തമിഴ്‌മണ്ണിലും പോരാട്ടവീറ്‌

cpim protest in tamilnadu
avatar
വി ജെ വർഗീസ്‌

Published on Jul 23, 2025, 01:02 AM | 1 min read

കൽപ്പറ്റ: 1970–-72 കാലം. കുടിയിറക്കിനെതിരെ തമിഴ്‌നാട്ടിലെ നീലഗിരിയിലും സിപിഐ എം നേതൃത്വത്തിൽ സമരമാരംഭിച്ചു. കർഷകരും തൊഴിലാളികളും താമസിക്കുന്ന കുടിലുകൾ പൊലീസ്‌ അഗ്നിക്കിരയാക്കി. കേറികിടക്കാൻ ഇടമില്ലാതെ പാവപ്പെട്ടവർ പെരുവഴിയിലായി. ചെറുത്തുനിൽപ്പ്‌ ദുർബലമായിത്തുടങ്ങിയതോടെ എ കെ ജിയും വി എസും നീലഗിരിയിലെ ഗൂഡല്ലൂരിലേക്ക്‌ എത്തി. കുറ്റിമൂച്ചിയിലായിരുന്നു കുടിയിറക്കിനെതിരെയുള്ള പോരാട്ടം. നേതാക്കൾ എത്തിയതോടെ സമരം ജ്വലിച്ചു.


മടിച്ചുനിന്നവർ വർധിത വീര്യത്തോടെ പോരാട്ട പാതയിലായി. കെ ചാത്തുണ്ണി മാസ്‌റ്ററും എം വി രാഘവനും സി പി മൂസാൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. തമിഴ്‌നാടിന്റെ മണ്ണിൽ സമരം ആളിപ്പടർന്നു. പ്രക്ഷോഭത്തിനുമുന്നിൽ നീലഗിരിയിലെ കുടിയിറക്ക്‌ നിർത്തി. പിന്നീട്‌ പതിനെട്ടായിരത്തോളം പേർക്ക്‌ ജില്ലയിൽ കരുണാനിധി സർക്കാർ പട്ടയം അനുവദിച്ചു.


തുടർന്നും വി എസിന്റെ സമരത്തിന്‌ തമിഴ്‌ മണ്ണ്‌ സാക്ഷിയായി. 2002ലായിരുന്നു അത്‌. പട്ടയത്തിനായി സിപിഐ എം നേതൃത്വത്തിൽ സമരം ആരംഭിച്ചു. എരുമാടുനിന്ന്‌ ഗൂഡല്ലൂരിലേക്ക്‌ പാർടി നേതൃത്വത്തിൽ പദയാത്ര നടത്തി. മൂന്ന്‌ ദിനം നീണ്ട പദയാത്ര ഗൂഡല്ലൂരിൽ എത്തുമ്പോൾ സമരോർജമായി വി എസ്‌ ഉണ്ടായിരുന്നു. പദയാത്രക്കൊപ്പം ചേർന്ന പോരാളി സമരത്തിന്റെ സമാപനം ഉദ്‌ഘാടനംചെയ്‌തു. നീലഗിരിയിലെ മലയാളികളുടെയും തമിഴ്‌ മക്കളുടെയും ചെറുത്തുനിൽപ്പിന്റെ സുപ്രധാന ചുവടുവയ്‌പ്പായിരുന്നു സമരം. സമാപന യോഗത്തിൽ സംസാരിച്ച വി എസ്‌ തൊഴിലാളികളുടെയും കർഷകരുടെയും ആവശ്യങ്ങൾ അവഗണിക്കരുതെന്ന്‌ തമിഴ്‌നാട്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ അന്നത്തെ മുഖ്യമന്ത്രി ജയലളിതക്ക്‌ കേരളത്തിന്റെ പ്രതിപക്ഷ നേതാവുകൂടിയായിരുന്ന വി എസ്‌ കത്തെഴുതി. കത്ത്‌ ജയലളിതക്ക്‌ അവഗണിക്കാവുന്നതായിരുന്നില്ല. നീലഗിരിയിലെ ഭൂപ്രശ്‌നങ്ങളിൽ കൈവശക്കാർക്കെതിരെയുള്ള നീക്കങ്ങളുടെ വേഗം കുറച്ചു. ഭൂമിയുടെ അവകാശത്തിനൊപ്പം ഉന്നയിച്ച മറ്റ്‌ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു.


വി എസിന്റെ വരവും സമരോർജവും അന്നത്തെ ചെറുത്തുനിൽപ്പിൽ പ്രധാനമായതായി അന്നത്തെ ജില്ലാ സെക്രട്ടറിയും കർഷകനേതാവുമായ എൻ വാസു പറഞ്ഞു. പട്ടയത്തിനായി ഇപ്പോഴും സിപിഐ എം സമരത്തിലാണ്‌. വി എസ്‌ പകർന്ന സമരോർജം പോരാട്ടത്തിൽ കരുത്താകുമെന്ന്‌ നീലഗിരി ജില്ലാ സെക്രട്ടറി വി എ ഭാസ്‌കരൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home