പ്രവാസം എന്ന ഭ്രമാനുഭവം

മലയാളിയായ ചെറുപ്പക്കാരന്റെ ആദ്യ ഇംഗ്ളീഷ് നോവല്‍ എന്ന നിലയില്‍ സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ് ദീപക് ഉണ്ണിക്കൃഷ്ണന്റെ 'താല്‍ക്കാലിക മനുഷ്യര്‍' (Temporary People). നോവലിന്റെ സാമ്പ്രദായികഘടനയെ ഭഞ്ജിക്കുകയും ഭാഷയില്‍ തികഞ്ഞ സ്വാച്ഛന്ദ്യം പ്രകടിപ്പിക്കുകയും ആഖ്യാനത്തില്‍ 'മാര്‍ക്വേസിയന്‍' എന്നും 'കാഫ്കയെസ്ക്' എന്നും വിശേഷി
പ്പിക്കാവുന്ന ഭ്രമാത്മകത സന്നിവേശിപ്പിക്കുകയുംചെയ്തുകൊണ്ടാണ് ഗള്‍ഫ് പ്രവാസികളുടെ അനുഭവലോകം പ്രമേയമാകുന്ന തന്റെ നോവല്‍ ദീപക് ശില്‍പ്പപ്പെടുത്തിയിരിക്കുന്നത്. രേഖീയമായ ഒരാഖ്യാനം ഈ നോവലില്‍ ഇല്ല. ഏതാനും ചില കഥാപാത്രങ്ങളുടെ പാരസ്പര്യത്തിലൂടെയും സംഘര്‍ഷത്തിലൂടെയും ഒരു കഥ രൂപംകൊള്ളുകയല്ല, മറിച്ച് ശൂലിതാഖ്യാനങ്ങളുടെ ആകത്തുകയായി ആഖ്യാനം രൂപപ്പെടുകയാണ് നോവലില്‍. 'അവയവങ്ങള്‍' (Limbs), 'നാവ്' (Tongue), 'വീട്' (Home) എന്നിങ്ങനെ വീണ്ടും മൂന്ന് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന പുസ്തകത്തില്‍ ആകെക്കൂടി 28 കഥകളാണുള്ളത്; ഓരോന്നും സ്വയം പൂര്‍ണവും വ്യതിരിക്തവും. പ്രവാസം എന്ന പൊതുജീവിതപരിസരമൊന്നുമാത്രം അവയെ/അവരെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്നു.
ഗള്‍ഫ് പ്രവാസമെന്ന അനുഭവത്തെ കാല്‍പ്പനികവും ഗൃഹാതുരവുമാക്കി ഭംഗിപ്പെടുത്തുകയോ പൊലിമപ്പെടുത്തുകയോ ചെയ്യുന്നില്ല ദീപക്. നോവലിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ താല്‍ക്കാലിക മനുഷ്യരുടെ താല്‍ക്കാലികാവസ്ഥകളുടെ ആഖ്യാനമാണിത്. അതില്‍ വൈകാരികതയും നാടകീയതയും തീരെ കുറവ്. അതിജീവനത്തിന്റെ വ്യഗ്രതകളും യാതനകളും മനുഷ്യസഹജമായ ആസക്തികളുമല്ലാതെ യാതൊന്നും അവരുടെ അസ്തിത്വത്തെ അര്‍ഥപൂര്‍ണമാക്കുന്നില്ല. ഈയര്‍ഥത്തില്‍ കാഫ്കയുടെ കഥാപാത്രലോകംപോലെ വിരസവും നിരര്‍ഥകവും അസംബന്ധാത്മകവുമാണ് 'താല്‍ക്കാലിക മനുഷ്യ'രിലെ 28 കഥാപാത്രങ്ങളും