സിനിമയുടെ മാജിക് തിയറ്ററിലാണ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 10:24 PM | 0 min read


"പിള്ളേര് പൊളിയാണ്', "മുറ'കണ്ടിറങ്ങിയവർ ഒരേ സ്വരത്തിൽ പറഞ്ഞതാണിത്. കനി കുസൃതി, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി, ഹൃദു ഹാറൂൺ തുടങ്ങിയവർക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്. "കപ്പേള'യ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം കൈയടിയും നിരൂപകപ്രശംസയും നേടി തിയറ്ററുകൾ നിറഞ്ഞോടുകയാണ്. മുഹമ്മദ് മുസ്തഫ സംസാരിക്കുന്നു.

ഗ്യാങ്സ്റ്റർ ചിത്രം
തിരുവനന്തപുരം ന​ഗരം പശ്ചാത്തലമായുള്ള ​ഗ്യാങ്സ്റ്റർ ചിത്രമാണിത്. പത്രങ്ങളിലും മറ്റും കണ്ടതും കേട്ടതുമായ യഥാർഥ സംഭവങ്ങളാണ് "മുറ'യിലേക്ക് എത്തിച്ചത്. സൗഹൃദത്തിന്റെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയുമെല്ലാം കഥയാണ് പറയുന്നത്. കുറുക്കുവഴിയിലൂടെ പണമുണ്ടാക്കാൻ ശ്രമിക്കുന്ന നാല് ചെറുപ്പക്കാരാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

നിറയെ പുതുമുഖങ്ങൾ
നാൽപ്പതിലധികം പുതുമുഖങ്ങളാണ് "മുറ' യിൽ വേഷമിട്ടിരിക്കുന്നത്. ചിത്രീകരണത്തിന് മുമ്പ് പത്ത് ദിവസത്തെ വർക്ക്ഷോപ്പ് നടത്തി. സംഘട്ടനരം​ഗങ്ങൾക്കുള്ള പരിശീലനമടക്കം നൽകി. സ്വാഭാവികമായ അഭിനയത്തിലൂടെ പെട്ടെന്ന് കഥാപാത്രങ്ങളായി മാറാൻ എല്ലാവർക്കും കഴിഞ്ഞു. പുതുമുഖങ്ങളാണെന്ന് സെറ്റിൽ തോന്നിയതേയില്ല. "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', "മുംബൈക്കാർ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ഹൃദു ഹാറൂൺ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൃദുവിനോടൊപ്പമുള്ള ചെറുപ്പക്കാരെയെല്ലാം സ്കൂളുകളിൽ നിന്നും നാടക ക്യാമ്പുകളിൽനിന്നുമൊക്കെയായി തെരഞ്ഞെടുത്തതാണ്.

കപ്പേളയ്ക്ക് ശേഷം
ഓരോ സിനിമയും ആദ്യത്തെ സിനിമയാണ്‌. ഓരോ കഥയും വ്യത്യസ്തമാണ്. അത് മികച്ച രീതിയിൽ അവതരിപ്പിക്കണമെന്ന് മാത്രമാണുള്ളത്. "കപ്പേള'യ്ക്ക് നല്ല സ്വീകാര്യത കിട്ടി. അതിനേക്കാൾ നല്ല അഭിപ്രായങ്ങൾ മുറയ്ക്ക് കിട്ടുമ്പോൾ അതിലേറെ സന്തോഷം. മറ്റു ചിത്രങ്ങളേക്കാളും സംഘട്ടനരം​ഗങ്ങൾ കുറച്ച് കൂടുതലാണെങ്കിലും ഇതൊരു ഇമോഷണൽ ഡ്രാമ കൂടിയാണ്. പ്രഭു മാസ്റ്റർ ആണ് ആക്ഷൻ ചെയ്തിരിക്കുന്നത്.

ഒടിടി
ഒടിടിയിൽ എല്ലാം വ്യത്യസ്തമാണ്. പ്രേക്ഷകരുടെ സൗകര്യത്തിനനുസരിച്ച് സിനിമ കാണാം. തിയറ്ററിൽ അങ്ങനെയല്ല. രണ്ടര മണിക്കൂറിൽ ഒറ്റയിരിപ്പിലാണ് കാണുന്നത്. അതാണ് ശരിക്കും സിനിമയുടെ മാജിക്. തിയറ്ററിൽ വിജയിച്ച പല ചിത്രങ്ങളും ഒടിടിയിൽ പരാജയപ്പെടുന്നുണ്ട്. സിനിമയെന്നാൽ തിയറ്ററിൽ കാണുന്നതാണ്. തിയറ്റർ അനുഭവം നല്ലതാണെങ്കിൽ ആ ചിത്രം നല്ലത് തന്നെയാണ്. ആ സൃഷ്ടിയെ പിന്നെ കീറിമുറിക്കരുതെന്നാണ് അഭിപ്രായം.

കംഫർട്ടബിൾ
അഭിനയവും സംവിധാനവും രണ്ടാണ്. രണ്ടും കംഫർട്ടബിളാണ്. എന്നാൽ, അതിന്റേതായ അധ്വാനം ഓരോന്നിനും ആവശ്യമാണ്. മുഴുനീള വേഷങ്ങൾ ചെയ്യുന്നവർക്ക് കഥാപാത്രമായി മാറാൻ അത്രയേറെ പരിശ്രമം വേണം. ഞാൻ കൂടുതലും ചെയ്തത് ചെറിയ വേഷങ്ങളാണ്. അതിനാൽ സംവിധാനത്തിലേക്ക് വന്നപ്പോൾ ഉത്തരവാദിത്വം കൂടുതലുള്ള റോളിലേക്കാണ് മാറിയത്.

മുഹമ്മദ് മുസ്തഫ



deshabhimani section

Related News

View More
0 comments
Sort by

Home