനുശേഷം നമ്മള്‍ സമ്പൂര്‍ണമായി വിസ്മൃതിയിലാകുമെന്ന് ചിന്തിക്കാന്‍ പോലും സാധ്യമല്ല; നമ്മുടെ ചിന്തകള്‍, നമ്മെക്കുറിച്ചുള്ള ഓര്‍മകള്‍, അടയാളങ്ങള്‍ അങ്ങനെ എല്ലാം മരണത്തോടെ അപ്രത്യക്ഷമാകുന്ന അവസ്ഥ സത്യത്തില്‍ ആരുടെയും മനസ്സില്‍ ഇല്ല. നാമില്ലാതായശേഷവും നമ്മുടെ സാന്നിധ്യത്തിന്റെ ശേഷിപ്പുകള്‍ സജീവമാക്കും വിധമാണ് ജീവിക്കുമ്പോള്‍ നാം പ്രവര്‍ത്തിക്കുന്നതും.
നമ്മുടെ എല്ലാ പ്രവൃത്തികളെയും മുന്നോട്ടുകൊണ്ടുപോകുന്നത് സജീവമായ ആന്തരികപ്രചോദന (ാീശ്േമശീിേ) മാണ്. ഇതിനു വേണ്ടുന്ന ഊര്‍ജവും ഓജസ്സും വ്യക്തിയുടെ മാനസിക വ്യാപാരങ്ങളായതിനാല്‍ മറ്റുള്ളവര്‍ക്ക് കൃത്യമായി നിര്‍ണയിക്കാനാവില്ലല്ലോ. വ്യക്തിഗതവും നിഗൂഢവുമായ യുക്തികള്‍ മോട്ടിവേഷനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത് കണ്ടെത്തുകയാണ് ഡാന്‍ ഏറിയലി തന്റെ 'പേഓഫ്' എന്ന പുസ്തകത്തില്‍. (Dan Ariely Payoff: The Hidden Logic that Shapes Our Motivations, 2016 Simon & Schuster/ TED Books). പേഓഫ് എന്ന വാക്കിന് ഒന്നില്‍ കൂടുതല്‍ അര്‍ഥങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നു- ഇവിടെ നിക്ഷേപലാഭം, അന്തിമഫലം എന്നിവയാണ് ഏറ്റവും യോജിച്ചുകാണുന്നത്. നേഴ്സറി സ്കൂളുമുതല്‍ കൂറ്റന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍വരെ പേഓഫ് സങ്കല്‍പ്പം യാഥാര്‍ഥ്യമാണ്.
.jpg)
മോട്ടിവേഷന്‍ നമ്മെക്കൊണ്ട് പലതും വിജയകരമായി ചെയ്യിപ്പിക്കുന്നുവെങ്കില്‍ അതേക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതായുണ്ട്. ഏറിയലി പറയുന്നത്, ചെയ്യാനുള്ള എന്തുകാര്യമായാലും, അതിന്റെ പിന്നിലെ താല്‍പ്പര്യങ്ങളും പ്രാധാന്യവും ഒരു പ്രചോദനമായി നമ്മുടെ മനസ്സില്‍ എത്തുമ്പോഴാണ് മോട്ടിവേഷന്‍ ഉണ്ടാകുന്നത്. അങ്ങിനൊരു സാഹചര്യമൊരുക്കാന്‍ നിരവധി ഘടകങ്ങള്‍ വേണം; അതിലൊന്നുമാത്രമാണ് പണം (വേതനം). തുല്യ പ്രാധാന്യമുള്ള മറ്റനേകം ഘടകങ്ങള്‍ വേറെയുണ്ട്. ഉല്പാദനക്ഷമതയുമായി ബന്ധിച്ച ബോണസ് പോലുള്ള പ്രേരകഘടകങ്ങള്‍ ദീര്‍ഘകാലത്തില്‍ നിഷ്ഫലമാകുന്നതെങ്ങിനെ എന്ന് അദ്ദേഹം പഠനങ്ങളിലൂടെ സമര്‍ഥിക്കുന്നു.
നാം ചെയ്യുന്ന തൊഴില്‍ ഏതുരീതിയിലാണ് അന്തിമദശയിലെത്തുന്നതെന്നു അറിയാന്‍ ഏതൊരാള്‍ക്കും ആഗ്രഹമുണ്ടാകും. ഏറ്റെടുക്കുന്ന ദൌത്യത്തിന്റെ പൂര്‍ത്തീകരണമാണ് നമ്മില്‍ മോട്ടിവേഷന്‍ ഉത്തേജിപ്പിക്കുന്നത്. ആദം സ്മിത്ത് തൊഴിലിനെ സങ്കല്‍പ്പിച്ചത് വിപരീത ദിശയിലാണ്. ആണി ഉല്‍പ്പാദനശാലയില്‍ നിര്‍മാണത്തിന്റെ എല്ലാ ഘട്ടവും ഒരാള്‍ തന്നെ ചെയ്താല്‍ ഉല്‍പ്പാദനക്ഷമത കുറയുമെന്നും ഒരു വ്യക്തിക്ക് നിര്‍മാണത്തിന്റെ ഒരുഘട്ടം മാത്രമായി പരിമിതപ്പെടുത്തിയാല്‍ ഉല്‍പ്പാദനം മെച്ചപ്പെടുമെന്നും അദ്ദേഹം കണ്ടെത്തി. നൂറ്റാണ്ടുകളോളമായി ഇത് ഉല്‍പ്പാദന മാനേജ്മെന്റ് സിദ്ധാന്തമായി നിലനില്‍ക്കുന്നു. പിന്നീടുവന്ന മാര്‍ക്സിയന്‍ തത്വശാസ്ത്രത്തില്‍ തൊഴിലാളി തന്റെ തൊഴിലിന്റെ പ്രാധാന്യം, അതിലൂടെ സമൂഹത്തിലെത്തുന്ന ഉല്‍പ്പന്നത്തിന്റെ സ്വഭാവം എന്നിവ അറിയുന്നതാണ് നല്ലതെന്ന അഭിപ്രായം ശക്തമായിരുന്നു. ഏറിയലിയുടെ പഠനങ്ങളിലും രണ്ടാമത്തെ നിലപാടാണ് മെച്ചം എന്ന് തിരിച്ചറിഞ്ഞു.
