മധു സാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2017, 03:16 PM | 0 min read

പാറശാല ജയചന്ദ്ര തിയറ്റര്‍. അച്ഛനും അമ്മയ്ക്കുമൊപ്പം സിനിമ കാണുകയാണ്. 'തുറക്കാത്ത വാതില്‍' (വളരെ പഴയ ഓര്‍മയാണ്). ചെറിയ പ്രായത്തില്‍ നമുക്ക് സിനിമയുടെ കഥാഗതി ഒന്നും പിടികിട്ടില്ലല്ലോ. കഥാപാത്രങ്ങള്‍ ചില രംഗങ്ങള്‍... അതിലൊക്കെ മുഴുകി അങ്ങനെ ഇരിക്കുകയാണ്. അപ്പോള്‍ പിറകില്‍നിന്ന് ആരോ അടുത്തിരിക്കുന്ന ആളോട് പറയുന്നു:
''മധുവിന്റെ അഭിനയം''
സ്‌ക്രീനില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്ന ആളിന്റെ പേര് മധു എന്നാണെന്ന് മനസ്സിലായി. ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു... പിറകിലെ അജ്ഞാതന്‍ പറഞ്ഞ അഭിപ്രായം ശരിയാണല്ലോ എന്ന് എനിക്ക് തോന്നിത്തുടങ്ങി. ഒരാള്‍ മരിച്ച കാര്യമൊക്കെയാണ് മധു എന്ന ആള് പറയുന്നത്. എന്റെയും കണ്ണ് അറിയാതെ നിറയുമ്പോലൊരു തോന്നല്‍ (മരിച്ചയാള്‍ പ്രേംനസീറാണെന്നൊക്കെ പിന്നീട് മനസ്സിലായി). അദ്ദേഹം നിസ്സഹായനായി ആരോടൊക്കെയോ പല കാര്യങ്ങളും പറയുന്നു. പാവം! എന്ന് എന്റെ മനസ്സും അറിയാതെ പറഞ്ഞുപോയി. സിനിമ കഴിഞ്ഞ് കുറെ ദിവസങ്ങള്‍ ചെന്നിട്ടും 'തുറക്കാത്ത വാതില്‍' എന്റെകൂടെയുണ്ടായിരുന്നു. പിന്നീടാണ്, തുറക്കാത്ത വാതിലിനും വളരെ മുമ്പേതന്നെ ഇറങ്ങിയ 'ഭാര്‍ഗവീനിലയം' കാണുന്നത്... അതിനുശേഷം മുറപ്പെണ്ണ്... സിന്ദൂരച്ചെപ്പ്... സിന്ദൂരച്ചെപ്പില്‍ ആനപ്പാപ്പാന്‍ ശങ്കരന്‍നായരുടെ തകര്‍ച്ചകണ്ട് ജയചന്ദ്രാ തിയറ്ററിലിരുന്ന് ഞാന്‍ അടുത്തിരുന്ന അനുജനോട് പറഞ്ഞുപോയി:
''മധുവിന്റെ അഭിനയം'' (പൊതുജനമായി നില്‍ക്കുമ്പോള്‍ എത്ര വലിയ താരങ്ങളെയും രാഷ്ട്രീയനേതാക്കളെയും നമ്മള്‍ പേരുമാത്രം പറഞ്ഞ് വിളിക്കുന്നത് നിസ്സാരവല്‍ക്കരിച്ചിട്ടല്ല. ആ പേര് പൊതുസ്വത്തുപോലെ കരുതിയിട്ടാണ്)

