print edition വരൂ മീൻപിടിക്കാം, കരിമീൻ പൊള്ളിക്കാം

Alappuzha Roots

കായലിലൂടെ വിനോദസഞ്ചാരികൾ

avatar
അഞ്‌ജുനാഥ്‌

Published on Nov 16, 2025, 12:01 AM | 3 min read

കുട്ടനാടിന്റെ വിനോദസഞ്ചാരത്തിന്റെ പുത്തൻ സാധ്യതകളിൽ വിജയത്തിന്റെ നൂറുമേനി കൊയ്ത ‘ആലപ്പി റൂട്ട്സ്’ എന്ന വനിതാ സംരംഭത്തിന്റെ ചരിത്രം. ഗ്രാമ‍ീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ വളർത്തുന്നതിനൊപ്പം സംരംഭകർക്ക്‌ വരുമാനവും വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘കമ്യൂണിറ്റി ടൂറിസം’ പദ്ധതിയുടെ ഭാഗമാണ്‌ ആലപ്പി റൂട്ട്സ്


​‘‘ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ ഉപയോഗിച്ച്‌ സംരംഭം തുടങ്ങാൻ താൽപ്പര്യമുണ്ടോ? പദ്ധതിക്കാവശ്യമായ സാമ്പത്തികവും അല്ലാത്തതുമായ സഹായം സംസ്ഥാന സർക്കാർ നൽകും’’. ഇങ്ങനെയൊരു വിവരം ഒരു വർഷംമുമ്പ്‌ ആലപ്പുഴയിലെ ആറുപെണ്ണുങ്ങൾ അറിഞ്ഞു. അവർ ച‍ൂടുചായക്കൊപ്പം അതിലും ചൂ‍ടേറിയ ചർച്ച നടത്തി ‘‘ നമുക്ക്‌ തുടങ്ങിയാലോ’’. പിന്നെയും ചർച്ചകൾ നീണ്ടു. ഒടുവിൽ ‘ആലപ്പി റൂട്‌സ്’ എന്ന ടൂർ ഓപ്പറേറ്റിങ് സംഘം പിറന്നു. അതൊരു ചരിത്രമായി. കുട്ടനാടിന്റെ വിനോദ സഞ്ചാരത്തിന്റെ പുത്തൻസാധ്യതകളിൽ വിജയത്തിന്റെ നൂറുമേനി കൊയ്ത ‘ആലപ്പി റൂട്‌സ്‌’ എന്ന വനിതാ സംരംഭത്തിന്റെ ചരിത്രം. ഗ്രാമ‍ീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ വളർത്തുന്നതിനൊപ്പം സംരംഭകർക്ക്‌ വരുമാനവും വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ കമ്യൂണിറ്റി ടൂറിസം’ പദ്ധതിയുടെ ഭാഗമായാണ്‌ ആലപ്പി റൂട്‌സ്‌.


​എല്ലാം തനി നാടൻ


പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ആലപ്പുഴയിലാണ് പദ്ധതി നടപ്പാക്കിയത്. ജനുവരിയിൽ തുടങ്ങിയ പദ്ധതിവഴി ആലപ്പി റൂട്‌സ്‌ ഇതുവരെ എത്തിച്ചത്‌ വിദേശികൾ ഉൾപ്പെടെ അഞ്ഞൂറോളം സഞ്ചാരികളെ. അഞ്ച്‌ ലക്ഷത്തോളം ര‍ൂപയുടെ വരുമാനമാണ്‌ സംരംഭകർക്ക്‌ ലഭിച്ചത്‌. കുടുംബശ്രീ സംസ്ഥാന മിഷന്റെ പൈലറ്റ്‌ പ്രോഗ്രാമായിട്ടാണ് പദ്ധതി ആരംഭിച്ചത്‌. ജില്ലാ മിഷൻ നാഷണൽ റിസോഴ്‌സ്‌ ഓർഗനൈസേഷനുമായി സഹകരിച്ചാണ്‌ നടപ്പിലാക്കുന്നത്‌. റിബിൽഡ്‌ കേരളയിലെയും കുടുംബശ്രീയിലെയും സംരംഭകരെ കോർത്തിണക്കുന്നു. വിനോദ സഞ്ചാരികൾക്ക്‌ ആവശ്യമായ നാടൻ ഭക്ഷണം, താമസ സ‍ൗകര്യം തുടങ്ങിയവ ഒരുക്കുന്നത്‌ ചെറുകിട സംരംഭകരാണ്‌. ക‍ൂടാതെ ഗൈഡായിട്ടും ഇതിലെ അംഗങ്ങൾ പ്രവർത്തിക്കും.


