ഓർമകളിൽ വി എസ്; അംഗരക്ഷകനായി കൈ പിടിച്ച് നടന്നത് 20 വർഷം

വി എസിനൊപ്പം ഷിബു
എ ബി അൻസർ
Published on Jul 22, 2025, 08:26 PM | 1 min read
പത്തനാപുരം: തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽനിന്ന് വി എസ് അച്യുതാനന്ദന്റെ ചേതനയറ്റ ശരീരം എടുത്തുയർത്തുമ്പോൾ എന്നെന്നേക്കുമായി അച്ഛനെ നഷ്ടപ്പെട്ട മകന്റെ വിങ്ങൽ ആ പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണുകളിലും തെളിഞ്ഞു. രണ്ടു പതിറ്റാണ്ടായി വി എസിന്റെ ഗൺമാനായി, സന്തതസഹചാരിയായി കൂടെയുണ്ടായിരുന്ന പത്തനാപുരം മാവിള പുരയിടത്തിൽ എ ഷിബുവിന് ആ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കോൺസ്റ്റബിളായ ഷിബു 2006ൽ വി എസ് മുഖ്യമന്ത്രി ആയിരിക്കെയാണ് ഗൺമാനായി ചുമതലേയേൽക്കുന്നത്. ഇന്ന് സബ് ഇൻസ്പെക്ടർ ആയെങ്കിലും വി എസിന്റെ ഗൺമാൻ ഷിബു തന്നെ. 20 വർഷം ഒന്നിച്ചുള്ള യാത്രയിൽ കേരളത്തിന്റെ നിലപാടിന്റെ പ്രതീകത്തെ, അശരണരുടെ കാവലാളിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചു ഈ കാക്കിധാരി.
‘ഔദ്യോഗികമായി അംഗരക്ഷകന്റെ റോളിലായിരുന്നു എന്റെ സേവനം. എന്നാൽ, കേവലമൊരു ഔപചാരിക ഡ്യൂട്ടിയോ അതിന്റെ അടിസ്ഥാനത്തിലുള്ള ബന്ധമോ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ കൈ പിടിച്ച്, കാലുകൾ പതറാതെ നോക്കി എത്രയോ സ്ഥലങ്ങൾ സന്ദർശിച്ചു. കാടും മലയും പുൽമേടുകളും പുഴയോരങ്ങളും പാടവരമ്പുകളുമൊക്കെ താണ്ടി’– അനുഭവങ്ങൾ പറയുമ്പോൾ ഷിബുവിന്റെ വാക്ക് ഇടറുന്നു.
‘വീട്ടുവിശേഷങ്ങൾ അദ്ദേഹം കൂടെക്കൂടെ അന്വേഷിക്കും. ദൂരയാത്രകൾക്കിടയിൽ ഭക്ഷണം കഴിച്ചോ എന്ന് കാരണവരെപ്പോലെ തിരക്കും. ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ കർക്കശ നിഷ്ഠകൾ പുലർത്തിയിരുന്ന വി എസ് തനിക്കൊപ്പമുള്ളവരും ആ വക കാര്യങ്ങളിൽ ജാഗ്രത പാലിക്കണം എന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു. കാറിലിരിക്കുമ്പോഴൊക്കെ ഞങ്ങളോടെല്ലാം തമാശകൾ പറഞ്ഞു ചിരിക്കുന്ന വി എസിനെ പലപ്പോഴും കണ്ടിട്ടുണ്ട്. ഇത്രയും വലിയ നേതാവ് ഞങ്ങളെപ്പോലുള്ളവരോട് നർമസംഭാഷണം നടത്തുക പതിവായിരുന്നു. പല തിരക്കിനിടയിൽ അദ്ദേഹം തന്റെ വീട്ടിലും വന്നു’– ഷിബു ഓർക്കുന്നു.
ഇരുപത്തൊമ്പതു ദിവസം ആശുപത്രിയിലും വി എസ് മരണത്തോടു പോരാടുകയായിരുന്നു. ഓർമകൾ മാഞ്ഞുപോയ ആ നാളുകളിലും അദ്ദേഹത്തിന്റെ കൂടെ ഷിബു ഉണ്ടായി. ചലനമറ്റ ശരീരത്തോടൊപ്പം ഇപ്പോഴും കൂടെയുണ്ട്. ‘ലക്ഷക്കണക്കിനാളുകൾക്കെന്നപോലെ എനിക്കും അദ്ദേഹം നൽകിയ ഓർമകളുടെ ഊഷ്മളതയിൽ ഇനിയുള്ള കാലം മുന്നോട്ടുപോകാൻ കഴിയുമെന്നാണ് വിശ്വാസം’.









0 comments