നസീര്‍ സാര്‍ മധു സാര്‍

സിനിമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നായകനടന്മാരെ ഏട്ടന്റെ സ്ഥാനം നല്‍കിയാണ് അധികവും സംബോധനചെയ്യുന്നത്. ലാലേട്ടന്‍, മമ്മുക്ക, സുകുവേട്ടന്‍ (സുകുമാരന്‍), സോമേട്ടന്‍, തിക്കുറിശ്ശി ചേട്ടന്‍, കൊട്ടാരക്കരച്ചേട്ടന്‍.... എന്നാല്‍, രണ്ട് നായകനടന്മാരെ സ്‌നേഹാദരങ്ങളോടെ സാര്‍ എന്ന് വിളിക്കുന്നു. നസീര്‍ സാര്‍, മധു സാര്‍. രണ്ടുപേരും അക്ഷരാര്‍ഥത്തില്‍ മലയാളസിനിമയുടെ രണ്ട് ശാഖയുടെ സ്‌കൂളിലെ സാറന്മാര്‍ (അധ്യാപകര്‍) തന്നെയാണ്. മറ്റുള്ളവരില്‍ ആദരവും സ്‌നേഹവും ഉണ്ടാക്കുക, അവര്‍ക്ക് പല കാര്യങ്ങളിലും മാതൃകയാകുക, പുതിയ കാര്യങ്ങള്‍ പഠിപ്പിക്കുക, വഴിതെളിച്ചുകൊടുക്കുക തുടങ്ങിയവയാണല്ലോ അധ്യാപകര്‍ ചെയ്യേണ്ടത്. എന്റര്‍ടൈനര്‍ ശാഖയുടെ ഒരു തൂണായി പ്രേംനസീര്‍ നിന്നപ്പോള്‍ കലയും അഭിനയപ്രാധാന്യമുള്ള റോളുകളുമായി മധു എന്ന മധുസാറും മലയാളസിനിമയിലെ ശക്തിയായി. തമിഴില്‍ എം ജി ആര്‍ശിവാജി ഗണേന്മശന്മാരുടെ മലയാള രൂപാന്തരമായിട്ടാണ് എനിക്ക് പ്രേംനസീര്‍മധുമാരെ തോന്നിയിട്ടുള്ളത്.

ഇമേജിന്റെ ഭാരമില്ല

നായകന്റെ ഏറ്റവും വലിയ പ്രശ്‌നം ഇമേജിന്റെ ഭാരമാണ്. പ്രേക്ഷകരുടെ (മനസ്സിന്റെ) മുന്നില്‍ ഏത് രീതിയിലാണ് പ്രസന്റ് ചെയ്യപ്പെടേണ്ടത് എന്നുള്ളതിന് പരമ്പരാഗതരീതികളുണ്ട്. ഒരു പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുക, നെഗറ്റീവ് ഛായ വരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക, രണ്ടാമനായി നില്‍ക്കേണ്ടിവരുന്ന കഥാപാത്രങ്ങള്‍ ചെയ്യുക തുടങ്ങിയ 'റിസ്‌കു'കളിലേക്ക് പ്രധാന നായകര്‍ കടന്നുചെല്ലില്ല. അവിടെയാണ് മധുസാര്‍ മലയാളത്തിലെ വേറിട്ട നായകന്മാരില്‍ പ്രധാനിയാകുന്നത്. കോളേജ് കുമാരനായി അഭിനയിക്കുമ്പോള്‍ത്തന്നെ അച്ഛനും അപ്പൂപ്പനും ആകാന്‍ മടിയില്ല. 'ഇതാ ഇവിടെവരെ' നോക്കൂ. ജയഭാരതിയുടെ നായകനായി പല സിനിമകളിലും അഭിനയിക്കുമ്പോഴാണ് ജയഭാരതിയുടെ അച്ഛന്‍ പൈലിയായി അതില്‍ അഭിനയിക്കുന്നത്. അതും നെഗറ്റീവ് കഥാപാത്രം.
''ഈ സ്ഥലം അല്‍പ്പം പെശകാ'' എന്ന് പൈലി.
''ഞാനും'' എന്ന് വിശ്വനാഥന്‍ (സോമന്‍). അവിടെ പൈലിയുടെ ഒരു റിയാക്ഷനുണ്ട്. പൈലിതന്നെയാണ് നായകന്‍ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുന്ന മുഹൂര്‍ത്തമാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ ആദ്യമായി സിനിമ സംവിധാനംചെയ്യുന്നു. പ്രിയ. അതില്‍ വില്ലന്റെ വേഷമാണ്. ഈറ്റയില്‍ കമല്‍ഹാസന്റെ അച്ഛന്‍. കാമുക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതേ സമയത്താണ് ഇങ്ങനെയുള്ള 'ഇമേജ് ബ്രേക്കിങ്' എന്ന് ആലോചിക്കണം. അദ്ദേഹംതന്നെ ഒരുഇർവൂവിൽ പറഞ്ഞിട്ടുണ്ട്: ''ഇമേജിനെക്കുറിച്ച് ചിന്തിച്ചാല്‍ പിന്നെ അഭിനയിക്കുന്നതിലെ രസം പോകും. പിന്നെ നമുക്ക് ടെന്‍ഷനായിപ്പോകും.'' മുന്നൂറിലധികം ചിത്രങ്ങളാണ് മലയാള സിനിമയില്‍ അദ്ദേഹത്തിന്റേതായി കിട്ടിയിട്ടുള്ളത്. എല്ലാ സിനിമയിലും അദ്ദേഹം രസിച്ചാണ് അഭിനയിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. തുലാഭാരത്തില്‍ 'തൊട്ടു തൊട്ടില്ല' എന്ന പാട്ട് പാടുന്ന കോളേജ് കുമാരനില്‍ നമ്മള്‍ കാണുന്ന അതേ രസംതന്നെ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച'യിലെ അച്ഛനിലും 'പ്രിയ'യിലെ വില്ലനിലും കാണാം.