അവരുടെ കഥകളും. ആദ്യഖണ്ഡത്തിലെ ആദ്യകഥതന്നെ ഒരു ഭ്രമാനുഭവമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ എവിടെയോ ഒരു ലേബര്‍ ക്യാമ്പില്‍വച്ച് ഒരു തൊഴിലാളി പാസ്പോര്‍ട്ട് വിഴുങ്ങി ഒരു പാസ്പോര്‍ട്ടായി മാറുന്നു. മറ്റൊരാള്‍ ഒരു പെട്ടി വിഴുങ്ങുന്നതോടെ പെട്ടിയായി മാറുന്നു. ഈ പെട്ടിയും പാസ്പേര്‍ട്ടും കൈയിലെടുത്തുകൊണ്ട് വിമാനത്താവളത്തിലേക്ക് യാത്രയാകുകയാണ് ഇനിയുമൊരു മൂന്നാമന്‍. 'മുഷ്ടിബുഷി' ##(Mushtibushi)### എന്ന കഥയില്‍ ബാലികാപീഡനം നടത്തുന്നത് ഒരു മനുഷ്യനല്ല, മറിച്ച് യന്ത്രമാണ്. ഒരു എലിവേറ്ററാണ് ഈ കഥയിലെ, ശിശുരതിയില്‍ അഭിരമിക്കുന്ന 'മുഷ്ടിബുഷി' എന്ന കഥാപാത്രം. 'ടാക്സിമാന്‍' എന്ന കഥയില്‍ ഗള്‍ഫില്‍ ടാക്സിയോടിച്ച് ജീവിതം പുലര്‍ത്തുന്ന പ്രവാസിയാണ് കഥാപാത്രം. തന്റെ കാറില്‍ യാത്രചെയ്യുന്ന ഒരാളോട് അയാള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. അയാളുടെ കുടുംബവിശേഷവും രതിയും അശ്ളീലവും അസഭ്യവുമെല്ലാം സംസാരത്തില്‍ കടന്നുവരുന്നു. ആ മനുഷ്യന്‍ സ്വയംസൃഷ്ടിച്ചെടുത്ത വികലമായ ഇംഗ്ളീഷിലാണ് സംസാരം. വികലമായ സംസാരവും വികൃതമായ മനോഭാവവും ചേര്‍ന്ന് അയാളുടെ ജീവിതത്തിലെ ആസക്തിയുടെയും അലച്ചിലിന്റെയും അര്‍ഥരാഹിത്യത്തിന്റെയും ഒരു ചിത്രം നമുക്ക് ലഭിക്കുന്നു. ഈ കഥയിലെന്നപോലെ മറ്റ് പല ഉപാഖ്യാനങ്ങളിലും തന്റെ ആവിഷ്കാരമാധ്യമമായ ഇംഗ്ളീഷ് ഭാഷയോടും അതിന്റെ വ്യാകരണനിയമങ്ങളോടും തികഞ്ഞ വണക്കമില്ലായ്മയോടെയാണ് ദീപക് പെരുമാറുന്നത്. അയാള്‍ തികഞ്ഞ ഉദാസീനതയോടെ വാക്കുകളുടെ 'സ്പെല്ലിങ്' തെറ്റിക്കുന്നു; മലയാളപദങ്ങള്‍ സുലഭമായി ഉപയോഗിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്തുകൊണ്ട് കേടുപാടുകള്‍ നിറഞ്ഞ മനുഷ്യരുടെ കേടുപാടുകള്‍ നിറഞ്ഞ അസ്തിത്വത്തെയാവിഷ്കരിക്കുമ്പോഴും തന്റെ ഭാഷയില്‍ വന്യമായ ഒരു തരം താളം തോറ്റിയുണര്‍ത്താന്‍ ദീപക്കിനാകുന്നു എന്നതാണ് അയാളുടെ ഭാഷാസമീപനത്തെ മൌലികമാക്കുന്നത്.