മറ്റൊരു ശ്രദ്ധേയമായ കാര്യം പ്രവര്‍ത്തനക്ഷമരായ ജീവനക്കാരുടെ മോട്ടിവേഷന്‍ ഇല്ലാതാക്കാന്‍ പൊതുവെ എളുപ്പമാണ്. നാം ജോലി എടുക്കുന്ന സ്ഥാപനത്തിന്റെ മേന്മ, നമ്മുടെ ജോലിയുടെ (അതെത്ര നിസ്സാരമായാലും) പ്രാധാന്യം, അതിന് സമൂഹത്തിന്മേലുള്ള സ്വാധീനം എന്നിവയിലൂടെയാണ് നാം നമ്മെത്തന്നെ പൊതുരംഗത്ത് അടയാളപ്പെടുത്തുന്നത്. വേതനത്തെപ്പോലെതന്നെ പ്രധാനമാണ് ഇവ. സോഫ്റ്റവെയര്‍ കമ്പനിയില്‍ ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും എന്‍ജിനിര്‍മാരെ സങ്കല്‍പ്പിക്കുക; അവര്‍ കഷ്ടപ്പെട്ട് പ്രൊജക്ട് പൂര്‍ത്തിയാക്കാറാകുമ്പോള്‍ വകുപ്പധ്യക്ഷന്റെ അറിയിപ്പെത്തുന്നു, 'പ്രൊജക്ട് ഉപേക്ഷിക്കുക, ഇതുവരെയുള്ള നഷ്ടം കമ്പനി എഴുതിത്തള്ളാം'. ഈ പ്രസ്താവം ജോലിയില്‍ വ്യാപൃതരായിരുന്നവരുടെ മോട്ടിവേഷന്‍ തകര്‍ക്കും; കാരണം അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം പ്രൊജക്ടിനു വേണ്ടി സമര്‍പ്പിച്ചിരുന്നതാണ്, സ്വന്തം വീട്ടിലും ചുറ്റുമുള്ളവരിലും പ്രോജക്ടിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിലവരുടെ പങ്കിനെക്കുറിച്ചും വാചാലമായിട്ടുണ്ടാകാം. പൊടുന്നനെ എല്ലാം തകര്‍ന്നുപോകുമ്പോള്‍ തങ്ങള്‍ ജീവിച്ച കാലഘട്ടം തന്നെ ഇല്ലാതാകും പോലെ തോന്നും. ഈ തകര്‍ച്ച ബോണസ് നല്‍കി പരിഹരിക്കാനാവില്ല. പ്രധാന തസ്തികകളില്‍നിന്ന് പലരും രാജിവച്ചു പോകുന്നത് പലപ്പോഴും ഇത്തരം പ്രതിസന്ധി സമയത്തുതന്നെ.
നാം ജീവിതത്തില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മോട്ടിവേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാഹ്യവും ആന്തരികവുമായ ഘടകങ്ങളുണ്ട് മോട്ടിവേഷന്. ഒരു ജോലിക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ കൂടുതലും ബാഹ്യ പ്രചോദനങ്ങളാകും ശക്തം. എത്രയാവും ശമ്പളം? എന്തെല്ലാമാകും മറ്റു സാഹചര്യങ്ങള്‍? എന്നാല്‍ യഥാര്‍ഥത്തില്‍ ജോലി ആരംഭിച്ചുകഴിഞ്ഞാല്‍ ആന്തരിക പ്രചോദനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ജോലിയുടെ പ്രാധാന്യം,അത് നമുക്ക് നല്‍കുന്ന സന്തോഷം അങ്ങനെ...
ഇഫയ്റ (ഇപ്പോള്‍ കോറിന്ത്) യിലെ രാജാവായിരുന്ന സിസിഫസ് ഒരിക്കല്‍ ശിക്ഷയ്ക്ക് വിധേയനായി. ഗ്രീക്ക് പുരാണത്തിലെ ഇക്കഥ നമ്മുടെ നാറാണത്തു ഭ്രാന്തന്റേതുമായി സാമ്യമുണ്ട്. വലിയ ഒരു ഉരുളന്‍ കല്ല് മലക്കുമേല്‍ എത്തിച്ചശേഷം താഴേക്കുരുട്ടി വിടുക. പിന്നെ ആവര്‍ത്തനം. നമ്മുടെ പല പ്രവര്‍ത്തനങ്ങളിലും അര്‍ഥശൂന്യമായ എന്തെങ്കിലും ഘടകമുണ്ടാകും. എന്നാല്‍ പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്നതിലാണ് ജീവിതത്തിന്റെ പ്രസരിപ്പ് നിലകൊള്ളുന്നത്. ചെറുതെങ്കിലും കനത്ത ആശയം നമ്മുടെ മനസ്സില്‍ കോറിയിടുന്ന ഈ പുസ്തകം ചെയ്യുന്നതതാണ്.
0 comments