പരീക്കുട്ടി

എല്ലാ തടസ്സങ്ങളും ഭേദിച്ച് ഇഷ്ടപ്പെട്ടവളെ സ്വന്തമാക്കുന്ന നായക കഥാപാത്രങ്ങള്‍ക്കിടയില്‍ വളരെ മാറി, എന്നാല്‍ ജയിച്ച നായകരില്‍നിന്ന് ഉയരെയായി മലയാളിയുടെ മനസ്സില്‍ നില്‍ക്കുന്നു തോറ്റുപോയ പ്രണയനായകന്‍ പരീക്കുട്ടി. 'ചെമ്മീനി'ല്‍ നായകന്‍ പളനിതന്നെയാണെങ്കിലും പ്രേക്ഷകമനസ്സില്‍ ഒരുപക്ഷേ ആദ്യമെത്തുന്നത് പരീക്കുട്ടി ആയിരിക്കും. അമ്പതുവര്‍ഷം കഴിഞ്ഞിട്ടും എക്കാലത്തെയും മികച്ച പ്രണയഗാനമായോ വിരഹഗാനമായോ 'മാനസമൈനേ വരൂ' ഇപ്പോഴും മലയാളിയുടെ ചുണ്ടത്തുണ്ട്. മിമിക്രിയില്‍ സിനിമാതാരങ്ങളുടെ സംഭാഷണം അനുകരിച്ച് തുടങ്ങിയത് ഒരുപക്ഷേ ചെമ്മീനിലെ പരീക്കുട്ടിയുടെ ''കറുത്തമ്മേ... കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും'' എന്ന ഡയലോഗ് മറ്റ് താരങ്ങള്‍ പറഞ്ഞാല്‍ എങ്ങനെയായിരിക്കും എന്നുപറഞ്ഞുകൊണ്ടാണ് (പ്രേംനസീറിനെ മിമിക്രിക്കാര്‍ ഏറ്റെടുത്തത് നെല്ലിലെ ''പല നാടുകളും ചുറ്റി അവസാനം ഇവിടെ എത്തി'' എന്നതിലൂടെയും ''മണ്ടിപ്പെണ്ണേ''യിലൂടെയുമാണ്).

വിവിധ റോളുകള്‍


സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും മലയാളസിനിമ മധുസാറിനോട് തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നു. പല ഇന്റര്‍വ്യൂകളിലും അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യമുണ്ട്. നടനെന്നുള്ളതിനെക്കാള്‍ നിര്‍മാതാവിന്റെ റോളാണ് കൂടുതല്‍ തൃപ്തിനല്‍കിയിട്ടുള്ളത്. നിര്‍മാതാവിന് ഒരു വിശദീകരണവും അദ്ദേഹം നല്‍കാറുണ്ട്. മുതലാളി അല്ല നിര്‍മാതാവ്. കഥമുതല്‍ വിതരണംവരെയുള്ള ഓരോ ഘട്ടങ്ങളിലും മനസ്സര്‍പ്പിച്ച് കൂടെനില്‍ക്കുന്ന ആളാണ്. അദ്ദേഹം നിര്‍മിച്ച സിനിമകള്‍ നോക്കൂ സതി, മാന്യശ്രീ വിശ്വാമിത്രന്‍, കാമം ക്രോധം മോഹം... ഓരോന്നിലും എന്തെങ്കിലും ഒരു പ്രത്യേകതയുണ്ട്. പ്രിയ, സിന്ദൂരച്ചെപ്പ്, തീക്കനല്‍, നീലക്കണ്ണുകള്‍ തുടങ്ങി സംവിധാനംചെയ്ത എല്ലാ സിനിമകളിലും മധു എന്ന വ്യത്യസ്തന്റെ മുദ്രയുണ്ട്.