എന്തുകൊണ്ടാണ് ഈ നോവലിസ്റ്റ് ഭാഷയെ പരിക്കേല്‍പിച്ച് വിനോദിക്കുന്ന ഒരാഖ്യാനകാരനായി തന്റെ നോവലില്‍ സ്വയം പ്രത്യക്ഷപ്പെടാനിഷ്ടപ്പെടുന്നത്? അതിന്റെ ഉത്തരം പ്രവാസികളുടെ സാമാന്യജീവിതപരിസരത്തിലും പ്രവാസിയെന്ന നിലയിലുള്ള നോവലിസ്റ്റിന്റെ വ്യക്തിജീവിതത്തിലും പരതിയാല്‍ നമുക്ക് കിട്ടിയെന്നുവരും. കേരളത്തില്‍ തൃശൂരിലാണ് ദീപക്കിന്റെ സ്വദേശം. ഇതിനര്‍ഥം അയാളുടെ മാതാപിതാക്കളുടെ സ്വദേശം തൃശൂരാണെന്നുമാത്രമാണ്. ദീപക് ജനിച്ചതും വളര്‍ന്നതുമെല്ലാം അബുദാബിയില്‍. 20 വയസ്സിനുശേഷം അയാള്‍ അവിടെനിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നു. ആ അര്‍ഥത്തില്‍ നോവലിസ്റ്റിന്റെ മാതൃഭാഷ മലയാളമാണെന്നോ ഇംഗ്ളീഷാണെന്നോ പറയുകവയ്യ. വീട്ടില്‍ അയാള്‍ ഇംഗ്ളീഷ് സംസാരഭാഷയായുപയോഗിക്കുന്നു. ഒപ്പം ബന്ധുക്കളോട് മലയാളത്തില്‍ ആശയവിനിമയം നടത്തുകയും അറബിഭാഷയുമായി പരിചയപ്പെടുകയും ചെയ്യുന്നു. ഒരു ഭാഷയും തന്റെ ഭാഷയല്ലാതിരിക്കുകയും ജീവിതഗതിയില്‍ തന്റേതായിത്തീര്‍ന്ന ഭാഷയില്‍/ഭാഷകളില്‍ത്തന്നെ ആവിഷ്കരിക്കേണ്ടിവരികയും ചെയ്ത ഒരാളുടെ നിര്‍മമതയും ആക്രമണോത്സുകതയും ദീപക് ഉണ്ണിക്കൃഷ്ണന്‍ എന്ന നോവലിസ്റ്റിന്റെ ആഖ്യാനഭാഷയെ നിര്‍ണയിക്കുന്നുണ്ട്. അതിനെ പരീക്ഷണാത്മകത എന്നല്ല, മറിച്ച് സ്വാഭാവികത എന്നാണ് ഒരഭിമുഖസംഭാഷണത്തില്‍ ദീപക് വിശേഷിപ്പിച്ചത്. പ്രവാസജീവിതത്തിന്റെ ഭ്രമജനകമായ അസ്ഥിരതയെക്കുറിച്ചെഴുതുകയും സ്വയം ഒരു പ്രവാസിയായിരിക്കുകയും ചെയ്യുന്ന ഒരാളുടെ എഴുത്താണിത്. അയാള്‍ മലയാളിയായിരിക്കുമ്പോഴും കേരളത്തിലല്ല ജനിച്ചുവളര്‍ന്നത്. ഈ സ്വത്വസങ്കീര്‍ണതയെ ഭാഷാപരമായ അവ്യവസ്ഥയിലൂടെയും അരാജകത്വത്തിലൂടെയും പ്രകാശിപ്പിക്കാനുള്ള ശ്രമമാണ് 'താല്‍ക്കാലിക മനുഷ്യര്‍' എന്ന നോവല്‍. അവിടെ എല്ലാം താല്‍ക്കാലികമാകുന്നു; ഭാഷയും അസ്തിത്വവും സ്വത്വവും സാംസ്കാരികമായ അടിവേരുകളും എല്ലാം.
'റെസ്റ്റ്ലെസ് ബുക്സി'ന്റെ 'ന്യൂ ഇമിഗ്രേഷന്‍ റൈറ്റിങ്' അവാര്‍ഡ് ലഭിച്ചതോടെയാണ് മലയാളിയും പ്രവാസിയുമായ നോവലിസ്റ്റിന്റെ ഈ ആദ്യനോവല്‍ ശ്രദ്ധേയമാകുന്നത്. അന്യൂനമായ രചന എന്ന നിലയിലല്ല, നോവല്‍രൂപത്തിലും നോവല്‍ ഭാഷയിലുമുള്ള പുതുപരീക്ഷണം എന്ന നിലയിലാണ് 'താല്‍ക്കാലിക മനുഷ്യര്‍' വായിക്കപ്പെടുന്നത്. നോവലിനെ വിച്ഛിന്നമായ ആഖ്യാനങ്ങളിലൂടെ ഒരു കഥാസഞ്ചയമാക്കി മാറ്റുന്നുവെന്ന സവിശേഷതയും ഈ രചനയ്ക്കുണ്ട്.









0 comments