Alappuzha Roots 1ആലപ്പി റൂട്ട്സ് അംഗങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്‌ രഞ്ജിത്തിനൊപ്പം


ഗ്രാമീണ സ്ത്രീകൾക്ക്‌ വരുമാനം


കുട്ടനാട്ടിലെ നീലംപേരൂർ, കാവാലം, കൈനകരി, ചമ്പക്കുളം പഞ്ചായത്തുകളിലാണ് കമ്യൂണിറ്റി ടൂറിസത്തിന്റെ തുടക്കം. ചമ്പക്കുളം, കുട്ടനാട്‌ ബ്ലോക്കിലെ 12 പഞ്ചായത്തുകളിലെ സിഡിഎസ്‌ ഭാരവാഹികളും സംരംഭക ഉപസമിതി കൺവീനർമാരും ഉൾപ്പെടുന്ന കമ്മിറ്റിയാണ്‌ പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്‌. ഗ്രാമീണ സ്ത്രീകൾക്ക്‌ വരുമാനം ഉറപ്പാക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സൗഹാർദ വിനോദസഞ്ചാരത്തിനാണ് ഊന്നൽ നൽകുന്നത്. സൂര്യ അജീഷ്‌, മോനിഷ മോനിച്ചൻ, ചിഞ്ചു സോമൻ, ദിവ്യ വസന്ത, നിഷ അഭിലാഷ്‌, ബിൻസ്‌ ജോസ്‌ എന്നിവരാണ്‌ ആലപ്പി റൂട്‌സിന്റെ പിന്നിൽ. റീബിൽഡ്‌ കേരള പ്രോജക്ടിന്റെ ഭാഗമായി വെളിയനാട്‌, ചമ്പകുളം ബ്ലോക്കിലെ സംരംഭക ഫണ്ടിൽനിന്ന്‌ അനുവദിച്ച 20 ലക്ഷം ര‍ൂപയാണ്‌ പ്രവർത്തന മൂലധനം. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് പദ്ധതിക്ക് സാങ്കേതിക സഹകരണം നൽകുന്നുണ്ട്. റീബിൽഡ്‌ കേരള ഇനിഷ്യേറ്റിവ്‌ എന്റർപ്രണർഷിപ്‌ ഡവലപ്പ്‌മെന്റ്‌ പ്രോഗ്രാമിൽ ജീവനക്കാരായിരുന്നു എല്ലാവരും. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസിലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് സംഘം ആതിഥ്യം വഹിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ്‌ വിനോദസഞ്ചാരികളെ കണ്ടെത്തുന്നത്‌.