നായികമാര്‍

മുന്നൂറ് ചിത്രങ്ങളിലായി നിരവധി നായികമാര്‍ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും നാലുപേരായിരുന്നു ശ്രദ്ധേയ കൂട്ടുകെട്ടായവര്‍. ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ. പ്രേംനസീറിന്റെ ഹിറ്റ് ജോടിയായിരുന്നെങ്കിലും ചെമ്മീനിലൂടെ മധുഷീല ടീമും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി. ശാരദ, ജയഭാരതിമാരോടൊപ്പവും നിരവധി ഹിറ്റുകള്‍ ഒരുങ്ങി. മധുശ്രീവിദ്യ ജോടിയെയും പ്രേംനസീര്‍ഷീല ജോടിയെപ്പോലെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

പേരില്ല

കോളേജില്‍ ഹിന്ദി അധ്യാപകനായിരുന്നപ്പോഴാണ് മാധവന്‍നായര്‍ അഭിനയം തലയ്ക്കുപിടിച്ച് സ്‌കൂള്‍ ഓഫ് ഡ്രാമയിലേക്ക് പോകുന്നത്. (പിന്നീട് അദ്ദേഹം സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. അതിലെ ഏഴ് ഹിന്ദുസ്ഥാനികളിലെ മറ്റൊരാള്‍ സാക്ഷാല്‍ അമിതാഭ് ബച്ചനായിരുന്നു. അമിതാഭ് ബച്ചനോട് ഇഷ്ടവും അദ്ദേഹത്തിന്റെ പിതാവ് ഹരിവംശറായ് ബച്ചനോട് ആരാധനയും ആണെന്ന് മധുസാര്‍ പറഞ്ഞിട്ടുണ്ട്.)
വീട്ടുകാരുടെ വലിയ എതിര്‍പ്പ്. കോഴ്‌സിനിടയ്ക്ക് നാട്ടിലേക്ക് വരുന്ന വഴി മദ്രാസിലിറങ്ങി. അവിടെവച്ച് ആദ്യസിനിമയില്‍ കരാറുമായി. മൂടുപടം. ആദ്യം പുറത്തുവന്നത് 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍'. തിരുവനന്തപുരത്ത് ചിത്രാ തിയറ്ററില്‍ സിനിമ കാണാന്‍ ചെല്ലുന്നു. എല്ലാം കൊള്ളാം. പക്ഷേ, നിന്റെ പേര് കാണിച്ചിട്ടില്ല. തിരികെ വന്ന് നിര്‍മാതാവ് ശോഭനാ പരമേശ്വരന്‍നായരെ വിളിക്കുന്നു. തന്റെ പേര് ചേര്‍ക്കാത്തതിന്റെ പരിഭവം അറിയിക്കുന്നു. ''ഹ! തന്റെ പേര് ചേര്‍ത്തിട്ടുണ്ടല്ലോ'' എന്ന് നിര്‍മാതാവ്.
''ഇല്ല'' എന്ന് നടന്‍.
''തന്റെ പേരാണ് രണ്ടാമത് ചേര്‍ത്തേക്കുന്നത്, മധു.''
''മധുവോ...? ഞാന്‍ മാധവന്‍നായരല്ലേ.''
അതിന് ശോഭനാ പരമേശ്വരന്‍നായര്‍ വിശദീകരണം കൊടുത്തു. വഞ്ചിയൂര്‍ മാധവന്‍നായര്‍ തുടങ്ങി ഒന്നുരണ്ട് മാധവന്‍നായര്‍മാര്‍ ഇപ്പോള്‍ത്തന്നെ സിനിമയിലുണ്ട്. വീണ്ടും ഒരു മാധവന്‍നായര്‍കൂടി വന്നാല്‍ പ്രേക്ഷകര്‍ക്ക് കണ്‍ഫ്യൂഷനാകും.