ടൂറിസം പഠിക്കാൻ സിക്കിം


കമ്യൂണിറ്റി ടൂറിസം പഠിക്കാൻ സിക്കിമിൽനിന്ന്‌ സ്‌റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ് മിഷൻ സംഘമെത്തി. കുടുംബശ്രീ മിഷന്റെ ആലപ്പി റൂട്സ് കമ്യൂണിറ്റി ടൂറിസത്തിന്റെ ആതിഥ്യത്തിൽ ജൂലൈയിലാണ്‌ 19 അംഗ സംഘം കുട്ടനാട്ടിലെത്തിയത്. സിക്കിമിലെ പരഘ ബ്ലോക്ക്‌ പ്രോജക്ട്‌ മാനേജർ ഷെറിങ് ചോടാ ലെപ്ച്ച യുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സ്‌റ്റാർട്ടപ്‌ വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാമിന്റെ ബ്ലോക്ക്‌ എന്റർപ്രൈസ് പ്രൊമോഷൻ കമ്മിറ്റി അംഗങ്ങളും കമ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുമായിരുന്നു ടീമിൽ. 12 വരെയായിരുന്നു സന്ദർശനം. കുടുംബശ്രീ കമ്യൂണിറ്റി ടൂറിസത്തിന്റെ ഹോംസ്‌റ്റേകളിൽ താമസിച്ചും സംരംഭങ്ങൾ സന്ദർശിച്ചും ടീം പഠനം നടത്തി. തഴപ്പായ്‌ നെയ്‌ത്തും വലവീശലും നാടൻ കലകളും കളരിയും സംഘത്തിന് അറിവേകി. കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസെഷന്റെ മേൽനോട്ടത്തിൽ കരട് ആക്ഷൻ പ്ലാൻ തയ്യാറാക്കിയശേഷമാണ്‌ സിക്കിം ടീം മടങ്ങിയത്‌.

Alappuzha Roots സിക്കിമിൽനിന്ന് എത്തിയ സഞ്ചാരികളെ ഓല മെടയാൻ പഠിപ്പിക്കുന്നു


ആമ്പൽ വസന്തം കാണാം


​ഉൾനാടൻ ചെറുവള്ള യാത്രകൾ, വ്യത്യസ്തമായ രീതിയിലുള്ള മീൻപിടിത്തങ്ങൾ എന്നിവ കാണുന്നതിനും ചെയ്യുന്നതിനും അവസരം, കരിമീൻ കൂട്ടി ഉ‍ൗണ്‌, കരിമീൻ പൊള്ളിക്കൽ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെറുകിട സംരംഭകർ നടപ്പാക്കുന്നത്. കള്ളുചെത്ത്, പായ നെയ്ത്ത്, ഓല മെടയൽ എന്നിവ കാണുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള അവസരം, പാടശേഖരങ്ങളുടെയും ജലാശയങ്ങളുടെയും വശങ്ങളിലുള്ള ബണ്ടുകളിൽ ഹട്ടുകൾ, ടെന്റുകൾ എന്നിവ ക്രമീകരിച്ച് ഇവിടെ താമസിക്കാനുള്ള അവസരം, ഷൂട്ടിങ്ങിനായുള്ള സൗകര്യങ്ങൾ, കുട്ടനാടൻ ഭക്ഷണവിഭവങ്ങളുടെ രുചി ആസ്വദിക്കാനുള്ള അവസരം, സൈക്ലിങ്ങിനുള്ള സൗകര്യം, പട്ടം പറത്തൽ, ആമ്പൽ വസന്തം ആസ്വദിക്കാനുള്ള അവസരം തുടങ്ങിയവയാണ്‌ ഒരുക്കിയിരിക്കുന്നത്‌.


മറ്റ്‌ ജില്ലകളിലേക്കും


കമ്യ‍ൂണിറ്റി ടൂ‍റിസം പദ്ധതി വൻ വിജയമായതോടെ വിവിധ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്‌ സംസ്ഥാന സർക്കാർ. സംസ്ഥാനത്ത്‌ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അത്‌ വിജയിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടല‍ുകളുടെയും നേർസാക്ഷ്യമാണ്‌ ആലപ്പി റൂട്‌സിന്റെ വിജയം. അതോടൊപ്പം ഗ്രാമീണ മേഖലകളിലെ സംരംഭകർക്ക്‌ കൂടുതൽ പ്രോത്സാഹനം നൽകുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനും കുടുംബശ്രീ ഉൾപ്പെടെ സർക്കാർ സംവിധാനങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തുകയാണ്‌ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Home