എണ്‍പത്തിനാലിന്റെ യൗവനം

ഈ എണ്‍പത്തിനാലിലും പാകത എത്തിയ ഒരു യൗവനമാണ് മധുസാറിന്. ജീവിതത്തെ വളരെ സരസമായും ലാഘവത്തോടെയും രസകരമായും കാണുന്നതുകൊണ്ടാണ് ഈ യൗവനം സൂക്ഷിക്കാന്‍ സാധിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളും പ്രസംഗങ്ങളും സംസാരവും ശ്രദ്ധിക്കൂ. ഒരു നര്‍മം ഒളിച്ചുവച്ചിട്ടുണ്ട്. കൗതുകമുള്ള ഒരു കുസൃതിച്ചിരി ഉണ്ടാകും. തന്നെ മഹത്വവല്‍ക്കരിക്കാനൊന്നും അദ്ദേഹം മെനക്കെടാറില്ല.
ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹത്തോട് ചോദിക്കുന്നു: ''മലയാളസിനിമ അതിന്റെ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ അങ്ങ് സിനിമയിലെത്തിയതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. എന്ത് തോന്നുന്നു.''
അതിന് കൂളായ മറുപടി: ''അതില്‍ കാര്യമില്ല. രണ്ടുവര്‍ഷത്തിനുമുമ്പാണ് ജനിച്ചതെങ്കില്‍ അമ്പത്തിരണ്ടാം വര്‍ഷം ആഘോഷിക്കുമായിരുന്നു. വര്‍ഷങ്ങളൊക്കെ അക്കങ്ങളല്ലേ.''

തിരുവനന്തപുരത്തെ സാംസ്‌കാരികവേദികളില്‍ വരുമ്പോള്‍ സ്വാഗതപ്രസംഗകര്‍ വാചാലരാകും. ''മലയാളസിനിമയുടെ ഈ കാരണവരെപിതാമഹനെ ആദരിക്കാന്‍ അവസരം ലഭിച്ചത് ഞങ്ങളുടെ മാഹാഭാഗ്യം.''
തന്റെ പ്രസംഗത്തില്‍ അതിന് മറുപടി ഏതാണ്ട് ഈ മട്ടിലായിരിക്കും. ''എന്നെ സിനിമയുടെ കാരണവരെന്നൊക്കെ വിളിച്ചു സന്തോഷംതന്നെ. പക്ഷേ, എനിക്കറിയാം നിങ്ങള്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരിക്കും. പുള്ളിയെ കിട്ടിയില്ല. പിന്നെ ജഗദീഷ്, കിട്ടിയില്ല. മണിയന്‍പിള്ള, രാജസേനന്‍ അങ്ങനെ തിരുവനന്തപുരത്തെ സിനിമാക്കാരെയൊക്കെ നോക്കി. രക്ഷയില്ല. അപ്പോഴാരോ പറയുന്നു. എടാ എന്നാപ്പിന്നെ നമുക്ക് കണ്ണമ്മൂല പോകാം. അവിടെ മധുസാറുണ്ട്. ഒരു പൊന്നാടയും ചാര്‍ത്തി സിനിമയുടെ കാരണവരെന്ന് പറഞ്ഞാല്‍ മതി.''
ജീവിതത്തെ ഇങ്ങനെ പുഞ്ചിരിയോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ പ്രസന്നതയുടെ രഹസ്യം എന്നാണ് എനിക്ക് തോന്നാറ്. സ്വന്തമായി തുടങ്ങിയ ഉമാ സ്റ്റുഡിയോയില്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിനുനേരെ ഉയര്‍ന്ന ഒരു കൃത്രിമ ആരോപണത്തില്‍ പതറാതെനില്‍ക്കാന്‍ സഹായിച്ചതും ഉള്ളിലെ ഈ നര്‍മംതന്നെ ആയിരുന്നിരിക്കാം.

84 വയസ്സ് എന്നത് കര്‍മമേഖലയില്‍ സജീവമായവരെ സംബന്ധിച്ച് ഒരു കലണ്ടര്‍സംഭവം മാത്രമാണ്. എം ടി അദ്ദേഹത്തിന്റെ തിരക്കഥാജീവിതത്തിലെ ഒരുപക്ഷേ, ഏറ്റവും മികച്ച തിരക്കഥ (രണ്ടാമൂഴം) ഒരുക്കുന്നത് ഈ പ്രായത്തിലാണ്. സുഗതകുമാരി ടീച്ചറും മാര്‍ ക്രിസോസ്റ്റം തിരുമേനിയുമൊക്കെ കര്‍മമേഖലയില്‍ ഇപ്പോഴും യുവാക്കള്‍തന്നെ. മധുസാറിന്റെ 84 വയസ്സും കലണ്ടര്‍വയസ്സ് മാത്രമാണ്. സിനിമയിലും സീരിയലിലും പ്രസംഗവേദികളിലുമൊക്കെ ഇപ്പോഴും സജീവമായ മധുസാറിന് പ്രവര്‍ത്തനമേഖലയില്‍ ഷഷ്ടിപൂര്‍ത്തിയാകാന്‍തന്നെ ഇനിയും കിടക്കുന്നു വര്‍ഷങ്ങള്‍. 



deshabhimani section

Related News

View More
0 comments
Sort by

Home